Entertainment

പിതാവ് ക്രിസ്ത്യൻ, അമ്മ സിഖ്, ഭാര്യ ഹിന്ദു, സഹോദരൻ ഇസ്ലാം വിശ്വാസി; മകനെ യുക്തിവാദം പഠിപ്പിക്കാൻ ആഗ്രഹിച്ച വിക്രാന്ത് മാസി

Published by

നടൻ വിക്രാന്ത് മാസിയാണ് ഇപ്പോൾ ചർച്ചകളിൽ സജീവം. 37-ാം വയസ്സിൽ അഭിനയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് സിനിമാലോകത്തെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ് നടൻ വിക്രാന്ത് മാസി. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്ത് എന്തുകൊണ്ടാവും വിക്രാന്ത് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് ആരാധകർ അത്ഭുതപ്പെടുന്നത്.

 

അതേസമയം, വിക്രാന്തിനും കുടുംബത്തിനും നേരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന വിദ്വേഷത്തിന്റെയും ട്രോളുകളുടെയും പശ്ചാത്തലത്തിലാണ് വിക്രാന്തിന്റെ ഈ തീരുമാനം എന്നും റിപ്പോർട്ടുകളുണ്ട്.

 

ഗുജറാത്തിൽ ഗോധ്ര ട്രെയിൻ കത്തിച്ച സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ‘സബർമതി റിപ്പോർട്ട്’ എന്ന ചിത്രം റിലീസിനെത്തിയതിനു പിന്നാലെ നടനെതിരെ ഏറെ ട്രോളുകളും ഭീഷണികളും ഉയർന്നിരുന്നു. തന്റെ 9 മാസം പ്രായമുള്ള മകനു നേരെ പോലും ഭീഷണി ഉയർന്നതായി വിക്രാന്ത് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

 

“അടുത്തിടെ ഞാൻ അച്ഛനായി എന്ന് ഈ ആളുകൾക്ക് അറിയാം. എന്റെ കുഞ്ഞ് നടക്കാൻ പോലും തുടങ്ങിയിട്ടില്ല. എന്നിട്ടും അവർ അവന്റെ പേര് വലിച്ചിഴയ്‌ക്കുന്നു, അവന്റെ സുരക്ഷയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. നമ്മൾ ഏത് സമൂഹത്തിലാണ് ജീവിക്കുന്നത്?” പിടിഐയ്‌ക്ക് നൽകിയ അഭിമുഖത്തിൽ വിക്രാന്ത് മാസി പറഞ്ഞതിങ്ങനെ.

 

മതം മനുഷ്യ നിർമ്മിതമാണ്,” എന്ന് നിരന്തരം സംസാരിക്കുന്ന ആളാണ് വിക്രാന്ത് മാസി. തന്റെ മതേതര നിലപാടിനെക്കുറിച്ച് അഭിമുഖങ്ങളിൽ വിക്രാന്ത് വാചാലനാവാറുണ്ട്. “ഒരു യഥാർത്ഥ മതേതര വ്യക്തി മതമോ ജാതിയോ പശ്ചാത്തലമോ പരിഗണിക്കാതെ മറ്റുള്ളവരോടൊപ്പം നിൽക്കുന്നു, ഒരുമിച്ച് ജീവിക്കുകയും പരസ്പരം സംസ്കാരത്തെ ബഹുമാനിക്കുകയും ചെയ്യുന്നു. എന്റെ മാതാപിതാക്കൾ മിശ്രവിവാഹം കഴിച്ചിരുന്നു, ഞാനും അങ്ങനെതന്നെ. എന്റെ സഹോദരൻ മറ്റൊരു മതത്തിലേക്ക് മതംമാറി. അതിനേക്കാൾ മതേതരമായി മറ്റെന്താണ്?” വിക്രാന്ത് ചോദിക്കുന്നു.

 

ആ ചോദ്യം ചോദിക്കാൻ ഏറെ അർഹനും വിക്രാന്ത് തന്നെ. കാരണം വളരെ വൈവിധ്യമാർന്ന കുടുംബാന്തരീക്ഷത്തിൽ വളർന്ന ഒരാളാണ് വിക്രാന്ത്. വിക്രാന്തിന്റെ അമ്മ സിഖുകാരിയാണ്. അച്ഛൻ ക്രിസ്ത്യൻ. സഹോദരനാവട്ടെ കൗമാരത്തിൽ തന്നെ ഇസ്ലാം മതം സ്വീകരിച്ചു. വിക്രാന്ത് വിവാഹം ചെയ്തിരിക്കുന്നത് ഹിന്ദുവായ ശീതൾ താക്കൂറിനെയാണ്.

 

“എന്റെ സഹോദരന്റെ പേര് മൊയിൻ, എന്നെ വിക്രാന്ത് എന്നാണ് വിളിക്കുന്നത്. എന്തുകൊണ്ടാണ് മൊയീൻ എന്ന പേര് വന്നത് എന്ന് നിങ്ങൾ അത്ഭുതപ്പെടുമോ? അവൻ ഇസ്ലാം മതം സ്വീകരിച്ചു, എന്റെ കുടുംബം അവനെ മതം മാറാൻ അനുവദിച്ചു. അവർ പറഞ്ഞു, ‘മകനേ, നിനക്കവിടെ സംതൃപ്തി ലഭിക്കുമെങ്കിൽ നീ മുന്നോട്ട് പോകൂ.’ 17-ാം വയസ്സിൽ അദ്ദേഹം മതം മാറി, അതൊരു വലിയ ചുവടുവയ്പാണ്. എന്റെ അമ്മ സിഖുകാരിയാണ്. എന്റെ അച്ഛൻ പള്ളിയിൽ പോകുന്ന ക്രിസ്ത്യാനിയാണ്, അദ്ദേഹം ആഴ്ചയിൽ രണ്ടുതവണ പള്ളിയിൽ പോകുന്നു. ചെറുപ്പം മുതലേ, മതവുമായും ആത്മീയതയുമായും ബന്ധപ്പെട്ട ധാരാളം വാദപ്രതിവാദങ്ങൾ ഞാൻ കണ്ടിട്ടുണ്ട്

 

സഹോദരന്റെ മതപരിവർത്തനത്തെ കുറിച്ച് സമൂഹം ചോദ്യം ചെയ്തപ്പോൾ അതിനെ തന്റെ പിതാവു നേരിട്ട രീതിയെ കുറിച്ചും ഒരിക്കൽ വിക്രാന്ത് സംസാരിച്ചിരുന്നു. “അവൻ എന്റെ മകനാണ്, അവൻ എന്റെ ചോദ്യങ്ങൾക്കു മാത്രം ഉത്തരമേകിയാൽ മതി, അവന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള എല്ലാ അവകാശവുമുണ്ട്. അത് അന്വേഷിക്കേണ്ടത് നിങ്ങളുടെ ജോലിയല്ല,” എന്നായിരുന്നു ചോദ്യങ്ങൾക്ക് വിക്രാന്തിന്റെ പിതാവ് ഉത്തരം നൽകിയത്.

 

“ഇതെല്ലാം കണ്ടിട്ട്, മതം എന്താണ് എന്ന് ചിന്തിച്ച് ഞാൻ എൻ്റേതായ കണ്ടെത്തലിൽ എത്തി, മതം അത് മനുഷ്യ നിർമ്മിതമാണ്,” എന്ന് വിക്രാന്ത് പറയുന്നു.

 

അടുത്തിടെയാണ് വിക്രാന്തിനും ശീതൾ താക്കൂറിനും കുഞ്ഞു ജനിച്ചത്. മകനെ “യുക്തിവാദം” പഠിപ്പിക്കാൻ തങ്ങൾക്ക് ആഗ്രഹമുണ്ടെന്നും വിക്രാന്ത് അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by