Samskriti

ഐശ്വര്യത്തിനും രോഗശാന്തിക്കും നാഗാരാധന

Published by

നാഗാരാധന ഇന്ത്യയില്‍ പണ്ടുമുതല്‍ക്കേ നിലവിലുള്ളതാണ്. നാഗാരാധന ഒരു തരത്തില്‍ പ്രകൃത്യാരാധന കൂടിയാണ്. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി ഭാരതീയര്‍ നാഗപൂജ നടത്തുന്നു. സന്താനമില്ലായ്മയ്‌ക്കും കുടുംബ ഛിദ്രത്തിനും ത്വക്ക് രോഗങ്ങള്‍ക്കും പരിഹാരമായും നാഗപൂജകളും വഴിപാടുകളും നടത്താറുണ്ട്. ഇത് കൂടാതെ മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും ഉപദേവതയായി നാഗങ്ങളെ ആരാധിക്കുന്നുമുണ്ട്. നാഗരാജാവ്, നാഗയക്ഷി, നാഗ ദൈവങ്ങള്‍, സര്‍പ്പ ദൈവങ്ങള്‍ എന്നിങ്ങനെ പല തരത്തിലാണ് ആരാധന.

പ്രകൃതിയില്‍ നിന്ന് മനുഷ്യനുണ്ടാകുന്ന പല ദോഷങ്ങള്‍ ഇല്ലാതാക്കാന്‍ നാഗങ്ങള്‍ക്ക് കഴിയും എന്നൊരു വിശ്വാസമുള്ളതുകൊണ്ട് കേരളത്തിലെ പൂര്‍വികര്‍ നാഗ ദൈവങ്ങളെ കാവുകളില്‍ കുടിയിരുത്തി ആരാധിച്ചിരുന്നു. നാഗം ദേവതയായുള്ള ആയില്യം നക്ഷത്രമാണ് നാഗപൂജയ്‌ക്ക് ഉത്തമമായി കരുതുന്നത്. ഇതില്‍ തന്നെ കന്നി, തുലാം മാസങ്ങളിലെ ആയില്യം വിശേഷമായി കരുതുന്നു. മണ്ണാറശ്ശാല, പാമ്പുമ്മേകാട്, വെട്ടിക്കോട് എന്നിവിടങ്ങളില്‍ ഈ ആയില്യങ്ങള്‍ വളരെ വിശേഷമാണ്.

കേരളത്തിലെ പ്രധാനപ്പെട്ട നാഗക്ഷേത്രങ്ങളില്‍ ഒന്നാണ് ആലപ്പുഴയിലെ ഹരിപ്പാടിന് അടുത്തുള്ള മണ്ണാറശ്ശാല നാഗരാജാ ക്ഷേത്രം. തൃശൂരിലെ മാളയ്‌ക്ക് അടുത്തുള്ള പാമ്പുമ്മേക്കാട്, കൊല്ലത്തെ തൃപ്പാര ക്ഷേത്രം, തിരുവനന്തപുരത്തെ അനന്തന്‍‌കാട് ക്ഷേത്രം, മഞ്ചേശ്വരത്തെ മദനേശ്വര ക്ഷേത്രം, കണ്ണൂരിലെ പെരളശ്ശേരി ക്ഷേത്രം, എറണാകുളത്തെ ആമേടമംഗലം, മാന്നാറിലെ പനയന്നാര്‍കാവ് തുടങ്ങി ഒട്ടേറെ നാഗക്ഷേത്രങ്ങളുണ്ട് കേരളത്തില്‍.

കേരളം നാഗഭൂമിയാണെന്നാണ് വിശ്വാസം. സഹ്യപര്‍വ്വതത്തെ നാഗലോകത്തിന്റെ ഒരു അതിര്‍ത്തിയായി നാഗാനന്ദം തുടങ്ങിയ കൃതികളില്‍ പരാമര്‍ശിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഗരാജ ക്ഷേത്രം മണ്ണാറശ്ശാലയാണ്. ഖാണ്ഡവ ദഹനം നടന്ന് മണ്ണ് ആറിയ ശാലയാണ് മണ്ണാറശ്ശാലയായി മാറിയതെന്നാണ് ഒരു വിശ്വാസം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Naga worship