Samskriti

വാസ്തു വിസ്മയമായ മംഗേഷി ക്ഷേത്രം

Published by

ഗോവയിലെ പുരാതനമായ ഒരു ഹിന്ദു ക്ഷേത്രമാണ് മംഗേഷി. മംഗേശി ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പനാജിയിലും മഡ്ഗാവിലും നിന്ന് ഇവിടേക്ക് ഏകദേശം 20-22 കിലോമീറ്റര്‍ ദൂരമുണ്ട്. ഗോവയിലെ ഈ പ്രശസ്ത ക്ഷേത്രത്തിലെ മുഖ്യമൂര്‍ത്തി ശിവഭഗവാനായ മംഗേശാവര്‍ ആണ്. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് അധിനിവേശ സമയത്ത് ഹിന്ദു ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ട സാഹചര്യത്തില്‍, ഈ ക്ഷേത്രം 1560-ല്‍ ഭരദേശ്വര്‍ പ്രദേശത്തു നിന്ന് ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.

ഗോവന്‍-മഹാരാഷ്‌ട്രീയന്‍ ശൈലിയില്‍ നിര്‍മിച്ചിരിക്കുന്ന ഈ ക്ഷേത്രം മനോഹരമായ ഗോപുരം, ദീപസ്തംഭം. വിവിധ തരം ചിത്രപ്പണികള്‍ എന്നിവയാല്‍ പ്രശസ്തമാണ്.

ഫെബ്രുവരിയില്‍ ശുക്ല അഷ്ടമി ദിവസം ആഘോഷിക്കുന്ന ജാത്ര മഹോത്സവം ഇവിടെ ഏറെ സവിശേഷമാണ്. ജാത്ര ആരാധനയിലും മറ്റ് ചടങ്ങുകളിലും ഭക്തിപുരസരം ഒട്ടേറെ വിശ്വാസികള്‍ പങ്കെടുക്കുന്നു.

അഷ്ടമിയിലും പ്രത്യേക പൂജാ ദിവസങ്ങളിലും ക്ഷേത്രത്തില്‍ തിരക്ക് കൂടുതലായിരിക്കും. പുരാതനമായ ഈ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പ്രാദേശിക വസ്ത്രധാരണം നിര്‍ബന്ധമാണ്.

മംഗേഷി ക്ഷേത്രം ഗോവയിലെ സാംസ്‌കാരിക വൈവിധ്യം, ദേവതാരാധനാ പാരമ്പര്യം, മനോഹരമായ ആര്‍ക്കിടെക്ചര്‍ എന്നിവയെ അനുഭവിച്ചറിയാന്‍ ഒരു മികച്ച സ്ഥലമാണ്.
ക്ഷേത്ര പരിസരത്ത് ഉള്ള റോഡിന് മംഗേഷ്‌കര്‍ റോഡ് എന്നാണ് പേര്.

ഒരു കൗതുകത്തിന്റെ പുറത്ത് ക്ഷേത്രത്തില്‍ അന്വേഷിച്ചപ്പോള്‍ പ്രശസ്ത ഗായിക ലത മംഗേഷ്‌ക്കര്‍ കുറച്ച് കാലം കുടുംബസമേതം ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്നുവെന്നും ഗായികയുടെ സ്മരണാര്‍ത്ഥം ആണ് ഈ റോഡിന് മംഗേഷ്‌ക്കര്‍ റോഡ് എന്ന് പേര് നല്‍കിയത് എന്നും അറിയാന്‍ കഴിഞ്ഞു.

ഭാരതത്തിന്റെ പശ്ചിമതീരത്തുള്ള ചെറിയ സംസ്ഥാനമായ ഗോവ 450 വര്‍ഷം പോര്‍ച്ചുഗീസ് ഭരണത്തിലായിരുന്നു. 1961-ല്‍ ആണ് ഗോവ ഭാരതത്തിന്റെ ഭാഗമായത്. ക്രിസ്തുമതവും ഹിന്ദുമതവും ചേര്‍ന്ന സമൃദ്ധ പാരമ്പര്യങ്ങളും ഉത്സവങ്ങളും ഗോവയുടെ പ്രത്യേകതയാണ്.

ചരിത്രവും പ്രകൃതിയും സംസ്‌ക്കാരവും വിനോദസഞ്ചാരവും ഇടകലര്‍ന്ന ഗോവ യാത്രയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു അവിസ്മരണീയമായ അനുഭവമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by