Kerala

അടിസ്ഥാന സൗകര്യ വികസനം; കേരളത്തിന് 1059 കോടി രൂപ അനുവദിച്ച് കേന്ദ്രം, അനുവദിച്ചത് 50 വർഷത്തേക്കുള്ള പലിശരഹിത വായ്പ

Published by

ന്യൂദൽഹി: കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1059 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. അമ്പത് വർഷത്തേക്കുള്ള പലിശരഹിത വായ്പയായിട്ടാണ് തുക അനുവദിച്ചിരിക്കുന്നത്. വികസന പദ്ധതികളെ പിന്തുണയ്‌ക്കുക എന്ന ലക്ഷ്യത്തോടെ മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങള്‍ക്ക് പലിശ രഹിത വായ്പ വാഗ്ദാനം ചെയ്യുന്ന സംസ്ഥാന മൂലധന നിക്ഷേപ പദ്ധതിക്ക് കീഴിലാണ് വായ്പ വരുന്നത്.

വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ ഉൾപ്പെടെയുള്ളവയ്‌ക്കയാണ് തുക അനുവദിച്ചത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് മാത്രം 795 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കേരളം നേരത്തെ ആവശ്യപ്പെട്ട പ്രകാരമുള്ള തുകയാണ് ഇപ്പോൾ കേന്ദ്രം അനുവദിച്ചത്. ഇത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടാത്ത തുക കൂടിയായതിനാൽ കേരളത്തിന് ആശ്വസിക്കാം. കൂടാതെ കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ കൂടുതൽ ത്വരിതപ്പെടുത്തുന്നതിന് ഈ തുക ഉപയോഗിക്കാനാവും.

അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ തുക പൂര്‍ണമായും വിനിയോഗിക്കേണ്ടതുണ്ട്. തുറമുഖ പദ്ധതിക്കായുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടിനെച്ചൊല്ലി കേന്ദ്രസര്‍ക്കാരുമായി തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണു കൂടുതല്‍ സഹായം എത്തിയിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക