Samskriti

നെയ്യഭിഷേകം അയ്യന്റെ ഇഷ്ട വഴിപാട്

Published by

യ്യപ്പന് ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് നെയ്യഭിഷേകം. നെയ്യഭിഷേക പ്രിയനേ എന്ന ശരണം വിളിയില്‍ത്തന്നെ തെളിയുന്നുണ്ട് ഇക്കാര്യം. ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന നെയ്തേങ്ങയിലെ നെയ്യാണ് അഭിഷേകത്തിനായി ഉപയോഗിക്കുന്നത്. ദര്‍ശനം നടത്തിയ ശേഷം, ഗുരു സ്വാമിയുടെ നേതൃത്വത്തില്‍ അയ്യപ്പ തീര്‍ത്ഥാടക സംഘങ്ങള്‍ ഭസ്മക്കുളത്തില്‍ കുളിച്ച ശേഷമാണ് നെയ്യഭിഷേകത്തിന് തയ്യാറെടുക്കുന്നത്.

ഗുരുസ്വാമി നെയ്യ് നിറച്ച നാളികേരം പൊട്ടിച്ച് ഒരു പാത്രത്തില്‍ നെയ്യ് ശേഖരിച്ച് ശ്രീകോവിലില്‍ സമര്‍പ്പിക്കും. നെയ്യഭിഷേകം നടത്തിയ ശേഷം നെയ്യുടെ ഒരു ഭാഗം ഭക്തന് തിരികെ നല്‍കും. ശ്രീകോവിലില്‍ നിന്ന് ലഭിക്കുന്ന നെയ്യ് പ്രസാദമായി അയ്യപ്പന്മാര്‍ സ്വീകരിക്കുന്നു.

അയ്യപ്പന് നെയ്യ് അഭിഷേകം ചെയ്യുന്നതിലൂടെ ആത്മാവ് പരമാത്മാവില്‍ ലയിക്കുന്നു. ജീവാത്മാവ് നെയ്യും പരമാത്മാവ് അയ്യപ്പനുമാണ്. ജീവാത്മാവായ നെയ്യ് നീക്കം ചെയ്തുകഴിഞ്ഞാല്‍ തേങ്ങ ജഡത്തെ പ്രതീകമാക്കുന്നു. ഉടച്ച നെയ്‌ത്തേങ്ങ പതിനെട്ടാം പടിയുടെ മുന്നിലെ ആഴിയില്‍ സമര്‍പ്പിക്കുന്നതോടെ നെയ്യഭിഷേകം പൂര്‍ണ്ണമാകുന്നു.

ദിനംപ്രതി ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് നെയ്യഭിഷേകം നടത്തുന്നത്. പുലര്‍ച്ചെ 3.30 മുതല്‍ 7 വരെയും 8 മുതല്‍ 11 വരെയുമാണ് സന്നിധാനത്തു നെയ്യഭിഷേകം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക