Samskriti

ഗണപതിക്ക്‌ ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

Published by

“വലം കയ്യാല്‍ വാമശ്രവണവുമിട കൈവിരലിനാല്‍ വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയില്‍ നിലം കൈമുട്ടാലെ പലകുറി തൊടുന്നേ നടിയനി- ന്നലം കാരുണ്യാബ്ധേ! കളക മമ വിഘ്നം ഗണപതേ!”

ഈ മന്ത്രം ചൊല്ലികൊണ്ടാണ് ഗണപതി ഭഗവാനെ വന്ദിക്കേണ്ടത്, ഏത്തമിടേണ്ടത്. അതായത് വലംകൈ കൊണ്ട് ഇടത്തെ കാതും ഇടതുകൈകൊണ്ട് വലത്തെ കാതും തൊട്ടുകൊണ്ടും കാലുകള്‍ പിണച്ചു നിന്നുകൊണ്ടും കൈമുട്ടുകള്‍ പലവട്ടം നിലം തൊടുവിച്ച് ഗണപതിയെ വന്ദിക്കുന്നുവെന്ന് സാരം ഇടതു കാലിന്‍മേല്‍ ഊന്നിനിന്ന് വലത്ത് കാല്‍ ഇടത്തുകാലിന്റെ മുമ്പില്‍ക്കൂടി ഇടത്തോട്ട് കൊണ്ടുപോയി പെരുവിരല്‍ മാത്രം നിലത്തു തൊടുവിച്ച് നില്‍ക്കണം.

ഇടതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൂടി വലത്തെ ചെവിയും വലത്തേ കൈ ഇടത്തേതിന്റെ മുന്‍വശത്തുകൂടി ഇടത്തോട്ട് കൊണ്ടുപോയി വലതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൊണ്ട് ഇടത്തേ ചെവിയും പിടിക്കണം. എന്നിട്ടാണ് കുമ്പിടുകയും നിവരുകയും ചെയ്യേണ്ടത്. ഇങ്ങനെയാണ് ഏത്തമിടുന്നത്. ഭക്തനെ ആശ്രയിച്ചിരിക്കും ഇത് എത്ര പ്രാവശ്യം ചെയ്യണമെന്നത്.

സാധാരണയായി മൂന്ന്, അഞ്ച്, ഏഴ്, പന്ത്രണ്ട്, പതിനഞ്ച്, ഇരുപത്തൊന്ന്, മുപ്പത്തിയാറ് ഇങ്ങനെ പലവിധത്തില്‍ ചെയ്യാറുണ്ട്. ഇത്തരത്തില്‍ ചെയ്യുന്ന ഭക്തരില്‍ നിന്നും വിഘ്നങ്ങള്‍ മാഞ്ഞുപോകുമെന്നാണ് വിശ്വാസം. എന്നാല്‍ ശാസ്ത്രീയമായി ഇതിനെ ബുദ്ധിയുണര്‍ത്തുന്ന ഒരു വ്യായാമമുറയായിട്ടാണ് പരിഗണിച്ചു വരുന്നത്. രക്തചംക്രമണത്തിനുവേണ്ടുന്ന ഈ വ്യായാമ മുറയിലൂടെ തലച്ചോറിലേക്ക് രക്തത്തിന്റെ ഒഴുക്ക് കൂടുമെന്നും പറയപ്പെടുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Lord Ganesha