ഭാരതരത്‌നം അംബേദ്കര്‍
ഡോ.ബി.ആര്‍. അംബേദ്കറാണ് ഭാരത ഭരണഘടനയുടെ മുഖ്യശില്പി. ഭരണഘടനയുടെ 75-ാം വാര്‍ഷികാഘോഷത്തിന് ഭാരതം തയ്യാറെടുക്കുമ്പോള്‍ രാജ്യത്തിന്റെ പ്രഥമ നിയമ മന്ത്രി കൂടിയായിരുന്ന ഡോ.അംബേദ്കര്‍ രാജ്യത്തിന് നല്‍കിയ സംഭാവനകളെ നാം ഓര്‍ക്കേണ്ടതുണ്ട്. 1949 നവംമ്പര്‍ 26 ന് നിലവില്‍ വന്ന ഭരണഘടനയുടെ മുഖ്യശില്പിയെ 2015 വരെ മാറി മാറി വന്ന സര്‍ക്കാരുകളൊന്നും തന്നെ വേണ്ടവണ്ണം അംഗീകരിച്ചില്ല. ഭരണഘടനാ ചരിത്രത്തില്‍ സവിശേഷ പങ്ക് വഹിച്ച അദ്ദേഹം കോണ്‍ഗ്രസിലെ പല പ്രമുഖ നേതാക്കളുടേയും വിമര്‍ശകനായിരുന്നു. കോണ്‍ഗ്രസിന്റെ എതിര്‍പ്പ് മൂലം ബോംബെ നിയമസഭയില്‍ നിന്ന് ഭരണഘടനാ അസംബ്ലിയിലെത്താനുള്ള ശ്രമം പരാജയപ്പെടുകയും ഒടുവില്‍ പട്ടികജാതി അംഗങ്ങളുടെ സഹായത്തോടെ ബംഗാള്‍ നിയമസഭയിലൂടെ അസംബ്ലിയിലെത്തേണ്ടിയും വന്നു. അദ്ദേഹത്തിന്റെ 125-ാം ജന്മദിനത്തോടനുബന്ധിച്ച് ഡോ.അംബേദ്കര്‍ക്ക് ഭാരതരത്‌ന ബഹുമതി നല്‍കിയതും, നവംമ്പര്‍ 26 ഭരണഘടനാ ദിനമായി അംഗീകരിച്ചതും ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരാണ്.
”നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍ ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതി സമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും, ഭാരതത്തിലെ എല്ലാ പൗരന്മാര്‍ക്കും സാമൂഹികവും, സാമ്പത്തികവും, രാഷ്‌ട്രീയവുമായ നീതി, ചിന്ത, ആശയ ആവിഷ്‌കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്‌ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍ എന്നിവയിലുള്ള സമത്വം ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസും രാഷ്‌ട്രത്തിന്റെ ഐക്യവും, അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാ സഭയില്‍ വച്ച് 1949 നവം. 26 ദിവസം ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായി തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു”.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ ഭരണഘടനയുടെ ആമുഖമാണിത്. ഒരു രാജ്യത്തെ ജനങ്ങള്‍ അവര്‍ക്ക് വേണ്ടി ഒരു ഭരണഘടന തയ്യാറാക്കി അവര്‍ക്കായി തന്നെ സമര്‍പ്പിച്ചു എന്നത് ഒരുപക്ഷേ ഭാരത ഭരണഘടനയുടെ മാത്രം പ്രത്യേകതയാണ്.1949 നവം. 26നാണ് നമ്മുടെ ഭരണഘടനയെ ഭരണഘടനാ നിര്‍മാണ സഭ ഔപചാരികമായി അംഗീകരിക്കുന്നതും നിലവില്‍ വന്നതും. ഭാരത ഭരണഘടന അതിന്റെ അമൃത കാലത്തിലേക്ക് കടക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഭാരതം നിലകൊള്ളുന്നതിന്റെ അടിസ്ഥാന കാരണം നമ്മുടെ ഭരണഘടനയാണ്.
അഭിമാനമായി മലയാളികള്‍
ഭരണഘടനാ അസംബ്ലി ആദ്യമായി യോഗം ചേര്‍ന്നത് 1946 ഡിസംബര്‍ 9 നാണ്. പ്രവിശ്യാ അസംബ്ലികളില്‍ നിന്ന് ആനുപാതിക പ്രാതിനിധ്യാടിസ്ഥാനത്തിലാണ് ഭരണഘടന നിര്‍മാണ സഭയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തത്. തുടക്കത്തില്‍ 389 അംഗങ്ങളാണ് ഉണ്ടായിരുന്നതെങ്കിലും 1947 ലെ ഭാരത വിഭജനത്തിനുശേഷം അത് 299 ആയി കുറഞ്ഞു. സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്ന സച്ചിദാനന്ദ സിന്‍ഹയെ ആണ് സഭയുടെ ആദ്യ ചെയര്‍മാനായി തിരഞ്ഞെടുത്തത്. പിന്നീട് ഡോ.രാജേന്ദ്രപ്രസാദിനെ ചെയര്‍മാനായി തിരഞ്ഞെടുത്തു. ഭരണഘടന നിര്‍മാണ സഭയില്‍ 9 മലയാളികള്‍ അംഗങ്ങളായിരുന്നു. 15 വനിതകളാണ് ഉണ്ടായിരുന്നത്. അമ്മു സ്വാമിനാഥന്‍, ദാക്ഷായണി വേലായുധന്‍, ആനിമസ്‌ക്രീന്‍ എന്നിവരായിരുന്നു മലയാളി വനിതകള്‍. പനമ്പള്ളി ഗോവിന്ദമേനോന്‍,നടരാജ പിള്ള, പി.ടി. ചാക്കോ, ആര്‍.ശങ്കര്‍, ജോണ്‍ മത്തായി, പോക്കര്‍ സാഹിബ് ബഹദൂര്‍ എന്നിവരായിരുന്നു മറ്റു മലയാളികള്‍.
ഭരണ ഘടനയുടെ അക്ഷര ശില്പി
ഭരണഘടനാ നിര്‍മാണ സഭ രണ്ടുവര്‍ഷവും 11 മാസവും 18 ദിവസവുമാണ് പ്രവര്‍ത്തിച്ചത്. പ്രേം ബിഹാരി നാരായന്‍ റെയ്‌സാദാ എന്ന വ്യക്തിയുടെ കൈപ്പടയിലാണ് അസ്സല്‍ ഭരണഘടന തയ്യാറാക്കിയിട്ടുള്ളത്.പാര്‍ലമെന്റിലെ ലൈബ്രറിയില്‍ പ്രത്യേകം സൂക്ഷിച്ചിട്ടുള്ള അസ്സല്‍ ഭരണഘടനയ്‌ക്ക് 22 ഇഞ്ച് നീളവും 16 ഇഞ്ച് വീതിയും ആണ് ഉള്ളത്. 1949 നവംബര്‍ 26 ന് നിലവില്‍ വന്ന നമ്മുടെ ഭരണഘടനയില്‍ 2023 സപ്
തംബര്‍ വരെ 106 ഭേദഗതികളാണ് വരുത്തിയിട്ടുള്ളത്.ഭരണഘടനയില്‍ ആദ്യ ഭേദഗതി ഉണ്ടാകുന്നത് 1951ല്‍. 1971 ലെ ഇരുപത്തിയഞ്ചാം ഭേദഗതിയിലൂടെയാണ് സ്വത്തിലേക്കുള്ള മൗലികാവകാശം വെട്ടിക്കുറച്ചത്. 1985ലെ 52-ാംഭേദഗതിയിലൂടെ കൂറുമാറ്റ നിരോധന നിയമങ്ങള്‍ എഴുതി ചേര്‍ത്തു. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന ഭേദഗതിയായ 73-ാം ഭേദഗതി ഉണ്ടായത് 1992 ലാണ്. 2002ലെ 86-ാം ഭരണഘടന ഭേദഗതിയിലൂടെയാണ് പ്രാഥമിക വിദ്യാഭ്യാസം മൗലിക അവകാശമാക്കിയത്.2016 ലെ 101-ാം ഭേദഗതിയിലൂടെയാണ് ജിഎസ്ടി നിലവില്‍ വന്നത്.2023 ലെ 106-ാം ഭരണഘടന ഭേദഗതിയിലൂടെയാണ് ലോക്‌സഭയിലേയും സംസ്ഥാന നിയമസഭകളിലേയും സ്ത്രീ സംവരണം ഉറപ്പുവരുത്തിയത്.
