Thrissur

വിവേകാനന്ദ കോളേജില്‍ പട്ടികജാതി വിദ്യാര്‍ത്ഥിക്ക്‌നേരെ പീഡനം; പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ചു

Published by

കുന്നംകുളം: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശ്രീവിവേകാനന്ദ കോളേജില്‍ പട്ടികജാതി പീഡനം. വിദ്യാര്‍ത്ഥിക്ക് പരീക്ഷ എഴുതാന്‍ പോലും അനുമതി നല്കുന്നില്ലെന്ന് പരാതി. 2024- 25 അധ്യായനവര്‍ഷത്തില്‍ പട്ടികജാതി സംവരണത്തിലൂടെ ബിഎച്ച്ആര്‍എം കോഴ്‌സിന്റെ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവേശനം നേടിയ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി നന്ദു ഹരിദാസിനെതിരെയാണ് ദ്രോഹ നടപടികള്‍.

ഇന്ന് നടക്കുന്ന ഒന്നാം സെമസ്റ്റര്‍ പരീക്ഷയ്‌ക്ക് യൂണിവേഴ്‌സിറ്റി ഹാള്‍ ടിക്കറ്റ് ലഭിച്ച നന്ദു ഹരിദാസിനോട് കോളേജില്‍ പ്രവേശിക്കരുത് എന്ന് പ്രിന്‍സിപ്പല്‍ ഡോ: രജിത് ഉത്തരവിട്ടിരിക്കയാണ്.

നിയമാനുസൃത ഫീസ് അടയ്‌ക്കുകയും ക്ലാസില്‍ ഇരിക്കുകയും അധ്യയനം തുടര്‍ന്നു വരികയും ചെയ്യുന്നതാണ്. യൂണിവേഴ്‌സിറ്റി നന്ദുവിന്റെ പ്രവേശനം അംഗീകരിച്ച് പരീക്ഷയ്‌ക്ക് ഫീസ് ഈടാക്കി ഹാള്‍ടിക്കറ്റ് വിതരണം ചെയ്തിട്ടുമുണ്ട്.
ഹാള്‍ടിക്കറ്റ് നന്ദു ഹരിദാസ് കോളേജില്‍നിന്ന് കൈപ്പറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ സ്വാഭാവിക നീതി നിഷേധിച്ചുകൊണ്ട് യുക്തിരഹിതമായ ഉത്തരവ് പ്രിന്‍സിപ്പല്‍ പുറപ്പെടുവിച്ചത്.

ഉത്തരവ് കൈപ്പറ്റിയ നന്ദു ഹരിദാസ് വ്യക്തമായ മറുപടി പ്രിന്‍സിപ്പലിന് രേഖാമൂലം നല്‍കിയിട്ടും സ്വീകരിക്കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ല.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനും, സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷനും, ദേശീയ പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷനും, കേരള ഗവര്‍ണര്‍ക്കും യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ക്കും പരാതി അയച്ചുകൊടുത്തതായി നന്ദു അറിയിച്ചു. വിദ്യാഭ്യാസ അവകാശനിഷേധത്തിനും പട്ടികജാതി അതിക്രമം തടയല്‍ നിയമപ്രകാരവും നിയമനടപടി സ്വീകരിക്കുമെന്ന് നന്ദു ഹരിദാസ് അറിയിച്ചു.

ഒരു വിദ്യാര്‍ത്ഥിയുടെ മാനസികനില തകര്‍ക്കും വിധമുള്ള കിരാത നടപടിയാണ് പ്രിന്‍സിപ്പലിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഉത്തരവിന് മറുപടി നല്‍കിയിട്ടും സ്വീകരിക്കാതിരുന്നതിലൂടെ ഗുരുതരമായ ഗൂഢനീക്കം കോളേജ് അധികൃതരുടെ ഭാഗത്തുനിന്നും മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായതായി സംശയിക്കുന്നതായി നന്ദു പറഞ്ഞു .

പട്ടികജാതിക്കാരനായ വിദ്യാര്‍ത്ഥിയോടുള്ള മാനസിക പീഡനവും പട്ടികജാതി പീഡനവും ഭരണഘടന മൗലിക അവകാശ ലംഘനമാണെന്നും, വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസ മൗലിക അവകാശ നിഷേധമാണ് ഈ ഉത്തരവെന്നും ഇത് പിന്‍വലിച്ചില്ലെങ്കില്‍ കോളേജില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും എബിവിപി യൂണിറ്റ് സെക്രട്ടറി ഗോകുല്‍ കിരണ്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts