Thiruvananthapuram

കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലിടംനേടി രാജി

Published by

കാട്ടാക്കട: കാട്ടാക്കടയില്‍ ടാക്‌സി ഡ്രൈവര്‍ ആയിരുന്ന റസാലത്തിന്റെയും ശാന്തയുടെയും മകള്‍ കാട്ടാക്കട പനയംകോട് തടത്തരികത്ത് വീട്ടില്‍ വെല്‍ഡിംഗ് തൊഴിലാളിയായ ബാനര്‍ജിന്റെ ഭാര്യ രാജിയാണ് കെഎസ്ആര്‍ടിസി ചരിത്രത്തില്‍ പുതു ഇടം നേടുന്നത്. സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ കെഎസ്ആര്‍ടിസി ഡ്രൈവറും തിരുവനന്തപുരം ജില്ലയിലെ ആദ്യ വനിതാ കെഎസ്ആര്‍ടിസി ഡ്രൈവറായി മാറിയിരിക്കുകയാണ് രാജി.

കെ സ്വിഫ്റ്റില്‍ നഗരത്തില്‍ ഇരുപതോളം വനിതാ ഡ്രൈവര്‍മാരുണ്ടെങ്കിലും കെഎസ്ആര്‍ടിസിയില്‍ രാജി മാത്രമാണുള്ളത്. അച്ഛന്‍ ഡ്രൈവര്‍ ആയതുകൊണ്ട് തന്നെ കുട്ടിക്കാലം മുതല്‍ തുടങ്ങിയതാണ് രാജിക്കും വാഹനങ്ങോടുള്ള ഇഷ്ടം. ഈ ഇഷ്ടം ഡ്രൈവിംഗ് സ്‌കൂള്‍ പരിശീലകയായും ഒടുവില്‍ ഇപ്പോള്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറായും എത്തിനില്‍ക്കുന്നത്.

കാട്ടാക്കടയില്‍ രാജി ഡ്രൈവിംഗ് പരിശീലകയായി ചെറു വാഹനങ്ങളില്‍ കണ്ടിട്ടുണ്ട് എങ്കിലും ആദ്യമായാണ് വലിയ വാഹനത്തില്‍ കാണുന്നത്. അതും കെഎസ്ആര്‍ടിസിയില്‍ ആയപ്പോള്‍ ആളുകള്‍ക്ക് അത്ഭുതവും ആശ്ചര്യവുമായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 1.50 ന് കാട്ടാക്കടയില്‍ നിന്നും കാട്ടാക്കട പ്ലാമ്പഴിഞ്ഞി റൂട്ടില്‍ ആദ്യ ട്രിപ്പ് ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുമ്പോള്‍ ആര്‍എന്‍ഇ 959 വേണാട് ബസിലെ യാത്രക്കാര്‍ക്കും, സ്റ്റാന്‍ഡില്‍ ബസ് കാത്തു നിന്ന മറ്റു യാത്രക്കാര്‍ക്കും കൗതുകമായി ഡ്രൈവിംഗ് സീറ്റിലെ വനിത.

ആദ്യ യാത്രയും കെഎസ്ആര്‍ടിസി ഡ്രൈവിങ്ങും ഒരു പ്രത്യേക അനുഭവമായി മാറി എന്ന് രാജി പറഞ്ഞു. ഉച്ചക്ക് പ്ലാമ്പഴിഞ്ഞിയെ തുടര്‍ന്ന് 3 മണിക്ക് കോട്ടൂര്‍, കിക്മ, നെയ്യാര്‍ ഡാം, കാട്ടാക്കട, 4.40 പാപ്പനം സര്‍ക്കുലര്‍, 5.30 പന്നിയോട് സര്‍ക്കുലര്‍, 6.45 കോട്ടൂര്‍ കാട്ടാക്കട, 8.10ന് കോട്ടൂര്‍ കാട്ടാക്കട എന്നിങ്ങനെ രാത്രി പത്തോടെ ആദ്യ ഡ്യൂട്ടി അവസാനിക്കുമ്പോള്‍ ആദ്യ ദിനത്തില്‍ 150 കിലോമീറ്റര്‍ ആണ് രാജി ബസ് ഓടിച്ചത്. കെഎസ്ആര്‍ടിസി നടത്തിയ പരീക്ഷയില്‍ നൂറോളം പേരില്‍ നിന്നും രണ്ടാം റാങ്കോടെയാണ് രാജി പാസായത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by