ഏത് തിരക്കിനിടയിലും കയറിച്ചെല്ലാനൊരു വീട് ഏതൊരു മനുഷ്യന്റേയും സാന്ത്വനത്തിന്റെ അത്താണിയാണ്. ജനിച്ചുവളര്‍ന്ന വീടിനോളം ഗൃഹാതുരത്വം ഉണര്‍ത്തുന്ന മറ്റെന്തെങ്കിലും ഈ ഉലകിലുണ്ടോ? കുടുംബ ബന്ധങ്ങള്‍ സ്‌നേഹനൂലിനാല്‍ ഇഴപാകിയ , സുഖദുഃഖങ്ങളുടെ ചുടുനെടുവീര്‍പ്പുകള്‍ ഉതിര്‍ന്നു വീണ വീടിനും ഒരാത്മാവുണ്ടായിരുന്നു. അദൃശ്യമായ ആ ശക്തി ചേര്‍ത്തുവച്ച കണ്ണികള്‍ കാലാന്തരത്തില്‍ അറ്റുപോവുകയോ അന്യമാവുകയോ ചെയ്‌തെന്നാലും തറവാടുതന്നെ ഇല്ലെന്നായാലും ഓര്‍മ്മകള്‍ നിലനില്‍ക്കും. കിളികള്‍ ഒഴിഞ്ഞുപോയാലും കിളിക്കൂട് അവശേഷിക്കും പോലെ. അത്തരമൊരു ഓര്‍മ്മകളിലൂടെ ഒന്ന് സഞ്ചരിച്ചു വരാം. പ്രശസ്ത ആര്‍ക്കിറ്റക്ടും എഴുത്തുകാരനും കോഴിക്കോട്ട് മെസ്സേഴ്‌സ് കെ. ഗോപിനാഥ് ആന്‍ഡ് അസോസിയേറ്റ്‌സ് സ്ഥാപനത്തിന്റെ ഉടമയുമായിരുന്ന ഗോപിനാഥ് കോലിയത്ത്, തന്റെ തറവാടിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്‌ക്കുന്നു. ഇദ്ദേഹത്തിന്റെ ‘സ്മൃതിയാനം’എന്ന കൃതിക്ക് 2023-24 ലെ എസ്.കെ. പൊറ്റെക്കാട് പുരസ്‌കാരവും ലഭിച്ചിരുന്നു.
കിഴക്കന്‍ ചക്രവാളം കറുത്തിരുണ്ട കാര്‍മേഘ പടലങ്ങളാല്‍ ആവൃതമായിരുന്നു. സന്ധ്യയോടടുത്ത നേരം. ഇടവപ്പാതിക്കുമുന്‍പുള്ള വേനല്‍ മഴയുടെ കാലം. കിഴക്കു നിന്ന് മഴമേഘങ്ങള്‍ ഉയര്‍ന്നുവരുന്നത്, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാലാണ്. കാതങ്ങള്‍ക്കപ്പുറം ഏതോ ആകാശകോണില്‍ നിന്നുറവിട്ട പ്രകമ്പനം ജനല്‍ പാളികളെ വിറകൊള്ളിച്ചു. മേഘഗര്‍ജ്ജനമാണ്. മഹാമാരിയുടെ ആരംഭം.
പെട്ടെന്ന് ആകാശത്തിന്റെ ഇടതുവശത്തുനിന്ന് അങ്ങകലെ അതി വിദൂരതയില്‍ പരശ്ശതം ശുഭ്രവര്‍ണമാര്‍ന്ന ബിന്ദുക്കള്‍ പ്രത്യക്ഷപ്പെട്ടു. അവ അതിവേഗത്തില്‍ വലതുവശത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ശ്രദ്ധിച്ചപ്പോള്‍ അവ ഒട്ടനവധി വെള്ളകൊക്കുകളാണെന്ന് മനസിലായി. അസുലഭമായിരുന്നു ആ കാഴ്‌ച്ച.
മനസ് നിരവധി ദശാബ്ദങ്ങള്‍ക്ക് പിന്നിലേക്ക് പോകുന്നു. അന്നെനിക്ക് പത്തോ പന്ത്രണ്ടോ ആണ് പ്രായം. അന്തര്‍മുഖനും, ഏകാന്ത തല്‍പരനും, സ്വപ്‌നജീവിയുമായിരുന്നു അന്നുഞാന്‍. കോലിയത്ത് തറവാട് എന്റെ ബാല്യത്തില്‍ എനിക്കൊരു വിസ്മയമായിരുന്നു. ഉമ്മറത്തെ നീണ്ട വരാന്തയിലിരുന്നു ചുറ്റുപാടുകള്‍ വീക്ഷിക്കുന്നതായിരുന്നു ഒരു വിനോദം. പത്തോളം ഏക്കര്‍ വിസ്തീര്‍ണമുള്ള പുരയിടത്തിന്റെ നടുവിലെ കൂറ്റന്‍ നാലുകെട്ട് തറവാട്. മുന്‍വശത്ത് കിഴക്കുഭാഗത്ത് പത്തുനൂറടി അകലെയായി പശുത്തൊഴുത്ത്. തൊഴുത്തിനോട് ചേര്‍ന്ന് പുരയിടത്തിന്റെ കിഴക്കെ അതിര്‍ത്തിയിലേക്കുള്ള നടപ്പാത, ഏകദേശം 1500 ഓളം അടി നീളത്തില്‍. പുരയിടത്തില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന പത്തോ പന്ത്രണ്ടോ കൊച്ചു കുടിലുകള്‍. എല്ലാം തറവാട്ടിലെ കുടികിടപ്പുകാര്‍. വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് നോക്കെത്താ ദൂരത്തോളം പുരയിടം പരന്നു കിടക്കുന്നു. അവിടെയെങ്ങും വീടുകളില്ല. പടിഞ്ഞാറു ഭാഗത്താണ് ധാന്യങ്ങള്‍ പൊടിക്കുന്ന ഉരല്‍പ്പുര. ഉരല്‍പ്പുരയോട് ചേര്‍ന്ന് മുഴുവന്‍ പറമ്പിനേയും രണ്ടായി കീറിമുറിച്ചുകൊണ്ട് തെക്കുവടക്കായി ഒരു കിടങ്ങ്. ആ കിടങ്ങിനടുത്തേക്ക് കുട്ടികള്‍ പോകരുതെന്നാണ് മുതിര്‍ന്നവരുടെ നിര്‍ദേശം. അതിനപ്പുറത്തേക്ക് വീക്ഷിക്കുമ്പോള്‍ എന്തോ ആകാരണമായ ഭീതി പൊതിയും.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള, ഇപ്പോള്‍ നിലവിലില്ലാത്ത കോലിയത്ത് എന്നുപേരുള്ള നാലുകെട്ട് നായര്‍ തറവാട്ടിലായിരുന്നു എന്റെ ജനനം. കോഴിക്കോട് നടക്കാവില്‍ ബിലാത്തിക്കുളം ഭാഗത്ത്, മൂന്നു നിലകള്‍ ഉള്ളതും നടുമുറ്റത്തോടു കൂടിയതുമായ കൂറ്റന്‍ നാലുകെട്ട്. മുന്‍വശത്ത് നീളമേറിയ ഉമ്മറം എന്ന് വിളിക്കുന്ന വലിയ വരാന്ത. വീടിന്റെ ഒത്ത നടുവില്‍ നടുമുറ്റം. നടുമുറ്റത്തിനു ചുറ്റും കിഴക്കിനി, തെക്കിനി, വടക്കിനി, പടിഞ്ഞാറകം എന്നീ വിശാല മുറികളും. അവയ്‌ക്ക് പുറമെ നാലു കിടപ്പു മുറികളും പൂജാ മുറിയും. വീടിന്റെ പുറകു വശത്തു പടിഞ്ഞാറു ഭാഗത്തായി പ്രസവ മുറി. പ്രസവവും പ്രസവ ശുശ്രൂഷയും അവിടെത്തന്നെ. വയറ്റാട്ടിയാണ് അതെല്ലാം ചെയ്യുക. പെണ്ണൂട്ടി എന്നാണ് അവരെ വിളിച്ചിരുന്നത്. കൂട്ടുകുടുംബമായിരുന്നതു കൊണ്ട് പ്രസവമുറി ഒഴിഞ്ഞു കിടക്കുന്നത് വിരളമായിരുന്നു. ഒരാള്‍ മുറിയൊഴിയുമ്പോഴേക്കും അടുത്തയാള്‍ കാത്തിരിക്കുന്നുണ്ടാകും.
കൗതുകമുണര്‍ത്തുന്ന വിചിത്ര ആചാരവുമുണ്ടായിരുന്നു. അന്ന്. പ്രസവത്തില്‍ കുട്ടി ആണ്‍ കുട്ടിയാണെങ്കില്‍ തറവാട്ടിലെ കാര്യസ്ഥന്മാരില്‍ ഒരാള്‍ ഒരു വലിയ തേങ്ങോല മടല്‍ കൊണ്ട് വീടിന്റെ മുന്‍വശത്ത് കിണറിനോട് ചേര്‍ന്ന സിമന്റിട്ട കൊട്ടത്തളത്തില്‍ മൂന്നു തവണ ”ഹോയ്, ഹോയ്, ഹോയ് ”എന്ന് അത്യുച്ചത്തില്‍ പറഞ്ഞു കൊണ്ട് ആഞ്ഞടിക്കും. പുരുഷ മേധാവിത്വം പരസ്യമായി പ്രകടിപ്പിക്കുന്ന ഒരു വൈകൃത ആചാരം ! പ്രസവ മുറിയുടെ പുറത്ത് ഒരു മൂലയിലാണ് ”തീണ്ടാരി ‘(മാസമുറ ) ആയ സ്ത്രീകള്‍ ഇരിക്കുന്നത്. കുളി, ഭക്ഷണം, ഉറക്കം മുതലായ ആവശ്യങ്ങള്‍ക്കല്ലാതെ തീണ്ടാരിയായ സ്ത്രീ അവിടെ നിന്നും മാറരുത്, ആരെയും തൊടരുത് തുടങ്ങി അലിഖിതമായ ചില അരുതുകളും അന്നുണ്ടായിരുന്നു.
രണ്ടാം നിലയിലാണെങ്കില്‍ മൂന്നു കിടപ്പു മുറികളും, നീണ്ട ഇടനാഴിയും. ഇടനാഴിയുടെ ഒരറ്റത്ത് നിന്നാണ് മൂന്നാം നിലയിലേക്കുള്ള ഗോവണി. കുട്ടികള്‍ വളരെ വിരളമായി മാത്രം പ്രവേശിക്കുന്ന ഇടമാണ് മൂന്നാം നില. വീടിന്റെ തറ വിസ്തീര്‍ണം ഏകദേശം മുഴുവനും പരന്നുകിടക്കുന്ന ഒരു ഒഴിഞ്ഞ ഹാള്‍. ഒന്നാം നിലയിലെ വരാന്തയില്‍ നിന്നും പ്രവേശിക്കാവുന്ന, അന്ധകാരാവൃതമായ, അത്യന്തം നിഗൂഢതകള്‍ നിറഞ്ഞതെന്ന് ഞാന്‍ സംശയിച്ചിരുന്ന ഒരിടമാണ് തട്ടിന്‍പുറം. എന്നാല്‍ ഒരിക്കല്‍ പോലും അവിടേക്ക് ഞാന്‍ പ്രവേശിച്ചിരുന്നില്ല. എപ്പോഴും അടഞ്ഞു കിടന്നിരുന്ന തട്ടിന്‍പുറത്തിന്റെ വാതിലിന്റെ മുന്നില്‍ കൂടി നടക്കുന്നതുപോലും ചെറിയ തോതില്‍ ഉള്‍ക്കിടിലമുളവാക്കിയിരുന്നു. നാനാ വിധത്തിലുള്ള ജൈവ അജൈവ വസ്തുക്കളുടെ സങ്കേതം. കേടുവന്ന ഫര്‍ണിച്ചറുകളും പാത്രങ്ങളും മറ്റുമായിരുന്നു അജൈവ വസ്തുക്കള്‍. എന്നാല്‍ രാത്രിയുടെ നിശബ്ദ യാമങ്ങളില്‍ ചില നേരിയ അലര്‍ച്ചകളും അടക്കിപ്പിടിച്ച ചീറ്റലുകളും സീല്‍ക്കാരങ്ങളും മറ്റും കെട്ടിരുന്നത് ചില ജൈവ വസ്തുക്കളുടെ സാന്നിധ്യവും വിളിച്ചോതി. മറ്റു വല്ല അമാനുഷിക ശക്തികളും ആയിരുന്നോ എന്ന ചിന്തകളും സങ്കല്‍പവും കാല്പനിക ഭാവനക്കും പ്രചോദനമായിട്ടുമുണ്ട്. മണ്ണെണ്ണ വിളക്കിന്റെ കാലമായിരുന്നതു കൊണ്ട് തട്ടിന്‍പുറത്തെ രാപകലുകളെന്നും അന്ധകാരം നിറഞ്ഞതായിരുന്നു.
തറവാടിന്റെ പടിഞ്ഞാറു ഭാഗത്ത് ഏകദേശം നൂറടിയോളം അകലത്തിലായിരുന്നു തറവാട് സമുച്ചയത്തിന്റെ തന്നെ ഭാഗമായ മറ്റൊരു മൂന്നുനില കെട്ടിടം. പത്തായപ്പുര. തറവാട്ടിലെ കാരണവര്‍, വല്യമ്മാവന്‍ ( അമ്മയുടെ അമ്മാവന്‍ ) കുടുംബസമേതം താമസിച്ചിരുന്നത് അവിടെയായിരുന്നു. താഴത്തെ നിലയില്‍ നെല്ല് സൂക്ഷിച്ചിരുന്ന പത്തായവും മറ്റുമുള്ള അതി വിശാലമായൊരു വരാന്തയും പിന്നെ രണ്ടു കിടപ്പുമുറികളും. ഇവിടെയും മൂന്നാം നില ഒഴിഞ്ഞു കിടക്കുന്ന വലിയ ഹാളാണ്.
കുട്ടിക്കാലത്ത് നോക്കാന്‍ തന്നെ ഭയപ്പെട്ടിരുന്ന മറ്റൊരു സ്ഥലമാണ് തെക്കു വശത്തെ സര്‍പ്പക്കാവ്, ഏകദേശം നൂറ് നൂറ്റമ്പതടി അകലത്തില്‍. നിബിഡമായി കാട് പിടിച്ചുകിടക്കുന്ന ഒരിടം. വര്‍ഷത്തില്‍ അപൂര്‍വം ചില ദിവസങ്ങളില്‍ നാഗങ്ങളെ വീട്ടുമുറ്റത്ത് കാണാറുണ്ട്. അത്തരം ഒരു സന്ദര്‍ഭത്തില്‍ തറവാട്ടിലെ രണ്ട് സ്ഥിരം കാര്യസ്ഥന്മാരില്‍ തല മൂത്തയാള്‍, കൃഷ്ണന്‍ നായര്‍, പാമ്പിനോട് പറഞ്ഞു, ”നിനക്കിപ്പോള്‍ എന്താണ് വേണ്ടത്? തരേണ്ടതൊക്കെ അതത് സമയത്ത് തരുന്നില്ലേ?എന്നാല്‍ പിന്നെ വേഗം പോ’ അത്ഭുതമെന്നു പറയട്ടെ, സര്‍പ്പം ഫണം വിടര്‍ത്തി കൃഷ്ണന്‍ നായരുടെ മുഖത്ത് അല്‍പനേരം നോക്കി. പിന്നീട് പറഞ്ഞത് മനസ്സിലായതു പോലെ സര്‍പ്പക്കാവിലേക്കുതന്നെ തിരിച്ചുപോയി ! ഇനി ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞേ വീണ്ടും വരൂ. എന്റെ ഓര്‍മ്മയില്‍ ആരെയും ഉപദ്രവിച്ചതായി അറിവില്ല.
1957 ലോ 58 ലോ ആണെന്ന് തോന്നുന്നു, തറവാട് സ്വത്തുക്കള്‍ ഭാഗം വെച്ചു. അമ്മയും അമ്മയുടെ മൂന്നു സഹോദരിമാരും രണ്ട് സഹോദരന്മാരും അമ്മയുടെയും സഹോദരിമാരുടെയും സന്തതികളും വല്യമ്മാവനുമടക്കം ഇരുപത്തഞ്ചോളം അവകാശികളുണ്ടായിരുന്നു. മരുമക്കത്തായ സമ്പ്രദായമായിരുന്നതിനാല്‍ അമ്മാവന്മാരുടെ മക്കള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. തറവാട്ടിനു ചുറ്റുമുള്ള പത്തേക്കറും പുറമെയുള്ള ഏകദേശം അത്രതന്നെ സ്ഥലവും ഇരുപത്തഞ്ചായി ഭാഗിച്ചു. വീടും ചുറ്റുമുള്ള സ്ഥലവും ഭാഗിക്കാതെ പൊതുവായി നിലനിര്‍ത്തി. എന്നാല്‍, ഭാഗം കഴിഞ്ഞ് ഏതാനും വര്‍ഷത്തിനുള്ളില്‍ ഭൂരിപക്ഷം അവകാശികളും അവരവരുടെ സ്വത്തുക്കള്‍ വിറ്റു. തറവാട് മാത്രം ബാക്കിയായി.
കുടുംബാംഗങ്ങള്‍ വിറ്റ ഒട്ടുമിക്ക സ്ഥലങ്ങളും വാങ്ങിയത് മാതൃഭൂമി ദിനപ്പത്രത്തിന്റെ ഇപ്പോഴത്തെ മാനേജിങ് എഡിറ്ററും കേരള ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനിയുടെ (കെടിസി )ഉടമയുമായ പി.വി. ചന്ദ്രന്റെ ഭാര്യാ പിതാവും വ്യവസായ പ്രമുഖനുമായിരുന്ന പി.എം. കുട്ടിയായിരുന്നു. നിരവധി വര്‍ഷങ്ങള്‍ കുടുംബക്കാര്‍ ആരും താമസമില്ലാതിരുന്നതിനാല്‍ അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ വീടും അതിനോട് ചേര്‍ന്ന സ്ഥലവും പിടിച്ചെടുത്തു. അതിനു മുമ്പ് കുറേ കാലം കോഴിക്കോട്ടെ ആര്‍.എസ്.എസ് കാര്യാലയം തറവാട്ടില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ അവിടെ കാലിക്കറ്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ കൂറ്റന്‍ ഭവനസമുച്ചയം നിലകൊള്ളുന്നു. അടിയന്തരാവസ്ഥയായിരുന്നത് കൊണ്ട് സര്‍ക്കാര്‍ വച്ചുനീട്ടിയ തുച്ഛമായ പ്രതിഫലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അങ്ങനെ, എല്ലാ പഴയ കൂട്ടുകുടുംബ മരുമക്കത്തായ നായര്‍ തറവാടുകളും നേരിട്ട അനിവാര്യമായ പതനം കോലിയത്ത് തറവാടിനും ബാധകമായി. ഇന്നും ആ കോളനിയിലേക്കെങ്ങാനും പോകേണ്ടിവന്നാല്‍ ദശാബ്ദങ്ങള്‍ക്കപ്പുറത്തെ ഗൃഹാതുരത്വമുണര്‍ത്തുന്ന തപ്ത സ്മരണകള്‍ മനസ്സിലേക്ക് അലയടിച്ചു കയറും. മനസ്സ് അല്‍പനേരം ദുഃഖാര്‍ദ്രമാകും.
തറവാട് സര്‍ക്കാര്‍ പിടിച്ചെടുത്ത ശേഷം പൊളിക്കുന്നതിന് മുമ്പ് ഒരു ദിവസം വീട്ടിലെ പഴയ വസ്തുക്കള്‍ എന്തെങ്കിലും എടുക്കാന്‍ ബാക്കിയുണ്ടോ എന്ന് നോക്കാന്‍ ഞാനും ഭാര്യയും എന്റെ മൂത്ത സഹോദരിയും കൂടി പോയിരുന്നു. മുകളിലത്തെ ഒരു മുറിയുടെ മൂലയില്‍ ഒരലമാരി ഉണ്ടായിരുന്നു. മുക്കലമാരി എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്. ആ അലമാരി തുറന്നപ്പോള്‍ അതിന്റെ വാതിലിന്റെ ഉള്‍വശത്ത് ചുവന്ന ചോക്കുകൊണ്ട് എന്തോ എഴുതിയതായി കണ്ട് വായിച്ചുനോക്കി.
”പൂമുറ്റത്തൊരു മുല്ല വിരിഞ്ഞു
പൂമണമില്ലെന്നാരു പറഞ്ഞു
……….
ആറ്റുവഞ്ചി പൂത്തകാലം
അരളിയെല്ലാം പൂത്തകാലം
1956 ല്‍ പുറത്തിറങ്ങിയ ‘രാരിച്ചന്‍ എന്ന പൗരന്‍’ സിനിമയിലെ പാട്ടിന്റെ ചില വരികള്‍ ഞാന്‍ എഴുതി വച്ചിരുന്നു. അതുകണ്ട് എന്റെ സഹോദരി ഒന്നും മിണ്ടാതെ നില്‍ക്കുന്നു. കണ്ണുനീര്‍ ധാര ധാരയായി ഒഴുകുന്നു. അവര്‍ തേങ്ങലടക്കാന്‍ പണിപ്പെട്ടു. ആ തറവാടുമായി ബന്ധപ്പെട്ട ഓര്‍മകള്‍ ഞങ്ങള്‍ക്ക് അത്ര മാധുര്യമുള്ളതായിരുന്നു. നിഗൂഢതകളുടെ കലവറയായിരുന്ന തട്ടിന്‍പുറം അപ്പോഴും അടഞ്ഞുതന്നെ കിടന്നു.
”പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാവില്ല” എന്ന് പറഞ്ഞമാതിരി പത്തുവീട് ചമഞ്ഞാലും നമ്മുടെ ശൈശവ ബാല്യ കൗമാരങ്ങള്‍ ചിലവഴിച്ച തറവാട് വീടുപോലെയാവില്ല. നമ്മുടെ ബോധമണ്ഡലവും വികാര വിചാരങ്ങളും രൂപം കൊണ്ട് വളര്‍ച്ച പ്രാപിച്ചു വരുന്ന ആ കാലഘട്ടത്തിലെ അനുഭൂതികളും അനുഭവങ്ങളും ജീവിതാവസാനംവരെ മനസ്സില്‍ മായാതെ കിടക്കും. ആധുനിക സൗകര്യങ്ങള്‍ നിറഞ്ഞ ഇപ്പോഴത്തെ ഭവനങ്ങളുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ലെങ്കിലും, വൈദ്യുതവിളക്കില്ലാത്ത, പനയോല വിശറികൊണ്ട് ഉഷ്ണമകറ്റിയിരുന്ന ആ കാലത്തിന് പറഞ്ഞറിയിക്കാനാവാത്ത ഒരു ചാരുതയുണ്ടായിരുന്നു. സന്ധ്യാനേരത്ത് അമ്മ ”ദീപം… ദീപം ‘എന്നു പറഞ്ഞുകൊണ്ട് അഞ്ചുതിരിയിട്ട നിലവിളക്ക് ഉമ്മറത്ത് കൊണ്ട് വയ്‌ക്കുന്നതും, ഉമ്മറത്തെ മൂലയില്‍ തൂക്കിയിട്ട ഭസ്മക്കൊട്ടയില്‍ നിന്ന് ഭസ്മം നെറ്റിയില്‍ ധരിച്ച് എല്ലാവരും പൂജാമുറിയില്‍ പോയി നാമം ജപിക്കുന്നതും ഇന്നിനി വരാത്തവണ്ണം എങ്ങോ പോയ്മറഞ്ഞു. പ്രാചീനത പുനരാവിഷ്‌കരിക്കാന്‍ വേണ്ടി ഞാനടക്കമുള്ള ആധുനിക വാസ്തുശില്പികള്‍ നാലുകെട്ടുകളിലും എട്ടുകെട്ടുകളിലുമൊക്കെ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും എന്നോ നഷ്ടപ്പെട്ടുപോയ ആ പൗരാണികതയുടെ ആത്മാവിനെ പുനരവതരിപ്പിക്കാന്‍ ആര്‍ക്കു കഴിയും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: