Kerala

ലോകമത സമ്മേളനം: മാര്‍പാപ്പയ്‌ക്ക് സമ്മാനമായി ഋഗ്‌വേദവും ഭരണഘടനയും മണ്‍പാത്രങ്ങളും

വത്തിക്കാന്‍ സിറ്റി: ലോകമത സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികള്‍ക്ക് വത്തിക്കാനില്‍ ലഭിച്ചത് ഉജ്വല സ്വീകരണം. മലയാളിയായ കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാടിന്റെ താത്പര്യവും സ്വാധീനവും തെളിയിക്കുന്നതായിരുന്നു സെന്റ് പീറ്റേഴ് ബസിലിക്കയോട് ചേര്‍ന്നുള്ള ഹാളില്‍ നടന്ന ആശീര്‍വാദസഭ. സുരക്ഷാ പരിശോധനകള്‍ എല്ലാം ഒഴിവാക്കിയാണ് മുഴുവന്‍ പ്രതിനിധികളേയും പ്രവേശിപ്പിച്ചത്.

ബുധനാഴ്ചകളിലുള്ള പതിവ് ദര്‍ശനം നല്കലിനുപരി മാര്‍പാപ്പ ആളുകളെ അടുത്തെത്തി കാണുകയോ സമ്മാനം സ്വീകരിക്കുകയോ ഇല്ല. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സര്‍വമത സമ്മേളനത്തില്‍ ആശീര്‍വാദ പ്രസംഗം നടത്തിയ ശേഷം പ്രതിനിധികളായി എത്തിയ 156 പേരെയും ഒറ്റക്ക് ഒറ്റയ്‌ക്ക് ആശീര്‍വദിച്ചു. പ്രസംഗത്തിനു ശേഷം സദസിലേക്ക് ഇറങ്ങി വരുകയും മുന്‍ നിരയില്‍ കസേരയില്‍ ഇരുന്ന് കുട്ടികളുടെ പ്രാര്‍ത്ഥനാലാപനം കേള്‍ക്കുകയും ചെയ്തു. കുട്ടികള്‍ ഓരോരുത്തരോടും പേര് ചോദിച്ചു. സമ്മാനം നല്കി. എല്ലാവര്‍ക്കും ഒപ്പം ഗ്രൂപ്പ് ഫോട്ടോയ്‌ക്ക് പോസും ചെയ്തു. സാധാരണ ഗ്രൂപ്പ് പരിപാടിയില്‍ പങ്കെടുത്താല്‍ ഒരു ഉപഹാരം മാത്രമാണ് പാപ്പ സ്വീകരിക്കാറ്. അതും സുരക്ഷാ പരിശോധനയ്‌ക്ക് ശേഷം. ഇവിടെ ആ നിയന്ത്രണവും ഉപേക്ഷിച്ചു.

ആളുകള്‍ സമ്മാനിച്ച എല്ലാ ഉപഹാരങ്ങളും നേരിട്ട് സ്വീകരിക്കുകയും അഭിപ്രായം പറയുകയും ചെയ്തു. വ്യത്യസ്ഥങ്ങളും വേറിട്ടതുമായസമ്മാനങ്ങളാണ് സമര്‍പ്പിച്ചത്. അശോകസ്തംഭവും സര്‍വമത സമ്മേളന ലോഗോയുമാണ് ശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി സമ്മാനിച്ചത്. സജീവ് ജോസഫ് എംഎല്‍എ ഭാരതത്തിന്റെ ഭരണഘടന നല്കി.

ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍ ഋഗ്വേദം സമ്മാനിച്ചു. നിംസ് എംഡി ഫൈസല്‍ഖാന്‍ നെയ്യാറ്റികരയിലെ പാരമ്പര്യ തൊഴിലാളികള്‍ നിര്‍മിച്ച കളിമണ്‍പാത്രങ്ങള്‍ നല്കി. ഗോപു നന്ദിലത്ത്, മണപ്പുറം നന്ദകുമാര്‍ എന്നിവര്‍ സ്വര്‍ണം പൂശിയ ആനവിഗ്രഹങ്ങളും ചെന്നൈ പ്രിന്‍സ് ജൂവലറി ഉടമ വെള്ളിയില്‍ തീര്‍ത്ത മാര്‍പാപ്പയുടെ ചിത്രവും നല്കി. സമ്മേളനത്തിന്റെ കണ്‍വീനര്‍ വീരേശ്വരാനന്ദ സ്വാമി ശിവഗിരി സമാധിയുടെ തടിയില്‍ തീര്‍ത്ത രൂപം ഉപഹാരമായി നല്കി. മുണ്ടും നേര്യതും പുസ്തകങ്ങളും സമ്മാനിച്ചവരും ഉണ്ട്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക