Kerala

ആത്മകഥാ വിവാദം: കള്ളന്‍ കപ്പലില്‍ തന്നെയെന്ന സൂചന നല്‍കി ജയരാജന്‌റെ മൊഴി, അന്വേഷണം ഉഴപ്പി പൊലീസ്

Published by

കോട്ടയം: ആത്മകഥാ വിവാദത്തില്‍ സ്വന്തം പാര്‍ട്ടിയില്‍നിന്ന് ഗൂഢാലോചന ഉണ്ടായി എന്ന സൂചനയാണ് ഇ പി ജയരാജന്‍ പോലീസിനു നല്‍കിയ മൊഴിയില്‍ തെളിയുന്നത്. സിപിഎമ്മിന് പുറത്തുനിന്നുള്ളവരേക്കാള്‍ അകത്തുള്ളവരാണ് തന്നെ ഒതുക്കാന്‍ ഉപതെരഞ്ഞെടുപ്പിന്റെ തലേന്ന് ഇത്തരമൊരു വിവാദം കുടംതുറന്നുവിട്ടതെന്ന് ജയരാജന്‍ കരുതുന്നു. ആത്മകഥ എഴുതാന്‍ ചുമതലപ്പെടുത്തിയ ദേശാഭിമാനി ലേഖകനും പ്രസാധന ചുമതല സ്വയം ഏറ്റെടുത്ത ഡിസി ബുക്‌സും ഇക്കാര്യത്തില്‍ എത്രത്തോളം പങ്കു വഹിച്ചിട്ടുണ്ടെന്ന് ഇനി അറിയേണ്ടതുണ്ട്. ഇവരില്‍ ആരാണ് പാര്‍ട്ടിയിലെ ഗൂഢാലോചനക്കാരുടെ പങ്കുപറ്റി ആത്മകഥയുടെ ഉള്ളടക്കം അടങ്ങിയ പെന്‍ഡ്രൈവ് 24 ടിവി ചാനലിന് നല്‍കിയതെന്നും വ്യക്തമാകാനുള്ള കാര്യമാണ്. ഇക്കാര്യത്തിലൊന്നും വിശദമായ അന്വേഷണം പോലീസ് നടത്തുന്നില്ലെന്ന പരാതിയും ജയരാജനുണ്ട്.
ഇക്കാര്യത്തില്‍ ആഴത്തിലുള്ള അന്വേഷണം നടത്താന്‍ പോലീസിന് പരിമിതിയുണ്ട്. അന്വേഷണം ചെന്നെത്തുന്നത് സിപിഎമ്മിലെ തന്നെ ചിലരില്‍ ആകാമെന്ന സൂചനയാണ് പോലീസിനെ പിന്തിരിപ്പിക്കുന്നത്. അതിനാല്‍ അങ്ങുമിങ്ങും തൊടാതെ ചില വിവരങ്ങള്‍ മാത്രം പുറത്തുവിട്ട് അന്വേഷണം കഴിയുന്നത്ര നീട്ടിക്കൊണ്ടു പോകാനാണ് പൊലീസ് ശ്രമിക്കുന്നത്. ജയരാജനല്ല ആത്മകഥയുടെ ഉള്ളടക്കം പുറത്തുവിട്ടതെന്നത് പോലീസ് ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്. പൊതുവേ പാര്‍ട്ടിയില്‍ സ്ഥിതി പരുങ്ങലിലായ ജയരാജന്‍ മറ്റൊരു പരീക്ഷണത്തിന് മുതിരില്ലെന്ന് പോലീസ് കരുത്തുന്നു.ഇതിനെല്ലാം ഉത്തരവാദിയായ ഡിസി ബുക്‌സ് ഉടമ രവി ഡിസിയാകട്ടെ പ്രസാധന വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ശ്രീകുമാര്‍ എന്നയാളെ മാറ്റിനിര്‍ത്തി പ്രശ്‌നത്തില്‍ നിന്ന് കൈകഴുകുകയാണ് ചെയ്തത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക