Cricket

നാഗാലാന്റിനെ 24 റണ്‍സില്‍ പുറത്താക്കി;കേരളത്തിന് അനായാസ വിജയം

Published by

ഷിമോഗ: പതിനഞ്ച് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കായുള്ള ദേശീയ ടൂര്‍ണ്ണമെന്റില്‍ നാഗാലാന്റിനെതിരെ കേരളത്തിന് പത്ത് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ആദ്യം ബാറ്റ് ചെയ്ത നാഗാലന്റിനെ വെറും 24 റണ്‍സിന് പുറത്താക്കി.

സ്പിന്നര്‍മാരായ അരിതയുടെയും ലക്ഷ്മീദേവിയുടെയും ബൗളിങ് മികവാണ് കേരളത്തിന് അതിവേഗവിജയം ഒരുക്കിയത്. ഇരുവരും നാല് വിക്കറ്റ് വീതം വീഴ്‌ത്തി. ബിഹാറിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ അരിത അഞ്ച് വിക്കറ്റ് നേടിയിരുന്നു.

ടോസ് നേടിയ നാഗാലന്റ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പെ ഓപ്പണര്‍ നിവേദിതയെ പുറത്താക്കി ലക്ഷ്മി കേരളത്തിന് മികച്ച തുടക്കം നല്കി. തുടര്‍ന്നുള്ള ഓവറുകളില്‍ മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്‌ത്തിയ ലക്ഷ്മി നാഗാലാന്റിനെ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ അനുവദിച്ചില്ല. മറുവശത്ത് മധ്യനിരയെയും വാലറ്റത്തെയും പുറത്താക്കിയ അരിതയുടെ പ്രകടനം അവരുടെ എല്ലാ സാധ്യതകളെയും മുക്കി. ഒടുവില്‍ 22.3 ഓവറില്‍ 24 റണ്‍സിന് അവര്‍ ഓള്‍ ഔട്ടായി. എട്ട് റണ്‍സെടുത്ത നീതു ഛേത്രിയാണ് അവരുടെ ടോപ് സ്‌കോറര്‍. കേരളത്തിന് വേണ്ടി അഥീനയും കൃഷ്ണവേണിയും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അനായാസം ലക്ഷ്യത്തിലെത്തി. അമീറ ബീഗവും ലക്ഷിത ജയനും ചേര്‍ന്നുള്ള ഓപ്പണിങ് സഖ്യം വെറും മൂന്ന് ഓവറില്‍ കേരളത്തെ വിജയത്തിലെത്തിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by