Kerala

നാളെ മുതല്‍ സംസ്ഥാനത്ത് ബംഗ്ലാദേശി മതന്യൂനപക്ഷ ഐക്യദാര്‍ഢ്യസമ്മേളനങ്ങള്‍

Published by

കൊച്ചി: മതഭീകര ഭരണകൂടത്തിനെതിരെ പോരാടുന്ന ബംഗ്ലാദേശി ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തുടനീളം 3, 4, 5 തീയതികളില്‍ പ്രകടനവും മഹാസമ്മേളനങ്ങളും നടത്തുമെന്ന് ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യസമിതി.

ഹിന്ദുആചാര്യനും ബംഗ്ലാദേശ് സമ്മിളിത് സനാതന്‍ ജാഗരണ്‍ ജോത് നേതാവുമായ പ്രഭു ചിന്മയ് കൃഷ്ണദാസിനെ ജയിലിലടച്ച കടുത്ത മനുഷ്യാവകാശലംഘന നടപടി പിന്‍വലിച്ച് അദ്ദേഹത്തെ നിരുപാധികം മോചിപ്പിക്കണമെന്ന് സമ്മേളനങ്ങളില്‍ ആവശ്യമുയരും.

ബംഗ്ലാദേശില്‍ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബൗദ്ധ സമൂഹത്തിനെതിരെ തുടരുന്ന ക്രൂരമായ അതിക്രമങ്ങള്‍ക്കെതിരെ ലോകവ്യാപകമായി ഉയരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് നാളെ മുതല്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍.

സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളില്‍ മൂന്നു ദിവസമായി സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ മഹാസമ്മേളനങ്ങളില്‍ ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കിരാത ആക്രമണങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധമുയരും.

തിരുവനന്തപുരത്ത് നാളെ വൈകിട്ട് 5.30ന് സെക്രേട്ടറിയറ്റ് നടയില്‍ നിന്ന് ആരംഭിക്കുന്ന ഐക്യദാര്‍ഢ്യ മഹാറാലി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സമാപിക്കും.

ഇടുക്കി ജില്ലയുടെ പ്രകടനം ഉച്ചയ്‌ക്ക് രണ്ടിന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച് ഗാന്ധി സ്‌ക്വയറില്‍ സമാപിക്കും.

പത്തനംതിട്ടയില്‍ സെന്റ് പീറ്റേഴ്‌സ് ജങ്ഷനില്‍ വൈകിട്ട് നാലിന് തുടങ്ങുന്ന റാലി നഗരത്തില്‍ സമ്മേളനത്തോടെ സമാപിക്കും.

കൊല്ലത്ത് ചിന്നക്കടയില്‍ വൈകിട്ട് നാലിനും കോട്ടയം തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡ് മൈതാനത്ത് വൈകിട്ട് അഞ്ചിനുമാണ് ഐക്യദാര്‍ഢ്യ സമ്മേളനം.

ആലപ്പുഴയില്‍ മുല്ലയ്‌ക്കല്‍ ജോണ്‍സ് ഗ്രൗണ്ടില്‍ നിന്ന് വൈകിട്ട് നാലിന് ആരംഭിക്കുന്ന റാലി മുനിസിപ്പല്‍ നഗരചത്വരത്തില്‍ സമ്മേളനത്തോടെ സമാപിക്കും. മലപ്പുറത്ത് രാവിലെ 10ന് കളക്ടറേറ്റ് പടിക്കല്‍ സമ്മേളനം ചേരും.

നാലിന് വൈകിട്ട് മൂന്നിന് കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്ര പരിസരത്തും വൈകിട്ട് അഞ്ചിന് പാലക്കാട് ഹെഡ്‌പോസ്റ്റോഫീസ് റോഡിലും കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലും സമ്മേളനം ചേരും. എറണാകുളത്ത് വൈകിട്ട് 4.30ന് ബോട്ട് ജട്ടിയില്‍ നിന്ന് ആരംഭിക്കുന്ന റാലി ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ സമ്മേളനത്തോടെ സമാപിക്കും.

അഞ്ചിന് വൈകിട്ട് അഞ്ചിന് കോഴിക്കോട് മുതലക്കുളം മൈതാനത്തും തൃശ്ശൂര്‍ തെക്കേ ഗോപുരനടയിലും വയനാട് കല്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തും സമ്മേളനം നടക്കുമെന്ന് ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യസമിതി അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by