ആലപ്പുഴ: സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായ സാഹചര്യത്തില്‍ ശ്രദ്ധാകേന്ദ്രമാകുന്നത് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി. സുധാകരന്‍. പാര്‍ട്ടിയില്‍ നിന്ന് നിരന്തരം അവഗണന നേരിടുന്ന സുധാകരന്റെ നിലപാടുകളെ കുറിച്ച് പലവിധ അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ജില്ലയില്‍ പാര്‍ട്ടി കൈപ്പിടിയിലാക്കിയ ഒരു വിഭാഗം സുധാകരനെ ബോധപൂര്‍വം അവഗണിച്ച് അവഹേളിക്കുന്നതില്‍ അണികളിലും അഭ്യുദയകാംക്ഷികളിലും പ്രതിഷേധം ശക്തമാണ്.
മുന്‍പ് ജി. സുധാകരന്‍ പരസ്യമായി വിമര്‍ശിച്ച പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ സിപിഎമ്മില്‍ പിടിമുറുക്കുന്നു എന്ന് അണികള്‍ പോലും പരസ്യമായി പറഞ്ഞു തുടങ്ങി. മതഭീകരവാദ പ്രസ്ഥാനമായ പിഎഫ്‌ഐക്കാര്‍ക്കാണ് ഇന്ന് പാര്‍ട്ടിയില്‍ സ്വീകാര്യതയേറെ. പാര്‍ട്ടിക്കൊപ്പം കാലങ്ങളായി അടിയുറച്ച് നിന്നിരുന്ന വിഭാഗങ്ങളും, നേതാക്കളും അപ്രസക്തമാകുകയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായ കനത്ത തിരിച്ചടിക്ക് പ്രധാന കാരണം ഇതായിരുന്നു. പാര്‍ട്ടിയെ പൊളിറ്റിക്കല്‍ ഇസ്ലാം വിഴുങ്ങുന്ന അവസ്ഥയാണുള്ളത്.
അടുത്തകാലത്തായി സുധാകരന്റെ പല പ്രസ്താവനകളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രായനിബന്ധന ചൂണ്ടിക്കാട്ടി സുധാകരനെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തിയെന്ന് മാത്രമല്ല, പലപ്പോഴും അദ്ദേഹത്തെ അവഹേളിക്കുന്ന പ്രസ്താവനകള്‍ ജില്ലയിലെ ഒരു വിഭാഗം നടത്തിയിട്ടും, തിരുത്താന്‍ പോലും സംസ്ഥാന നേതൃത്വം ഇടപെടാന്‍ തയാറാകുന്നില്ല. നിലവില്‍ ബ്രാഞ്ച് കമ്മിറ്റിയംഗം മാത്രമാണ് സുധാകരന്‍.
പാര്‍ട്ടി മാനദണ്ഡങ്ങളെത്തുടര്‍ന്ന് സ്ഥാനങ്ങള്‍ മാത്രമാണ് ഒഴിയേണ്ടിവന്നതെന്ന് പറയുന്നുണ്ടെങ്കിലും പാര്‍ട്ടി പരിപാടികളില്‍നിന്ന് സുധാകരനെ നിരന്തരം മാറ്റി നിര്‍ത്തുകയാണ്. സുധാകരന്റെ നാട്ടില്‍ നടന്ന ഏരിയാ സമ്മേളനത്തില്‍നിന്നുപോലും ഒഴിവാക്കി. പറവൂരിലെ വീടിന് തൊട്ടടുത്ത് നടന്ന അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചില്ല.
ജില്ലാ സെക്രട്ടറി നടത്തിയ ന്യായീകരണം വിചിത്രമായിരുന്നു. മാറ്റിനിര്‍ത്തിയതല്ലെന്നും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണ് വിളിക്കാതിരുന്നത് എന്നുമായിരുന്നു ജില്ലാ സെക്രട്ടറി ആര്‍. നാസറിന്റെ പ്രതികരണം. അടുത്ത ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളിലെ വരെ മറ്റു പരിപാടികളില്‍ പങ്കെടുത്ത സുധാകരനെ ഒഴിവാക്കാന്‍ ജില്ലാ സെക്രട്ടറി പറഞ്ഞ ന്യായീകരണവും വിവാദമായി.
സിപിഎമ്മില്‍ ജി. സുധാകരന്റെ അവസ്ഥ ദയനീയമാണെന്ന് കഴിഞ്ഞ ദിവസം സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി. ബാബു അഭിപ്രായപ്പെട്ടിരുന്നു.
അതിനിടെ സുധാകരനെ വീട്ടിലെത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സന്ദര്‍ശിച്ചതും ചര്‍ച്ചയായി. സൗഹൃദസന്ദര്‍ശനമാണെന്നാണ് വേണുഗോപാലിന്റെ പ്രതികരണം. സ്വാഭാവിക സന്ദര്‍ശനമെന്ന് ജി. സുധാകരനും പറയുന്നു. തനിക്ക് എന്തിനാണ് അസംതൃപ്തിയെന്ന് സുധാകരന്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. താന്‍ വളരെ പ്രധാനപ്പെട്ടൊരാളാണെന്ന് എതിരാളികള്‍ കരുതുന്നതുകൊണ്ടാണ് പാര്‍ട്ടിക്ക് പുറത്തുള്ളവരും പാര്‍ട്ടി വിട്ടുപോയവരും തന്നെക്കുറിച്ച് പരാമര്‍ശം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ രാഷ്‌ട്രീയ ജീവിതം അവഗണിക്കാന്‍ പറ്റില്ലെന്ന് അവര്‍ക്ക് ബോധ്യമുള്ളതുകൊണ്ടാണിതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എന്തെങ്കിലും പറഞ്ഞാല്‍ താന്‍ അതിന് മറുപടി പറയണോയെന്നായിരുന്നു സുധാകരന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക