Kerala

നവീന്‍ ബാബുവിന്റെ മരണം; കളക്ടര്‍ക്കും ടിവി പ്രശാന്തിനും നോട്ടീസ്

Published by

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരിക്കെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട നവീന്‍ ബാബുവിന്റെ മരണത്തില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയില്‍ കണ്ണൂര്‍ കളക്ടര്‍ക്കും ടിവി പ്രശാന്തിനും നോട്ടീസ്. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്. കേസ് ഈ മാസം പത്തിന് വീണ്ടും പരിഗണിക്കും.

കേസില്‍ പ്രതിചേര്‍ക്കാത്ത ജില്ലാ കളക്ടറുടെയും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ ടി വി പ്രശാന്തിന്റെയും മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നത് അവരുടെ സ്വകാര്യതയെ ബാധിക്കില്ലെയെന്ന് കോടതി കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ ഇരുവര്‍ക്കും കോടതി നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ചത്.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ, യാത്രയയപ്പ് യോഗത്തിലെ മുഖ്യ സാക്ഷി ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍, പെട്രോള്‍ പമ്പ് തുടങ്ങാന്‍ അപേക്ഷ നല്‍കിയ ടി.വി.പ്രശാന്ത് എന്നിവരുടെ ഫോണ്‍ കോള്‍, ടവര്‍ ലോക്കേഷന്‍ വിവരങ്ങള്‍ സംരക്ഷിക്കാന്‍ കോടതി നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ജില്ലാ കളക്ടറേറ്റിലേയും നവീന്‍ ബാബു താമസിച്ച സ്ഥലത്തെയും റെയില്‍വേ സ്‌റ്റേഷനിലേയും, വഴികളിലേയും സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ആവശ്യമായ തെളിവുകള്‍ സംരക്ഷിച്ചിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ പറഞ്ഞത്.ഫോണ്‍ നമ്പറുകള്‍ വ്യക്തമല്ലാത്തതും അപൂര്‍ണവും എന്ന് ആരോപിച്ച് പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ട് കുടുംബം തള്ളിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by