കോട്ടയം: അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരുവിവരം പുറത്തു വിടില്ലെന്ന ധനമന്ത്രിയുടെ വിചിത്രമായ നിലപാടിനു പിന്നില്‍ അത് തിരിഞ്ഞു കുത്തുമോ എന്ന ഭയം. സര്‍ക്കാര്‍ പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റാന്‍ ചങ്കൂറ്റം കാണിച്ച സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിപക്ഷവും ഭരണാനുകൂല സംഘടനകളില്‍ പെട്ടവര്‍ ആണെന്നാണ് സൂചന. ഇതാണ് പട്ടിക പുറത്തുവിടുന്നതില്‍ നിന്ന് മന്ത്രിയെ തടയുന്നത്.
രാഷ്‌ട്രീയ ഒത്താശ ഇല്ലെങ്കില്‍ ഇത്തരമൊരു അതിക്രമം കാണിക്കാന്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനും ധൈര്യപ്പെടില്ല. പ്രതിപക്ഷ കക്ഷികളില്‍ പെട്ടവരാണെങ്കില്‍ ഇതിനകം പിടിക്കപ്പെട്ടേനെ. അതേസമയം പേര് പുറത്തുവിടില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സര്‍വീസ് സംഘടനകളും രംഗത്ത് വന്നു.പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട പണം തട്ടിയെടുത്ത ഉദ്യോഗസ്ഥരെ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടേണ്ടതുണ്ടെന്നാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്ന ആവശ്യം. ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ ആരായാലും കര്‍ശന നടപടി വേണമെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡണ്ട് എസ് കെ ജയകുമാര്‍ ആവശ്യപ്പെട്ടു.പട്ടിക പുറത്തുവിടില്ലെന്ന് സര്‍ക്കാര്‍ നിലപാട് മുഴുവന്‍ ജീവനക്കാരെയും സംശയത്തിന്റെ നിലയില്‍ നിര്‍ത്തുന്നതാണ്. പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും പെന്‍ഷന്‍ വാങ്ങാന്‍ തയ്യാറായവര്‍ സിവില്‍ സര്‍വീസിന് തന്നെ അപമാനമാണെന്നും കേരള എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി അജിത് കുമാറും പറഞ്ഞു.ജീവനക്കാര്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പ്രതിഷേധ സമരങ്ങളെ ഈ പ്രചാരണം കൊണ്ട് തടയിടാം എന്നത് വ്യാമോഹം മാത്രമാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ സി സുബ്രഹ്‌മണ്യം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക