Article

മാധ്യമങ്ങളുടെ ബിജെപി വിരുദ്ധത

Published by

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ, ഉള്ളിലുറഞ്ഞ ബിജെപി വിരുദ്ധതയുടെ വിഷംചീറ്റി മലയാള മാധ്യമ സിന്‍ഡിക്കേറ്റ് ഉറഞ്ഞുതുള്ളുകയാണ്. തങ്ങള്‍ക്കനുകൂലമല്ലെന്നു കണ്ടാല്‍ ഭരണഘടനാ സ്ഥാപനങ്ങളെയും തെരഞ്ഞെടുപ്പു കമ്മീഷനെയും മാത്രമല്ല, കോടതികളെപ്പോലും സംശയത്തിന്റെ മൂടുപടം ചാര്‍ത്തി പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതിലേക്ക് മലയാള മാധ്യമങ്ങളെ നയിക്കുന്നതാവട്ടെ ഇടതു-ജിഹാദി ചായ്‌വും. വ്യാജ വാര്‍ത്തകളും ദുരാരോപണങ്ങളും  ഉന്നയിക്കുന്നതില്‍ യാതൊരു സങ്കോചവും ഇവര്‍ക്കില്ല. ഇടതു-വലതു മതതീവ്രവാദികള്‍ വ്യാജകഥ ചമയ്‌ക്കും, മാധ്യമങ്ങള്‍ പ്രചാരണം ഏറ്റെടുക്കും, സിപിഎം പോലീസ് അന്വേഷണം നടത്തും ഇതാണ് പതിവ് രീതി. എല്ലാം പൊള്ളത്തരമെന്നു തെളിഞ്ഞാലും തെറ്റുപറ്റിയെന്ന് പറയാനുള്ള ആര്‍ജവം മലയാള മാധ്യമങ്ങള്‍ക്ക് എന്നേ നഷ്ടമായി. കോടതി വിധി എതിരായാല്‍ ‘സംഘി’വത്കരണമെന്നാക്ഷേപിക്കുക, വോട്ടുകുറഞ്ഞാല്‍ തെരഞ്ഞെടുപ്പിനെ കുറ്റംപറയുക, തോറ്റാല്‍ ഇവിഎം മെഷീനില്‍ കൃത്രിമത്വം ആരോപിക്കുക എന്നതെല്ലാം പുതിയ അടവുനയങ്ങളായിട്ടുണ്ട്.

ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളെക്കാള്‍ 5 ലക്ഷം വോട്ടുകള്‍ കൂടുതല്‍ എണ്ണിയെന്ന ‘ദ വയര്‍’ വാര്‍ത്തയുടെ ചുവടുപിടിച്ച് ബിജെപിക്കെതിരെ മലയാള മാധ്യമങ്ങളുടെ ബ്രേക്കിങ് ന്യൂസ് ആഘോഷം. പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചതോടെ ബിജെപിക്കെതിരെ വ്യാജ വാര്‍ത്ത ചമയ്‌ക്കാന്‍ പ്രത്യേക സംഘം തന്നെ രൂപീകരിക്കപ്പെട്ട പ്രതീതിയായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് വയനാടിന് ധനസഹായം നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസിനെ അറിയിച്ചുവെന്ന വ്യാജ പ്രചാരണം. എന്നാല്‍, വയനാട് ദുരന്തനിവാരണത്തിനുള്ള കേന്ദ്ര പാക്കേജ് സമയബന്ധിതമായി അംഗീകരിച്ച് നടപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, കെ.വി.തോമസിനെ രണ്ടുദിവസം മുമ്പ് അറിയിച്ചകാര്യം ചര്‍ച്ച ചെയ്യാന്‍ ഇക്കൂട്ടര്‍ തയ്യാറായതുമില്ല.

ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാനും പാര്‍ട്ടിക്കുള്ളില്‍ ചേരിപ്പോരെന്ന് വരുത്തിതീര്‍ക്കാനും കരുതിക്കൂട്ടി ശ്രമം തുടങ്ങി. മലയാളം ടിവി ചാനലുകള്‍ ഉള്‍പ്പെടെ വ്യാജ വാര്‍ത്ത നല്‍കുകയും അന്തിചര്‍ച്ചകള്‍ക്ക് ആവേശം കാട്ടുകയും ചെയ്തു. തമ്മിലടിപ്പിക്കാന്‍ പറ്റുന്ന പ്രസ്താവനകള്‍ കിട്ടുമോ എന്നറിയാന്‍ ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകര്‍ നെട്ടോട്ടമോടി. മഹാരാഷ്‌ട്രയിലെ വോട്ടെണ്ണലിനെക്കുറിച്ചുള്ള ആരോപണത്തില്‍ വസ്തുതാപരമായ പിശക് സംഭവിച്ചതായി വ്യക്തമാക്കി ‘ദ വയര്‍’ ക്ഷമാപണം നടത്തിയിട്ടും മലയാള മാധ്യമങ്ങള്‍ തിരുത്തിയില്ല. വസ്തുത വ്യക്തമാക്കി മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയെങ്കിലും ഇക്കൂട്ടര്‍ക്കനക്കമില്ല. വിശ്വാസ്യതയില്ലാത്ത വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് ആഘോഷമാക്കുന്നതിന്റെ മറ്റൊരുദാഹരണമായിരുന്നു കൊടകര പണം കവര്‍ച്ച കേസ്. ഏതെങ്കിലും വിധത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായി ബന്ധപ്പെടുത്താന്‍ കഴിയുമോ എന്ന് ഭരണകൂടം ഉറക്കമിളച്ചിട്ടും ഇടതുപോലീസ് തള്ളിക്കളഞ്ഞ കേസ് പൊടിതട്ടിയെടുക്കാനുള്ള തരംതാണ നീക്കവും മാധ്യമ പിന്തുണയോടെ ഉപതെരഞ്ഞെടുപ്പിന് മുമ്പ് അരങ്ങേറി. വാര്‍ത്ത നല്‍കും മുന്‍പ്  അതിന്റെ സത്യാവസ്ഥ അന്വേഷിക്കുന്ന ധര്‍മ്മം മലയാള മാധ്യമങ്ങള്‍ അപ്പാടെ മറന്നതായി ആക്ഷേപമുയരുന്നത് ഈ സാഹചര്യത്തിലാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക