Kerala

ഒരു എംഎല്‍എയുടെ മകന് എന്ത് ആശ്രിത നിയമനം; കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രീംകോടതി

Published by

ന്യൂദല്‍ഹി: ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എയായിരുന്ന കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍.പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ശരി വച്ച് സുപ്രീംകോടതി. ഒരു മുന്‍ എംഎല്‍എയുടെ മകന് എന്ത് അടിസ്ഥാനത്തിലാണ് ആശ്രിത നിയമനം നല്‍കുന്നതെന്ന് ചോദിച്ച സുപ്രീംകോടതി സർക്കാർ സമർപ്പിച്ച ഹർജി തള്ളി.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. പ്രശാന്തിന്റെ ആശ്രിത നിയമനം മുമ്പ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേരള സബോർഡിനേറ്റ് സർവീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ചാണ് പ്രശാന്തിന് ജോലി നൽകിയത്. പ്രശാന്തിന് യോഗ്യതകളെല്ലാം ഉണ്ടെന്നും മറ്റാരുടെയും അവകാശം നിഷേധിച്ചിട്ടില്ലെന്നും മറ്റാർക്കും അവസരം നഷ്ടപ്പെട്ടില്ലെന്നും സർക്കാർ വാദിച്ചു.

കേരള സബോഡിനേറ്റ് സര്‍വീസ് ചട്ടം പ്രകാരം തസ്തിക സൃഷ്ടിച്ച് ഇത്തരത്തിലൊരു നിയമനം നടത്താന്‍ മന്ത്രിസഭയ്‌ക്ക് കഴിയുമോയെന്ന കാര്യവും സുപ്രീം കോടതി പരിശോധിച്ചു. ഒരു എം.എല്‍.എയുടെ മകന് ഇത്തരത്തിലൊരു നിയമനം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതി മുമ്പ് നിര്‍ദേശിച്ചത്.

പ്രശാന്തിന് 2018 ജനുവരിയിലാണ് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്‍റ് എൻജിനീയറുടെ തസ്തിക സൃഷ്ടിച്ച് നിയമനം നൽകിയത്. അതേസമയം, പ്രശാന്ത് സര്‍വീസില്‍ ഇരുന്ന കാലത്ത് വാങ്ങിയിരുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ച് പിടിക്കരുതെന്ന് ഹര്‍ജികാരന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by