World

ഹിസ്ബുള്ളയുമായി വെടിനിർത്തലിന് തയ്യാറായി ഇസ്രയേൽ; കരാര്‍ ലംഘിച്ചാല്‍ ഉടനടി തിരിച്ചടിക്കുമെന്ന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്

Published by

ടെൽ അവീവ്: .ഇസ്രയേല്‍- ഹിസ്ബുള്ള വെടി നിര്‍ത്തല്‍ കരാര്‍ ഇരുപക്ഷവും അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

ഇസ്രയേലിന്റെ സുരക്ഷാ മന്ത്രിസഭയാണ് 60 ദിവസത്തേക്ക് വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയത്. മന്ത്രിസഭ കരാർ അംഗീകരിച്ചതിനുപിന്നാലെ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രാദേശിക സമയം പുലർച്ചെ നാലു മണിക്കാണ് വെടിനിർത്തൽ നിലവിൽ വരിക.

വെടിനിർത്തലിന്റെ ഭാഗമായി അടുത്ത 60 ദിവസത്തിനുള്ളിൽ ഇസ്രയേൽ ലെബനനിൽനിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് വൈറ്റ് ഹൗസിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് ബൈഡൻ പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായും ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാതിയുമായും താന്‍ ചർച്ച നടത്തി. ഹിസ്ബുള്ളയും മറ്റ് തീവ്രവാദ സംഘടനകളും ഇസ്രയേലിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയാകാന്‍ അനുവദിക്കില്ലെന്നും ബൈഡൻ പറഞ്ഞു.

‘ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള വിനാശകരമായ സംഘർഷം അവസാനിപ്പിക്കാനുള്ള യുഎസിന്റെ നിർദ്ദേശം അവരുടെ സർക്കാരുകൾ അംഗീകരിച്ചുവെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇത് സാധ്യമാക്കിയതിൽ ഫ്രാൻസ് പ്രസിഡൻ്റ് മാക്രോണിന്റെ പങ്കാളിത്തത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

അതേസമയം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ സുരക്ഷാ ക്യാബിനറ്റ് യോഗം ചേര്‍ന്ന ശേഷമാണ് വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേല്‍ അംഗീകരിച്ചത്. വെടിനിർത്തലിന്റെ ദൈർഘ്യം ലെബനനിൽ എന്ത് സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഹിസ്ബുള്ള കരാർ ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഇറാനിയൻ ഭീഷണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ഇസ്രയേൽ സേനയ്‌ക്ക് വിശ്രമം നൽകി കൂടുതൽ ആയുധങ്ങളും വെടിക്കോപ്പുകളും സംഭരിക്കുക, ഹമാസിനെ ഒറ്റപ്പെടുത്തുക എന്നീ മൂന്ന് കാരണങ്ങൾ കണക്കിലെടുത്താണ് തങ്ങൾ വെടിനിർത്തലിൽ ഏർപ്പെടുന്നതെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.’

വെടിനിര്‍ത്തലിന്റെ ഭാഗമായി തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറണമെന്നാണ് വ്യവസ്ഥ. ലിറ്റാനി നദിയുടെ വടക്ക് ഭാഗത്തുനിന്ന് ഹിസ്ബുള്ള തങ്ങളുടെ സൈനിക സാന്നിധ്യവും നിരീക്ഷണവും പൂര്‍ണമായി നീക്കണം. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന രാജ്യത്തെ പുനര്‍നിര്‍മിക്കാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലെബനന്‍ പ്രതികരിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by