ധാക്ക: ബംഗ്ലാദേശിൽ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ആക്രമണം. എ.ടി.എന്‍ ന്യൂസ് ചാനലിന്റെ വാര്‍ത്താവിഭാഗം മുന്‍ മേധാവി കൂടിയായ മുന്നി സാഹയെയാണ് ഒരുകൂട്ടം ആളുകള്‍ വളഞ്ഞിട്ട് ആക്രമിക്കുകയും തടങ്കലിൽ വയ്‌ക്കുകയും ചെയ്തത്. ശനിയാഴ്ച രാത്രി ധാക്കയിലെ കവ്‌റാന്‍ ബസാര്‍ മേഖലയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഓഫീസിൽ നിന്ന് ഇറങ്ങുന്നതിനിടെ തലസ്ഥാനത്തെ കർവാൻ ബസാർ ഏരിയയിൽ വച്ചാണ് ആക്രമണം ഉണ്ടായത്. മുന്നി ഇന്ത്യൻ ഏജൻ്റാണെന്നും തെറ്റായവിവരങ്ങള്‍ പ്രചരിപ്പിക്കുന്നെന്നും ബംഗ്ലാദേശിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്നെന്നും ആരോപിച്ചായിരുന്നു കയ്യേറ്റം. പോലീസെത്തി കസ്റ്റഡിയിലെടുത്ത മുന്നിയെ പിന്നീട് വിട്ടയച്ചു. മുന്നിയെ ആള്‍ക്കൂട്ടം പോലീസിന് കൈമാറുകയായിരുന്നെന്നും അവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായെന്നും ധാക്ക മെട്രോപോളിറ്റന്‍ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
ആരോഗ്യസ്ഥിതിയും വനിതയാണ് എന്നതും പരിഗണിച്ച് അവരെ വിട്ടയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷേക്ക് ഹസീനയ്‌ക്ക് അധികാരം നഷ്ടപ്പെടുന്നതിലേക്ക് നയിച്ച സംവരണവിരുദ്ധ പ്രക്ഷോഭത്തില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് തിരയുന്നയാളാണ് മുന്നിയെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
https://x.com/iindrojit/status/1862937590791627092
പ്രതികരിക്കാൻ ഇവിടെ എഴുതുക