Kerala

കേന്ദ്രമന്ത്രിമാരായ സുരേഷ്‌ഗോപിയുടെയും ജോര്‍ജ് കുര്യന്റെയും ഇടപെടല്‍; കേരളത്തിന് നാല് പുതിയ അന്തര്‍സംസ്ഥാന സ്പീഡ് പോസ്റ്റ് ഹബ്ബുകള്‍

Published by

പാലക്കാട്: ആര്‍എംഎസ് ഓഫീസുകളുടെ പുനഃക്രമീകരണത്തിന്റെ ഭാഗമായി അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട ഓഫീസുകളില്‍ നാല് അന്തര്‍സംസ്ഥാന സ്പീഡ് പോസ്റ്റ് ഹബ്ബുകള്‍ സ്ഥാപിക്കാന്‍ തീരുമാനം. ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രമന്ത്രിമാരായ സുരേഷ്ഗോപിയുടെയും ജോര്‍ജ് കുര്യന്റെയും ഇടപെടലിലാണ് ഫലം കണ്ടത്. തിരൂര്‍, കാസര്‍കോട്, ആലപ്പുഴ, തൊടുപുഴ എന്നിവിടങ്ങളിലാണ് നാല് പുതിയ ഐസിഎച്ചുകള്‍ ആരംഭിക്കുന്നത്.

ഒക്ടോബര്‍ 17ന് ഇറങ്ങിയ കേന്ദ്ര തപാല്‍ വകുപ്പ് ഡയറക്ടറേറ്റിന്റെ ഉത്തരവില്‍ രജിസ്ട്രേഡ്, സ്പീഡ് പോസ്റ്റ് ഉരുപ്പടികള്‍ ലയിപ്പിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. ഇത് വരുന്നതോടെ 12 ആര്‍എംഎസ് ഓഫീസുകള്‍ പൂട്ടിപ്പോകുന്ന സ്ഥിതിയാകുമായിരുന്നു.

ബിഎംഎസ് നേതൃത്വത്തിലുള്ള ബിപിഇഎഫ് ഈ സാഹചര്യം കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. സംസ്ഥാന നേതാക്കള്‍ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരെ കണ്ട് ഗൗരവാവസ്ഥ ബോധ്യപ്പെടുത്തി. തുടര്‍ന്നാണ് ജില്ലയ്‌ക്ക് ഒന്ന് എന്ന നിലയില്‍ എല്ലാ ജില്ലകളിലും ഓഫീസ് അനുവദിച്ചത്.

ബാഗുകളുടെ എണ്ണം കുറയ്‌ക്കുക, രജിസ്ട്രേഡ് ഉരുപ്പടികള്‍ സ്പീഡ് ഉരുപ്പടിയുടെ വേഗതയില്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുക, ചെലവുകുറച്ച് മെച്ചപ്പെട്ട സേവനം, മേഖലയിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കുക എന്നിവയെല്ലാം ഇതിന്റെ ഗുണങ്ങളാണെന്നാണ് തപാല്‍ വകുപ്പിന്റെ വിശദീകരണം. രണ്ടാം ലെവല്‍ ഓഫീസുകളില്‍ കൈകാര്യം ചെയ്യുന്ന കത്തുകളുടെ എണ്ണം കണക്കിലെടുത്ത് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ഓഫീസുകള്‍ ഐസിഎച്ച് ആയി ഉയര്‍ത്തുന്നതിന് ബിപിഇഎഫ് കേന്ദ്രമന്ത്രിമാര്‍ക്കും ദേശീയ ഘടകത്തിനും നിവേദനം നല്‍കിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക