Kerala

കലാമണ്ഡലത്തില്‍ സമരകാഹളം, പിടിപ്പുകേടിന്റെ അഭ്യാസക്കളരി

Published by

തൃശ്ശൂര്‍: കേരള കലാമണ്ഡലത്തില്‍ കൂട്ട പിരിച്ചുവിടലിനു ശേഷം സമരകാഹളം ഉയരുന്നു. ഭരണ നേതൃത്വത്തിന്റെ പിടിപ്പുകേടിന്റെ അഭ്യാസക്കളരിയായി കലാമണ്ഡലം മാറിയിട്ട് വര്‍ഷങ്ങളായി. നടപടിക്ക് ശേഷമുള്ള ആദ്യ അദ്ധ്യയന ദിനത്തില്‍ പ്രതിഷേധത്തിന് ഒരുങ്ങി അദ്ധ്യാപകരും ജീവനക്കാരും. 128 പേരെ പിരിച്ചുവിട്ടതോടെ കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടു പോകാനാവാത്ത സ്ഥിതിയെന്ന് അദ്ധ്യാപകര്‍ പറയുന്നു. അറുപതോളം താത്കാലിക അദ്ധ്യാപകര്‍ ഇല്ലാതാകുന്നതോടെ കളരികള്‍ മുടങ്ങും. കഥകളി ചൊല്ലിയാട്ട കളരിയിലുള്‍പ്പെടെ അദ്ധ്യാപകരില്ലാത്ത അവസ്ഥയാകും.

അദ്ധ്യാപകര്‍ക്ക് പുറമേ അറുപതിലേറെ താത്കാലിക ജീവനക്കാരെയും പിരിച്ചു വിട്ടിട്ടുണ്ട്. ഇവരിലേറെയും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാരിന്റെ കാലത്തും അനധികൃതമായി നിയമനം ലഭിച്ചവരാണ്. തോട്ടം നോക്കാനും പ്യൂണ്‍ ആയും മറ്റും അനവധി പുതിയ തസ്തികകള്‍ സൃഷ്ടിച്ചായിരുന്നു പല നിയമനങ്ങളും. അവരുടെ പിരിച്ചുവിടല്‍ ഒരു പക്ഷേ വലിയ പ്രതിസന്ധിയുണ്ടാക്കില്ല. എന്നാല്‍ വര്‍ഷങ്ങളായി അധ്യാപക നിയമനം നടന്നിട്ട്. ഈ അധ്യാപക തസ്തികകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിച്ചവരെ ഒഴിവാക്കിയാല്‍ പഠനം മുടങ്ങും. അത് കുട്ടികളുടെ ഭാവിയെയും ബാധിക്കും. ബാക്കിയുള്ളവരുടെ ജോലിഭാരം ഏറും. പലരും ദീര്‍ഘകാല അവധിയെടുത്ത് മാറിനില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. ശമ്പളം കൃത്യമായി ലഭിക്കാതായിട്ട് വര്‍ഷങ്ങളായി. കുത്തഴിഞ്ഞ അവസ്ഥയാണ് ഇപ്പോള്‍ കലാമണ്ഡലത്തില്‍.

ചെലവേറുമ്പോഴും സ്വന്തം നിലയ്‌ക്ക് വരുമാനം ഉണ്ടാക്കാന്‍ കലാമണ്ഡലത്തിന് കഴിയുന്നില്ല. മല്ലികാ സാരാഭായിയെ ചാന്‍സലറായി കൊണ്ടുവരുമ്പോള്‍ അവര്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. ഉത്തരേന്ത്യയിലും വിദേശത്തും ധാരാളം പരിപാടികള്‍ കലാമണ്ഡലത്തിന് ഏര്‍പ്പാടാക്കാം. അതുവഴി വലിയ വരുമാനം ഉണ്ടാകും എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഒരു പരിപാടി പോലും അവര്‍ വഴി വന്നില്ല. മാസം മൂന്നു ലക്ഷത്തിലേറെയാണ് മല്ലികയ്‌ക്ക് നല്‍കുന്നത്. അവര്‍ അക്കാദമിക് കാര്യങ്ങളിലോ മറ്റ് വികസനത്തിലോ ഒരു ശ്രദ്ധയും നല്കാറില്ല. വല്ലപ്പോഴും വന്നാല്‍ അടുത്തുള്ള പഞ്ചനക്ഷത്ര റിസോര്‍ട്ടില്‍ താമസം. ഇത്തരം പാഴ്‌ചെലവുകളാണ് കലാമണ്ഡലത്തെ തകര്‍ക്കുന്നതെന്നും അദ്ധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നു. പിരിച്ചുവിടപ്പെട്ടവരും സമരമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുന്നുണ്ട്. അവര്‍ കഴിഞ്ഞദിവസം യോഗം ചേര്‍ന്ന് സംഘടനയും രൂപീകരിച്ചു. സര്‍ക്കാരില്‍ നിന്ന് ഗ്രാന്റ് ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം വൈസ് ചാന്‍സലര്‍ 128 താത്കാലിക അധ്യാപകരേയും ജീവനക്കാരേയും പിരിച്ചുവിട്ടത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by