Kerala

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ്; പ്രചാരണം വ്യാജം, പൊതുജനങ്ങള്‍ തട്ടിപ്പിന് ഇരയാകരുതെന്ന് വിദ്യാഭ്യാസ മന്ത്രി

Published by

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് വിതരണം ചെയ്യുമെന്നുളള പ്രചാരണം വ്യാജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സൈബര്‍ തട്ടിപ്പില്‍ കുടുങ്ങരുതെന്ന് വിദ്യാഭ്യാസ മന്ത്രി മുന്നറിയിപ്പ് നല്‍കി.

പൊതുജനങ്ങള്‍ തട്ടിപ്പിന് ഇരയാകരുത്. ഇതിനായി അതിവേഗം നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെ രജിസ്‌ട്രേഷന്‍ ലിങ്ക് സഹിതമാണ് സാധാരണ ജനങ്ങളിലേക്ക് ഇത് എത്തുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ അപേക്ഷകരുടെ പേരു വിവരങ്ങള്‍ അടക്കം ശേഖരിച്ച് സൈബര്‍ തട്ടിപ്പിന് ശ്രമം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വി. ശിവന്‍കുട്ടി സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സര്‍ക്കാരിന്റെയും ഔദ്യോഗിക ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് സന്ദേശം പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വാട്ട്‌സ്ആപ്പിന് പുറമെ ഫേസ്ബുക്കിലും സന്ദേശം പ്രചരിക്കുന്നുണ്ട്.വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്നും ജാഗ്രത വേണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക