Kerala

അന്താരാഷ്‌ട്ര അനിമേഷന്‍ മേളയ്‌ക്ക് ആതിഥ്യമരുളാന്‍ തിരുവനന്തപുരം

Published by

തിരുവനന്തപുരം: അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്റെ മാതൃകയില്‍ കേരളത്തില്‍ അനിമേഷന്‍ വിഷ്വല്‍ ഇഫെക്റ്റ്‌സ്, ഗെയിമിങ്, കോമിക്‌സ്, എക്സ്റ്റന്റഡ് റിയാലിറ്റി മേള വരുന്നു. വര്‍ഷങ്ങളായി നടന്നുവരുന്ന അനിമേള, അനിമേഷന്‍ മാസ്‌റ്റേഴ്‌സ് സമ്മിറ്റ് എന്നീ രണ്ട് മേളകളെ സംയോജിപ്പിച്ചാണ് നാല് ദിവസം നീളുന്ന അനിമേഷന്‍ ഉത്സവം വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ അനിമേഷന്‍ മേഖലയിലെ സംഘടനയായ സായ്ക് ആണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

അടുത്ത വര്‍ഷം മാര്‍ച്ച് 6 മുതല്‍ 9 വരെ തിരുവനന്തപുരത്ത് നടക്കുന്ന മേളയുടെ മറ്റൊരു പ്രത്യേകത ഫ്രാന്‍സിലെ ആനസി അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ സഹകരണമാണ്. ലോകത്തെ തന്നെ ഏറ്റവും മികച്ച ചലച്ചിത്രമേളകളില്‍ ഒന്നിന്റെ സംഘാടകര്‍ കൂടി ഉള്‍പ്പെടുന്നതോടെ മേളയുടെ നിലവാരം ലോകോത്തരമാകും. രാജ്യത്തെ അനിമേഷന്‍ രംഗത്തുള്ളവര്‍ക്ക് അന്താരാഷ്‌ട്ര വിദഗ്ധരുമായി നേരിട്ട് സംവദിക്കാനും അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനും സംശയനിവാരണത്തിനും മേള വേദിയാകും.

അനിവേഴ്‌സ് ആന്‍ഡ് വിഷ്വല്‍ ആര്‍ട്‌സ് ഫൗണ്ടേഷന്‍ ആണ് അനിമേളയുടെ സംഘാടകര്‍. 1999 മുതല്‍ തിരുവനന്തപുരം ആസ്ഥാനമായ ടൂണ്‍സ് അനിമേഷന്‍ നടത്തിവരുന്ന മേളയാണ് അനിമേഷന്‍ മാസ്‌റ്റേഴ്‌സ് സമ്മിറ്റ്. ഇന്ത്യയിലെ എവിജിസി എക്‌സ് ആര്‍ മേഖലയിലെ സുപ്രധാന ചുവടുവയ്‌പ്പാകും അനിമേള എഎംഎസ് ആനസി കൂട്ടുകെട്ടെന്ന് ടൂണ്‍സ് മീഡിയ ഗ്രൂപ്പിന്റെ സിഇഒയും സായ്‌ക്കിന്റെ പ്രസിഡന്റുമായ പി. ജയകുമാര്‍ പറഞ്ഞു. അന്താരാഷ്‌ട്രമേളയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം ആനസി മേളയുടെ ഡയറക്ടര്‍ മൈക്കിള്‍ മാരിനും പങ്കുവച്ചു.

നാല് ദിവസം നീളുന്ന മേളയില്‍ 8000 ത്തോളം ആളുകള്‍ പങ്കെടുക്കും. നോളജ് സെന്ററുകള്‍, എക്‌സ്പീരിയന്‍ഷ്യല്‍ സോണുകള്‍, സിനിമാ പ്രദര്‍ശനം, എന്നിവ കൂടാതെ വ്യവസായ മേഖലയിലെ പ്രമുഖര്‍ക്ക് പരസ്പര സഹകരണത്തിനുള്ള വേദി കൂടിയാകും മേള.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by