പാരമ്പര്യത്തിന്റെ മുദ്രകള്‍
ഭാരതത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്നതാണ് നമ്മുടെ ഭരണഘടന. നിരവധി ഭാഷകളും ജീവിത രീതികളും ആചാരാനുഷ്ഠാനങ്ങളും ഒക്കെ നിലനില്‍ക്കുമ്പോഴും ഭാരതമെന്ന രാഷ്‌ട്രത്തെ ഒരു മാലയിലെ മുത്തുമണികള്‍ എന്നോണം കോര്‍ത്തിണക്കിയത് ഇവിടെ നിലനിന്നിരുന്ന സംസ്‌കാരമാണ്. അതിന് കാല-ദേശ -ഭാഷാ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നില്ല. ഭരണഘടന നിര്‍മാണ സഭയില്‍ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്ന അംബദ്കര്‍ നമ്മുടെ ഭരണഘടനയെ രൂപപ്പെടുത്തിയത് സാംസ്‌കാരിക പാരമ്പര്യത്തിന്റെ മകുടോദാഹരണം ആയിട്ടാണ്. അതുകൊണ്ടുതന്നെ സീതയോടും ലക്ഷ്മണനോടുമൊപ്പം ഭാരതത്തിലേക്ക് മടങ്ങുന്ന ശ്രീരാമചന്ദ്രന്റേയും, ഗീതോപദേശത്തിന്റേയും, നടരാജ നടനത്തിന്റേയും, ശിവജി മഹാരാജിന്റെയും, റാണാ പ്രതാപിന്റെയും ശ്രീബുദ്ധന്റേയും ഒക്കെചിത്രങ്ങള്‍ ഭരണഘടനയില്‍ അദ്ദേഹം ഉള്‍പ്പെടുത്തി. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഭാരതത്തിലെ കോടീശ്വരന്മാര്‍ നിര്‍ധനന്മാരായ സംന്യാസിമാരെയും ഫക്കീര്‍മാരേയും അനുസരിക്കുന്നതും, രാജ്യത്തെ കോടിക്കണക്കിനുള്ള പാവങ്ങള്‍ അവരുടെ ആകെ സമ്പാദ്യമായ അല്ലറ ചില്ലറ ആഭരണങ്ങള്‍ വിറ്റ് കാശിയിലും മക്കയിലും തീര്‍ത്ഥയാത്ര പോകുന്നതും ഇവിടുത്തെ സാധാരണക്കാരുടെ മേല്‍ ഒരു മജിസ്‌ട്രേറ്റിനേക്കാള്‍ കൂടുതല്‍ ആജ്ഞാശക്തിയുള്ളത് ഒരു പുരോഹിതനാണ് എന്നുള്ളതും ചൂണ്ടിക്കാണിക്കുന്നത് ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെയാണ് എന്നാണ്.
നമ്മുടെ ഭരണഘടനയുടെ പേജുകളില്‍ ആലേഖനം ചെയ്തിട്ടുള്ള ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യം വ്യക്തമാകുന്നതാണ്. പാര്‍ട്ട് 3 മൗലികാവകാശങ്ങളുടെ ആദ്യ പേജിലെ ചിത്രം ഭാരതത്തിലേക്ക് രാവണ നിഗ്രഹത്തിന് ശേഷം വരുന്ന ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും ചിത്രമാണ്. സ്വര്‍ണ്ണമയിയായ ലങ്കയോട് മോഹം ഉദിച്ച ലക്ഷ്മണനോട് പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗത്തേക്കാള്‍ മഹത്തരം എന്നാണ് ശ്രീരാമന്‍ ഉപദേശിച്ചത്. സംസ്ഥാനങ്ങളുടെയും പൗരന്മാരുടെയും കടമകളെക്കുറിച്ച് പറയുന്ന മാര്‍ഗ നിര്‍ദ്ദേശക തത്വങ്ങളില്‍ (പാര്‍ട്ട് നാല്) വരച്ചിട്ടുള്ളത് ഗീതോപദേശമാണ്. പാര്‍ട്ട് അഞ്ചില്‍ ചാപ്റ്റര്‍ ഒന്നില്‍ ശ്രീബുദ്ധന്റെ ആദ്യ പ്രഭാഷണത്തിന്റെയും, പാര്‍ട്ട് 6 ചാപ്റ്റര്‍ ഒന്നില്‍ വര്‍ദ്ധമാന മഹാവീരന്റെയും ചിത്രമാണ് വരച്ചു ചേര്‍ത്തിട്ടുള്ളത്. പാര്‍ട്ട് പത്തില്‍ പുരാതന ഭാരതത്തിലെ പ്രശസ്തമായ നളന്ദ സര്‍വ്വകലാശാലയുടെ ചിത്രങ്ങളാണ് ആലേഖനം ചെയ്തിരിക്കുന്നത്. പാര്‍ട്ട് പന്ത്രണ്ടിന്റെ ആദ്യപേജില്‍ നടരാജ നടനമാണ് ആലേഖനം ചെയ്തിട്ടുള്ളത്. പതിമൂന്നാം പാര്‍ട്ടില്‍ അര്‍ജുനന്റെ തപസ്, ഗംഗയുടെ അവതാരം തുടങ്ങിയവയൊക്കെ വരച്ചു ചേര്‍ത്തിട്ടുണ്ട്. പാര്‍ട്ട് 15ന്റെ ആദ്യ പേജില്‍ ഛത്രപതി ശിവജിയുടെയും ഗുരു ഗോവിന്ദ സിംഹന്റെയും ചിത്രങ്ങള്‍ വരച്ചു ചേര്‍ത്തിരിക്കുന്നു. പാര്‍ട്ട് 16 ല്‍ ആദ്യ പേജില്‍ ഝാന്‍സി റാണിയുടെ ചിത്രമാണ് ആലേഖനം ചെയ്തിട്ടുള്ളത്. പതിനേഴും പതിനെട്ടും പാര്‍ട്ടുകളില്‍മഹാത്മാഗാന്ധിയുടെ ചിത്രങ്ങളും 19 ല്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ചിത്രവുമാണ് ആലേഖനം ചെയ്തിട്ടുള്ളത്.
ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ഈ രണ്ട് നേതാക്കന്മാരുടെ ചിത്രങ്ങള്‍ മാത്രമാണ് ഭാരത ഭരണഘടനയില്‍ചേര്‍ത്തിട്ടുള്ളത്. ഇത് ആ ധീര ദേശാഭിമാനികള്‍ക്കുള്ള ആദരവ് കൂടിയാണ്. ഈ ചിത്രങ്ങളൊക്കെ വരച്ചു ചേര്‍ത്തത് ശാന്തിനികേതനില്‍ നിന്നുള്ള നന്ദലാല്‍ ബോസും അദ്ദേഹത്തിന്റെ ശിഷ്യന്മാരുമാണ്.
വ്യക്തിസ്വാതന്ത്ര്യത്തിന് പരമാവധി അംഗീകാരം നല്‍കിയിട്ടുള്ളതാണ് നമ്മുടെ ഭരണഘടന. എന്നാല്‍ അതിന് ചില സാമൂഹ്യ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭരണഘടനയുടെ പാര്‍ട്ട് മൂന്നില്‍ മൗലികാവകാശങ്ങള്‍ ഉള്‍പ്പെടുത്തിയത് പോലെ തന്നെ പാര്‍ട്ട് നാലില്‍ മാര്‍ഗ നിര്‍ദ്ദേശക തത്വങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ട് മൂന്നിലെ മൗലികാവകാശങ്ങളെ പോലെ തന്നെ പ്രാധാന്യമേറിയതാണ് പാര്‍ട്ട് നാലിലെ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളും. രാജ്യത്തിനാകമാനം ബാധകമായ ഒരു സിവില്‍ നിയമസംഹിത നിര്‍മിക്കുക എന്നതടക്കമുള്ള മാര്‍ഗ നിര്‍ദേശക തത്വങ്ങളിലെ എല്ലാ നിര്‍ദ്ദേശങ്ങളും ജനങ്ങളുടെ ആകെ ക്ഷേമത്തെയും നന്മയെയും മുന്‍നിര്‍ത്തി സര്‍ക്കാരുകള്‍ നടപ്പിലാക്കാനുള്ളവയാണ്. മാര്‍ഗ നിര്‍ദ്ദേശക തത്വങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ ഒക്കെ തന്നെ ഒരു ക്ഷേമ സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തില്‍ വരുന്നതും ജനങ്ങള്‍ക്ക് വേണ്ടി നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളവയുമാണ്. മൂന്നാം ഭാഗത്തിലെ മൗലികാവകാശങ്ങളും നാലാം ഭാഗത്തിലെ നിര്‍ദ്ദേശകതത്വങ്ങളും തമ്മിലുള്ള വ്യത്യാസം മൗലികാവകാശങ്ങള്‍ നടപ്പിലായി കിട്ടാന്‍ 32-ാം വകുപ്പ് അനുസരിച്ച് കോടതിയെ സമീപിക്കാം എന്നത് മാത്രമാണ്. ഭരണഘടനാ വിദഗ്ധരുടെ അഭിപ്രായത്തില്‍ മൗലികാവകാശങ്ങളെക്കാള്‍ പ്രാധാന്യം നിര്‍ദ്ദേശക തത്വങ്ങള്‍ക്കുണ്ട്. ഭരണഘടന അനുസരിച്ച് എല്ലാ പൗരന്മാരും നിയമത്തിന്റെ മുന്നില്‍ സമന്മാരാണ്.
വ്യക്തിയുടെ അവകാശത്തേക്കാള്‍ ഏറെ സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും കടമകള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്ന സമൂഹമാണ് ഭാരതത്തിന്റെത്. ഓരോ വ്യക്തിയും അവരവരുടെ കടമകള്‍, കര്‍ത്തവ്യങ്ങള്‍ കൃത്യമായി നടപ്പിലാക്കിയാല്‍ മറ്റുള്ളവരുടെ അവകാശങ്ങള്‍ കൃത്യമായി സംരക്ഷിക്കപ്പെടും. മൗലികാവകാശങ്ങളും മൗലിക കര്‍ത്തവ്യങ്ങളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ഭരണഘടനയുടെ 75-ാംവര്‍ഷം ആഘോഷിക്കുമ്പോള്‍ മൗലിക കടമകള്‍ നിറവേറ്റേണ്ടത് ഓരോ ഭാരതീയ പൗരന്റെയും ഉത്തരവാദിത്വമാണ് എന്ന സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്നത് പ്രധാനമാണ്. ജനാധിപത്യം എന്നത് രക്തച്ചൊരിച്ചില്‍ കൂടാതെ ജനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുന്ന ഭരണത്തിന്റെ രൂപവും രീതിയുമാണ് എന്നാണ് ഡോ.അംബേദ്കര്‍ പറഞ്ഞിട്ടുള്ളത്. നമ്മുടെ രാജ്യം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി മാറിക്കൊണ്ടിരിക്കുന്നു. ഈ അവസരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള നമുക്ക് സ്വാഭിമാനത്തില്‍ ഊന്നി ലോകത്തിന് ആകമാനം വഴികാട്ടിയാകാന്‍ കഴിയണം. പ്രകൃതിയെ പരിരക്ഷിച്ച്, കുടുംബ സംവിധാനങ്ങളിലെ ഇഴയടുക്കിലും, പൗരബോധത്തിലും, മൗലിക കടമകളിലും, അതിരുകളില്ലാത്ത സാഹോദര്യത്തിലും സ്വദേശബോധത്തിലും ഊന്നിയ നമ്മുടെ സംസ്‌കാരം ലോകത്തിനു മുഴുവന്‍ മാതൃകയാകണം. നമ്മുടെ ഭരണഘടന അതിന് നമുക്ക് ഊര്‍ജ്ജദായകമാണ്.
(ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക