Article

ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ തകരുന്ന കുടുംബാധിപത്യം

Published by

ഹാരാഷ്‌ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളും രാജ്യവ്യാപകമായി 48 നിയമസഭ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങളുമാണ് കഴിഞ്ഞദിവസം വന്നത്. ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്‌ട്രയില്‍ ചരിത്രത്തില്‍ ഏതെങ്കിലും ഒരു രാഷ്‌ട്രീയ പാര്‍ട്ടി നേടുന്ന ഏറ്റവും വലിയ വിജയമാണ് ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം കൈവരിച്ചത്. 288 അംഗ നിയമസഭയില്‍ 235 സീറ്റ് നേടിയ ബിജെപി സഖ്യം മൊത്തം നിയമസഭാ സീറ്റിന്റെ 80 ശതമാനത്തിലേറെ കൈവരിച്ചു. പ്രതിപക്ഷ നേതൃസ്ഥാനം നേടാന്‍ വേണ്ട 10 ശതമാനം സീറ്റ് ഒരു പ്രതിപക്ഷ കക്ഷിക്കും കിട്ടിയില്ല. ബിജെപി ഒറ്റയ്‌ക്ക് 132 സീറ്റ് നേടി വലിയ ഒറ്റക്കക്ഷിയായി. ആറുമാസം മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൈവരിച്ച നേട്ടത്തില്‍ നിന്ന് മഹാവികാസ് അഘാഡി നിലംപൊത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 48 സീറ്റില്‍ 31 എണ്ണം നേടിയെങ്കിലും അന്നും ബിജെപിയുടെ വോട്ടില്‍ കാര്യമായ ചോര്‍ച്ച വന്നില്ല. എന്നിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗണ്യമായ നേട്ടം കൈവരിക്കുമെന്നും മഹാരാഷ്‌ട്ര പിടിക്കുമെന്നും നരേന്ദ്രമോദി ദുര്‍ബലന്‍ ആകുമെന്നും ഒക്കെയായിരുന്നു പ്രചാരണം. ഹരിയാന തെരഞ്ഞെടുപ്പിലും ഈ പ്രചാരണം ശക്തമായിരുന്നെങ്കിലും അവിടെയും വന്‍ കുതിപ്പോടെ ബിജെപി തിരിച്ചെത്തി. ഐഎന്‍ഡിഐഎ സഖ്യത്തില്‍ പാളയത്തില്‍ പട തുടങ്ങിയിരുന്നതാണ്. ഭാരതത്തിന്റെ അഖണ്ഡത ഉറപ്പാക്കുകയും ആരോടും പ്രീണനമില്ലാത്ത എല്ലാവരോടും സമഭാവന പുലര്‍ത്തുന്ന രാഷ്‌ട്രീയ നിലപാടോടെയുള്ള ബിജെപിയുടെ ചരിത്രയാത്രയ്‌ക്ക് വീണ്ടും അംഗീകാരം നല്‍കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം. 15 സംസ്ഥാനങ്ങളിലായി 48 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പകുതിയിലേറെ സീറ്റുകള്‍ നേടി 29 മണ്ഡലങ്ങള്‍ വിജയിച്ച ബിജെപി ഒരിക്കല്‍ക്കൂടി അപ്രമാദിത്തം പ്രകടമാക്കി.

ദേശീയ രാഷ്‌ട്രീയത്തിലും മുന്നണി ബന്ധങ്ങളിലും ഇത്തവണത്തെ തെരഞ്ഞെടുപ്പ് വന്‍ സ്വാധീനം സൃഷ്ടിക്കും. പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും എന്ന് രാഷ്‌ട്രീയ നിരീക്ഷകരും പറയുന്നു. മറാത്തയിലെ മണ്ണിന്റെ മക്കള്‍ രാഷ്‌ട്രീയത്തില്‍ നിന്ന് സ്വാഭിമാന ഹിന്ദുത്വത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് ദേശീയതയുടെ ശബ്ദമായ ബിജെപിയുടെ സ്വാഭാവിക മിത്രവും സഖ്യകക്ഷിയും ആയി മാറിയ ശിവസേനയ്‌ക്കുണ്ടായിരുന്ന ആധികാരികമായ ബലവും ശക്തിയും കൂട്ടുകെട്ടിന്റേതായിരുന്നു. മറുപക്ഷത്ത് ചേര്‍ന്നാല്‍ അധികാരം ലഭിക്കുമെന്ന് വന്നപ്പോള്‍ മിത്രദ്രോഹം നടത്തി രാഷ്‌ട്രതാല്‍പര്യങ്ങള്‍ ബലികഴിച്ച് സ്വാര്‍ത്ഥതയുടെയും സ്വജനപക്ഷപാതത്തിന്റെയും അധികാര മോഹത്തിന്റെയും പ്രതീകമായി മാറിയ ഉദ്ധവിന്റെ ശിവസേന ഇക്കുറി ചരിത്രത്തിലേക്കാണ് വലിച്ചെറിയപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ 105 സീറ്റും ശിവസേനയുടെ 56 സീറ്റും ആയി അധികാരത്തില്‍ എത്തേണ്ടിയിരുന്ന ബിജെപിയെ പാലം വലിച്ച ഉദ്ധവിന് ഇക്കുറി കിട്ടിയത് വെറും 20 സീറ്റുകള്‍. ശിവസേന കഴിഞ്ഞതവണ നേടിയ സീറ്റിനു പകരം 57 സീറ്റ് നേടി ഏകനാഥ് ഷിന്‍ഡേ വിഭാഗം യഥാര്‍ത്ഥ ശിവസേന തങ്ങളാണെന്ന് തെളിയിച്ചു. ബാല്‍ താക്കറെയുടെ പൈതൃകം കുടുംബത്തിന് അല്ല പകരം യഥാര്‍ത്ഥ ശിവസൈനികര്‍ക്കാണ് എന്ന കാര്യം കൂടി ഈ തെരഞ്ഞെടുപ്പില്‍ തെളിയിക്കപ്പെട്ടു.

ഏതാണ്ട് അതേ അവസ്ഥയിലാണ് ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ കിങ് മേക്കര്‍ എന്ന് സ്വയം അവകാശപ്പെടുകയും പ്രഖ്യാപിക്കുകയും ചെയ്ത ശരത് പവാര്‍. കഴിഞ്ഞ തവണ 54 സീറ്റുമായി കോണ്‍ഗ്രസിന് ഒപ്പം നിന്ന ശരത് പവാറാണ് ബിജെപി സഖ്യത്തില്‍ നിന്ന് ശിവസേനയെ അടര്‍ത്തിയെടുത്ത് ഉദ്ധവിനെ മുഖ്യമന്ത്രിയാക്കി അധികാരം പിടിച്ചത്. മഹാരാഷ്‌ട്രയില്‍ കാര്യമായ നേതൃത്വമോ നേതാക്കളോ ഇല്ലാത്ത കോണ്‍ഗ്രസിന് ഒരിക്കലും ശിവസേനയെ അടര്‍ത്തിയെടുക്കാനുള്ള വിശ്വാസ്യത ഉണ്ടായിരുന്നില്ല. പിന്നീട് കണക്കുതീര്‍ത്ത ബിജെപി നേതൃത്വം ശിവസേനയെ പിളര്‍ത്തി മരുമകനായ അജിത് പവാറിന് ഒപ്പം 41 എംഎല്‍എമാരെ പുറത്തേക്കു കൊണ്ടുവന്ന് പുതിയ മുന്നണി ഉണ്ടാക്കി തിരിച്ചടിച്ചു. ബരാമതിയുടെ രാജാവ് എന്ന സ്വയം പ്രഖ്യാപിത നേതാവ് എന്‍സിപിയുടെ ചക്രവര്‍ത്തി താന്‍ തന്നെയാണെന്ന് നിരന്തരം പ്രഖ്യാപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തേക്കാള്‍ മുന്നിലെത്തിയതോടെ ഈ അവകാശവാദം കൂടുതല്‍ ശക്തമായി ഉന്നയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും പതിനൊന്ന് സീറ്റിലേക്ക് ഒതുങ്ങിയതോടെ ശരത് പവാറിന്റെ വാട്ടര്‍ ലൂ ആയി അത് മാറിക്കഴിഞ്ഞു. മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലും ഭാരത രാഷ്‌ട്രീയത്തിലും ശരത് പവാര്‍ എന്ന യുഗം ഇതോടെ അസ്തമിക്കും. ഇനിയൊരിക്കലും തിരിച്ചുവരാന്‍ കഴിയാത്ത വിധം രാഷ്‌ട്രീയ വനവാസത്തിലേക്ക് തന്നെയാകും ശരത് പവാര്‍ പോവുക. പാര്‍ട്ടി നേതാക്കളെയും അജിത് പവാര്‍ അടക്കമുള്ളവരെയും തള്ളി മകള്‍ സുപ്രിയ സുലെ മാത്രമാണ് തന്റെ പിന്‍ഗാമി എന്ന് പ്രഖ്യാപിക്കാനുള്ള പവാറിന്റെ ശ്രമങ്ങളും തകര്‍ന്നടിഞ്ഞു. ബിറ്റ്‌കോയിന്‍ അഴിമതി അടക്കം നിരവധി ആരോപണങ്ങളും പ്രതിസന്ധികളുമായി സുപ്രിയയും ഒരു മുങ്ങുന്ന കപ്പലായി മാറിക്കഴിഞ്ഞു. മഹാരാഷ്‌ട്രയിലെ രണ്ടു കുടുംബങ്ങള്‍ ചരിത്രത്തിലേക്ക് എരിഞ്ഞടങ്ങുമ്പോള്‍ അത് ഭാരത രാഷ്‌ട്രീയത്തിലെ കുടുംബാധിപത്യത്തിനു കൂടിയാണ് ചരമക്കുറിപ്പ് എഴുതുന്നത്. രാഹുലും സോണിയയും അടങ്ങുന്ന ‘വ്യാജ ഗാന്ധി’കുടുംബവും ഉദ്ധവ് താക്കറെയുടെയും ശരത് പവാറിന്റെയും കുടുംബങ്ങളും ഒന്നിച്ചാണ് വിസ്മൃതിയിലേക്ക് നീങ്ങുന്നത്. പ്രിയങ്ക നേടിയ വിജയമോ ഝാര്‍ഖണ്ഡിലെ ജെഎംഎം വിജയമോ ദേശീയ രാഷ്‌ട്രീയത്തില്‍ ഈ കുടുംബങ്ങളുടെ സ്വാധീനവും അപ്രമാദിത്തവും നിലനിര്‍ത്താന്‍ ഒരിക്കലും സഹായിക്കില്ലെന്ന് വ്യക്ത്യം.

യുപിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന 9 സീറ്റുകളില്‍ ആറെണ്ണം ബിജെപി നേടി. മാത്രമല്ല സമാജ്‌വാദി പാര്‍ട്ടി കഴിഞ്ഞ 31 വര്‍ഷമായി കയ്യടക്കി വെച്ചിരുന്ന കുന്ദര്‍ക്കി മണ്ഡലം ബിജെപി പിടിച്ചെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്നോക്കം പോയത് പഴങ്കഥ മാത്രമാക്കി യോഗി ആദിത്യനാഥ് തിരിച്ചുവരുമ്പോള്‍ അസമില്‍ ശക്തമായ സ്വാധീനം നിലനിര്‍ത്തുകയാണ് ബിജെപി. അഞ്ചു സീറ്റുകളില്‍ അഞ്ചും ബിജെപി ജയിച്ചു. രാജസ്ഥാനിലും ബീഹാറിലും എന്‍ഡിഎ ജൈത്രയാത്ര തുടരുമ്പോള്‍ ബംഗാളില്‍ മാത്രമാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആധിപത്യം ഉറപ്പിച്ചത്.

കേരളത്തില്‍ മുന്നണികള്‍ തല്‍സ്ഥിതി തുടര്‍ന്നു. പക്ഷേ ജിഹാദി പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളുടെ കേന്ദ്രീകരണവും പ്രവര്‍ത്തനവും വയനാട് ലോക്‌സഭാ സീറ്റിലും പാലക്കാട്ടും പ്രകടമായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം 2000 വോട്ട് കടന്നപ്പോള്‍ പാലക്കാട്ട് നഗരത്തില്‍ പ്രകടനം നടത്തിയ എസ്ഡിപിഐയുടെ അവകാശവാദം കോണ്‍ഗ്രസും യുഡിഎഫും അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. വയനാട് ലോകസഭാ മണ്ഡലത്തില്‍ ബിജെപിക്ക് കാര്യമായ ക്ഷീണം ഉണ്ടായില്ല. നവ്യാ ഹരിദാസിന് പ്രകടമായ മുന്നേറ്റം കൈവരിക്കാനായി. അതേസമയം ഭരണം മുന്നണിയായിട്ടും ഇടതുമുന്നണിയുടെ വോട്ടില്‍ ഉണ്ടായ ചോര്‍ച്ചയുടെ കാരണം ഇനിയെങ്കിലും വ്യക്തമാക്കാന്‍ സിപിഐക്ക് കഴിയുമോ? ഇടതുമുന്നണി രാഷ്‌ട്രീയത്തിലെ മിതവാദിയും മാന്യനുമായ സത്യന്‍ മൊകേരിയെ സിപിഎം പിന്നില്‍ നിന്ന് കുത്തി എന്ന കാര്യത്തില്‍ സിപിഐക്ക് മാത്രമല്ല സിപിഎമ്മിലെയും സത്യസന്ധരായ നേതാക്കള്‍ക്ക് അഭിപ്രായവ്യത്യാസമില്ല.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by