Editorial

മോദി പ്രഭാവത്തില്‍ മുട്ടുവിറച്ച് കാനഡ

Published by

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവത്തില്‍ ആഗോളതലത്തില്‍ ഭാരതം ആര്‍ജിക്കുന്ന അംഗീകാരത്തിനും സ്വാധീനത്തിനും തെളിവാണ്, ഭാരതത്തോടുള്ള ബന്ധത്തിന്റെ കാര്യത്തില്‍ കാനഡാ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കുണ്ടായ നിലപാടു മാറ്റം. കാനഡയിലെ ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ വധത്തില്‍ ഭാരതത്തിനും നരേന്ദ്ര മോദിക്കും പങ്കുണ്ടെന്ന പ്രസ്താവനയില്‍ നിന്നു പിന്‍വാങ്ങുകയും അത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയതിന് സ്വന്തം ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ പഴിക്കുകയുമാണ് കഴിഞ്ഞദിവസം ട്രൂഡോ ചെയ്തത്. സ്വന്തം രാജ്യത്തിനകത്തും രാജ്യാന്തര തലത്തിലും തനിക്കെതിരെ രൂപംകൊണ്ട ശക്തമായ വികാരമാണ് അദ്ദേഹത്തേക്കൊണ്ട് അതു ചെയ്യിച്ചത് എന്നു വ്യക്തം. ട്രൂഡോയുടെ നിലപാട്, ഭരത-കാനഡ ബന്ധം തന്നെ വഷളാക്കിയിരുന്നു. ഭീകരനായി ഭാരതം പ്രഖ്യാപിച്ച വ്യക്തിയാണ് ഖാലിസ്ഥാന്‍ വാദിയായ നിജ്ജര്‍. കാനഡയില്‍ വന്‍ സാന്നിധ്യമായ സിഖ് വിഭാഗത്തിന്റെ പ്രീതിയും പിന്‍തുണയും നേടാനായി ഖാലിസ്ഥാന്‍ ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ട്രൂഡോ തുടര്‍ന്നു പോന്നിരുന്നത്. അതിന്റെ ഭാഗമായിരുന്നു മോദിക്കെതിരായ പ്രസ്താവന. നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പിന്തുണ ട്രൂഡോയ്‌ക്ക് കരുത്തുപകരുകയും ചെയ്തിരുന്നു. പക്ഷേ, ഭാരതത്തിന്റെ കര്‍ശന നിലപാടും നയതന്ത്ര ബന്ധങ്ങളില്‍ വരുത്തിയ നിയന്ത്രണങ്ങളും ട്രൂഡോയെ ഉലച്ചു. അവിടുത്തെ പ്രതിപക്ഷം പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തി. ആനുകൂല്യങ്ങള്‍പറ്റി വളര്‍ന്നു പന്തലിച്ച ഖാലിസ്ഥാന്‍ വാദികള്‍ കാനഡയിലെ വെള്ളക്കാര്‍ക്കെതിരെ തിരിയുകയും ചെയ്തു. ഇതു കാനഡയില്‍ത്തന്നെ ട്രൂഡോയ്‌ക്കെതിരെ ശക്തമായ പ്രതിഷേധത്തിനു വഴിവച്ചു. അമേരിക്കന്‍ പ്രസിഡന്റു സ്ഥാനത്തേയ്‌ക്ക് ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതു ട്രൂഡോയ്‌ക്കുമേലുള്ള സമ്മര്‍ദം കൂട്ടി. ഭാരതത്തിനു കൂടുതല്‍ ശക്തി പകരുകയും ചെയ്തു. പിടിച്ചുനില്‍ക്കാനുള്ള തത്രപ്പാടില്‍ നിന്നാണ് ട്രൂഡോയുടെ ചുവടുമാറ്റവും പിഴവ് അംഗീകരിച്ചുകൊണ്ടുള്ള പ്രസ്താവനയും. ഇതിനിടെ കാനഡയില്‍ ഹിന്ദു ക്ഷേത്രത്തിനു നേരേയുണ്ടായ ആക്രമണത്തെ അപലപിക്കാനും കുറ്റവാളികളെ അറസ്റ്റു ചെയ്യാനും ട്രൂഡോ തയ്യാറായത് അതുകൊണ്ടുതന്നെയാണ്. അതു ഖാലിസ്ഥാന്‍ ഭീകരരെ പ്രകോപിപ്പിക്കുകയും ചെയ്തു.

ഭാരതത്തിനും ഹിന്ദു സമൂഹത്തിനും അനുകൂലമായ ശക്തമായ നിലപാടാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റായ ട്രംപ് കൈക്കൊള്ളുന്നത്. ഹിന്ദുക്കൂട്ടക്കൊലയേയും ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരായ അക്രമങ്ങളേയും അപലപിച്ച ട്രംപ് ബംഗ്ലാദേശിലെ ഹിന്ദു പീഡനങ്ങളേയും എതിര്‍ത്തു. ജി 20 ഉച്ചകോടിയില്‍ ഭാരതത്തിനും നരേന്ദ്രമോദിക്കും കിട്ടിയ അംഗീകാരവും ഗയാനയിലും റിപ്പബ്ലിക് ഓഫ് ഡൊമിനിക്കയിലും മോദിക്കു കിട്ടിയ സ്വീകാര്യതയും ബഹുമതികളും രാജ്യാന്തര തലത്തില്‍ മോദിയും ഭാരതവും എവിടെ നില്‍ക്കുന്നു എന്നതിന്റെ സൂചനയായിരുന്നു. ഇതിനൊക്കെ പുറമെയാണ് ആനുകൂല്യങ്ങളും പരിലാളനങ്ങളും ഉപയോഗിച്ചു വളര്‍ന്ന ഖാലിസ്ഥാന്‍ വാദികള്‍ കാനഡയിലെ വെള്ളക്കാര്‍ക്കെതിരെ നടത്തിയ വെല്ലുവിളി. യൂറോപ്യന്‍ കുടിയേറ്റക്കാരായ വെള്ളക്കാര്‍ രാജ്യംവിട്ടു പോകണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. കാനഡ തങ്ങളുടെ രാജ്യമാണെന്നും അവര്‍ പ്രഖ്യാപിച്ചു.

ലോകം നേരിടുന്ന ഇസ്ലാമിക ഭീകരതയുടെ വേറൊരു മുഖമാണ് കാനഡ ഇന്ന് അഭിമുഖീകരിക്കുന്നത്. ഭാരതത്തിലെ മുന്‍ ഭരണകക്ഷികളായ ഇന്നത്തെ പ്രതിപക്ഷം പിന്‍തുടര്‍ന്ന വോട്ട് ബാങ്ക് രാഷ്‌ട്രീയം തന്നെയാണ് കാനഡയേയും ഈ നിലയിലെത്തിച്ചത് എന്നു പറയാം. അതുകൊണ്ടുതന്നെ കാനഡയുടെ നിസ്സഹായാവസ്ഥ ഭാരതത്തിലെ പ്രതിപക്ഷങ്ങള്‍ക്കും പാഠമാകേണ്ടതാണ്.

കാര്യങ്ങള്‍ കൈവിട്ടപോകുന്നു എന്നു വ്യക്തമായതിന്റെ ഫലമാണ് ട്രൂഡോയുടെ നിലപാടുമാറ്റം. അതു കാലത്തിന്റെ നിയോഗമാണ്. കാരണം, ഏതുരൂപത്തിലുമുള്ള ഭീകരതയ്‌ക്കെതിരെയും കടുത്ത നിലപാട് എടുക്കുന്ന നയമാണ് ഭാരതത്തിന്റേത്. അതിന് ലഭിക്കുന്ന അംഗീകാരം ആഗോളതലത്തില്‍ ഭാരതത്തിന് അനുകൂലമായ ചിന്ത വളര്‍ത്തുന്നുമുണ്ട്. ചൈനയുടെ പോലും നിലപാടു മയപ്പെട്ടത് അതിന്റെ ഫലമാണ്. ഒരു ശക്തിക്കും എതിര്‍ക്കാനാവാത്ത നിലപാടാണത്. അങ്ങേയറ്റം ബാലിശമാണ് പുതിയ നിലപാടിനെ ന്യായീകരിക്കാന്‍ ട്രൂഡോ നടത്തിയ പ്രസ്താവന. നിജ്ജര്‍ വധത്തില്‍ നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും പങ്കുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന മാധ്യമ വാര്‍ത്തയുടെ പേരിലാണ് ഭാരതത്തിനെതിരെ അദ്ദേഹം കടുത്ത നിലപാടെടുത്തത്. അതു തിരുത്തുമ്പോള്‍ പറയുന്നത്, തെറ്റായ റിപ്പോര്‍ട്ടു തയ്യാറാക്കുകയും അതു ചോര്‍ത്തിക്കൊടുക്കുകയും ചെയ്ത ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ക്രിമിനലുകളാണെന്നാണ്. സ്വന്തം ഉദ്യോഗസ്ഥരുടെ പിഴവ് മനസ്സിലാക്കാതെയും അന്വേഷിക്കാതെയും മാധ്യമവാര്‍ത്തയുടെ പേരില്‍ രാജ്യാന്തര നിലപാടെടുത്ത കാനഡ പ്രധാനമന്ത്രി ട്രൂഡോ, ഫലത്തില്‍ സ്വയം കുഴിച്ച കുഴിയില്‍ത്തന്നെയാണു വീണത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by