Kerala

വാഹനാപകടത്തില്‍ മരിച്ച കൂട്ടുകാർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി സഹപാഠികൾ : ഉള്ളുനീറി വണ്ടാനം മെഡിക്കൽ കോളേജ്

Published by

ആലപ്പുഴ : കളര്‍കോട് വാഹനാപകടത്തില്‍ മരിച്ച എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിൽ പൊതുദര്‍ശനത്തിന് വെച്ചു. ഏറെ ഹൃദയഭേദകമായ രംഗങ്ങൾക്കാണ് ഇവിടം സാക്ഷ്യം വഹിച്ചത്.

മരണത്തിലും ഒരുമിച്ച് യാത്രയായ കൂട്ടുകാർക്ക് കഠിന വേദനയോടെയാണ് സഹപാഠികളും അധ്യാപകരും ജീവനക്കാരും വിട നൽകിയത്. വിദ്യാര്‍ത്ഥികളായ ഇബ്രാഹിം, ദേവാനന്ദ്, ആയുഷ് രാജ്, ശ്രീദീപ്, മുഹമ്മദ് ജബ്ബാര്‍ എന്നിവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് ശേഷം വീട്ടുകാർക്ക് കൈമാറും.

ഏറെ പ്രതീക്ഷയോടെ ഒരുമാസം മുന്‍പ് വണ്ടാനം മെഡിക്കല്‍ കോളേജിലെത്തിയവരാണ് ഇന്ന് ചേതനയറ്റ് കോളേജിലെത്തിയത്. അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ മാതാപിതാക്കളും, പ്രിയപ്പെട്ട സഹപാഠികളുടെ വിയോഗത്തില്‍ പൊട്ടിക്കരയുന്ന വിദ്യാര്‍ത്ഥികളുമാണ് മെഡിക്കല്‍ കോളേജില്‍ തടിച്ചുകൂടിയത്.

മന്ത്രി വീണ ജോര്‍ജ്, സജി ചെറിയാന്‍ തുടങ്ങി നിരവധി ജനപ്രതിനിധികളാണ് വിദ്യാര്‍ത്ഥികള്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയത്.

ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം. ഗുരുവായൂരില്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് എതിര്‍ദിശയില്‍ നിന്നു വന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ തത്ക്ഷണം മരിച്ചു. മറ്റുള്ളവര്‍ ചികിത്സയിലാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by