Kerala

ക്ഷേമപെന്‍ഷന്‍ തട്ടിപ്പ്: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം കൂടാന്‍ സാധ്യത

1458 പേര്‍ തട്ടിപ്പ് നടത്തിയെന്നാണ് ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ട്‌

Published by

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ വിവിധ തലങ്ങളിലുള്ള പരിശോധനകള്‍ തുടരാന്‍ ധനവകുപ്പിന്റെ തീരുമാനം. പൂര്‍ണമായ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ക്ഷേമപെന്‍ഷന്‍ സ്വീകരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം വളരെ കൂടുതലാകുമെന്നാണ് നിഗമനം.

വില്‍പന നികുതി വകുപ്പിലെ 14 ഉദ്യോഗസ്ഥരാണ് ക്ഷേമപെന്‍ഷന്‍ നിയമവിരുദ്ധമായി വാങ്ങിയത്. പട്ടികജാതി ക്ഷേമം-13, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസം, ഗ്രാമ വികസനം, പോലീസ്, പിഎസ്‌സി എന്നിവിടങ്ങളില്‍ 10 വീതവും, വനം വന്യജീവി വകുപ്പില്‍ ഒന്‍പതും, സഹകരണ വകുപ്പില്‍ എട്ടും, ലജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ്, തൊഴില്‍ പരിശീലനം, പൊതുഭരണം, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പുകളില്‍ ഏഴുപേര്‍ വീതവും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ട്.

സോയില്‍ സര്‍വെ, ഫിഷറീസ് എന്നിവിടങ്ങളില്‍ ആറു വീതവും, തദ്ദേശ ഭരണം, വാഹന ഗതാഗതം, വ്യവസായവും വാണിജ്യവും, ഫയര്‍ഫോഴ്‌സ്, ക്ഷീര വികസനം, പൊതുവിതരണം, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് എന്നിവിടങ്ങളില്‍ നാലു വീതവും, സാമൂഹിക ക്ഷേമം, രജിസ്‌ട്രേഷന്‍, മ്യുസിയം, പ്രിന്റിങ്, ഭക്ഷ്യ സുരക്ഷ, എക്‌സൈസ്, ആര്‍ക്കിയോളജി എന്നിവിടങ്ങളില്‍ മൂന്നു വീതവും, തൊഴില്‍, ലീഗല്‍ മെട്രോളജി, മെഡിക്കല്‍ എക്‌സാമിനേഷന്‍ ലബോട്ടറി, എക്‌ണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്‌സ്, ലാ കോളജുകള്‍ എന്നിവിടങ്ങളില്‍ രണ്ട് വീതവും ഉദ്യോഗസ്ഥര്‍ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നുണ്ട്. എന്‍സിസി, ലോട്ടറീസ്, ജയില്‍, തൊഴില്‍ കോടതി, ഹാര്‍ബര്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ട്രേറ്റ്, ഡ്രഗ്‌സ് കണ്‍ട്രോള്‍, പിന്നോക്ക വിഭാഗ വികസനം, കയര്‍ വകിസനം തുടങ്ങിയ വകുപ്പുകളില്‍ ഒരാള്‍ വീതമാണ് പെന്‍ഷന്‍ സ്വീകരിക്കുന്നത്.

എസ്‌സി-എസ്ടി ഫണ്ടും ക്ഷേമ പെന്‍ഷനുകളും തട്ടിയെടുത്ത സിപിഎം നേതാക്കളുടെ പാതയിലേക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതിന്റെ പുതിയ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനിലുള്‍പ്പെടെ പാവങ്ങളുടെ ഫണ്ട് സിപിഎം നേതാക്കള്‍ തട്ടിയെടുത്ത സംഭവത്തില്‍ പൊതുസമൂഹത്തിന്റെ ഞെട്ടല്‍ മാറും മുമ്പാണ് ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക പൂര്‍ണമായും പുറത്തുവിട്ടാല്‍ ഞെട്ടുമെന്ന ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ വെളിപ്പെടുത്തല്‍.

1458 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്തതായാണ് പുറത്തുവന്ന കണക്കുകള്‍. ഇവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. ക്ഷേമ പെന്‍ഷന് അവകാശമുണ്ടെന്നു സാക്ഷ്യപ്പെടുത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉേദ്യാഗസ്ഥരുടെ പേരിലും നടപടി വരും.

ധനവകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ പരിശോധനയിലാണ് തട്ടിപ്പു കണ്ടെത്തിയത്. അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശയടക്കം തിരിച്ചുപിടിക്കാനും അച്ചടക്ക നടപടി സ്വീകരിക്കാനുമാണ് ധനവകുപ്പിന്റെ നിര്‍ദേശം.

ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍മാരില്‍ ഒരാള്‍ തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ കോളജിലും മറ്റൊരാള്‍ പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ കോളജിലുമാണ്. ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകരായ മൂന്നു പേര്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. എണ്ണത്തില്‍ മുമ്പില്‍ ആരോഗ്യ വകുപ്പാണ്, 373 പേര്‍. പൊതുവിദ്യാഭ്യാസ വകുപ്പിലെ 224 പേര്‍. മെഡിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പില്‍ 124 പേരും ആയുര്‍വേദ വകുപ്പില്‍ 114 പേരുമാമാണ് തട്ടിപ്പ് നടത്തിയത്. മൃഗ സംരക്ഷണ വകുപ്പില്‍ 74 പേരും പൊതുമരാമത്ത് വകുപ്പില്‍ 47 പേരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46 പേരും ഹോമിയോപ്പതി വകുപ്പില്‍ 41 പേരും കൃഷി, റവന്യു വകുപ്പുകളില്‍ 35 പേര്‍ വീതവും ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് വകുപ്പില്‍ 34 പേരും ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ 31 പേരും കൊളീജിയറ്റ് എഡ്യൂക്കേഷന്‍ വകുപ്പില്‍ 27 പേരും ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക