ശിവക്ഷേത്രത്തില്‍ ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് ജലധാര. ക്ഷിപ്രകോപിയും സംഹാരത്തിന്റെ മൂര്‍ത്തിമദ്ഭാവവുമായ ശിവനേ ധാരയായി, ഇടമുറിയാതെ, നിര്‍ത്താതെ, ധാരാളം ജലം ശിരസ്സില്‍ ഒഴിച്ച് തണുപ്പിക്കുന്ന ചടങ്ങാണ് ധാര എന്ന് ലളിതമായി പറയാം. ശിവനെ വളരെ മുന്‍കോപി ആയാണ് പുരാണങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നത്. ബ്രഹ്മാവ് സൃഷ്ടിയുടെയും, വിഷ്ണു സ്ഥിതി യുടെയുംശിവന്‍ സംഹാരത്തിന്റെ യും മൂര്‍ത്തിമാരായി സങ്കല്‍പ്പിക്കുന്നു. ശിവന്റെ മൂന്നാം കണ്ണിലെ അഗ്‌നി ലോകത്തെ മുഴുവന്‍ തന്നെ നശിപ്പിക്കുവാന്‍ ശക്തിയുള്ളതാണ്. ലോകം അവസാനിക്കേണ്ട കാലത്ത് സംഹാര സ്വരൂപിയായിരിക്കുന്ന ശിവന്‍ തന്നെയാണ് പ്രപഞ്ചത്തെ മുഴുവന്‍ തന്നെയും സംഹരിക്കുന്നത് എന്ന് പറയുന്നു..
ഒരിക്കല്‍ തന്റെ മനസ്സിലേക്ക് ഭൗതിക ചിന്തകളുടെ കാമാസക്തി യെ ഉണര്‍ത്തിവിടുന്നതിനായി പുഷ്പശരം പ്രയോഗിച്ച കാമദേവനെ പോലും ശിവന്‍ മൂന്നാം കണ്ണ് തുറന്ന് ദഹിപ്പിച്ചു കളഞ്ഞു എന്ന് പുരാണങ്ങളില്‍ ഉണ്ട്. ഇപ്രകാരം ഏറ്റവും കോപിഷ്ഠനായി ഇരിക്കുന്ന ശിവനെ ധാര എന്ന് പറയുന്ന ചടങ്ങിലൂടെ നിരന്തരം ജല അഭിഷേകം ചെയ്ത് തണുപ്പിക്കുകയാണ് ചെയ്യുന്നത്.. വൈദികമായ ധാരാളം മന്ത്രങ്ങള്‍ ധാര എന്ന ചടങ്ങില്‍ ജപത്തിനായി ഉപയോഗിക്കുന്നു.
സപ്തശുദ്ധി, വേദാദി, ശ്രീ രുദ്ര മന്ത്രം, ചമകം, രുദ്ര സൂക്തങ്ങള്‍, പുരുഷസൂക്തം, ഭാഗ്യസൂക്തം, ആയുസൂക്തം, സംവാദ സൂക്തം, വേദ അവസാനം എന്നിവയാണ് ധാര സമയത്ത് ജപത്തിനുവേണ്ടി ഉപയോഗിക്കുന്നത്.ശിവ ഭഗവാന്റെ വിഗ്രഹത്തിന് മുകളിലായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ധാര പാത്രത്തില്‍, പൂജിച്ച തീര്‍ത്ഥജലം ഒഴിക്കുന്നു. ജലത്തില്‍ ദര്‍ഭ പുല്ല് കൊണ്ട് തൊട്ട് ഈ മന്ത്രം മുഴുവനും ജപിക്കുക ആണ് ചടങ്ങ്.
ഈ മന്ത്രങ്ങള്‍ മുഴുവന്‍ ജപിക്കുന്നതിന് ആകട്ടെ വളരെയധികം സമയം വേണ്ടിവരും. നവീകരണ കലശം, പ്രതിഷ്ഠ, ഉത്സവം തുടങ്ങിയ പ്രധാനപ്പെട്ട ചടങ്ങുകളുടെ ഭാഗമായി ധാര നടത്തുമ്പോള്‍ ഇപ്രകാരമെല്ലാ മന്ത്രങ്ങളും ജപിച്ച് വളരെയധികം സമയമെടുത്ത് ചെയ്യാറുണ്ട്.സാധാരണഗതിയില്‍ ക്ഷേത്രങ്ങളില്‍ വഴിപാടായി ചെയ്യുമ്പോള്‍ മൂന്നു മണിക്കൂര്‍ സമയമെടുത്ത് ഈ എല്ലാ മന്ത്രങ്ങളും ജപിക്കുക എന്നത് പ്രായോഗികമല്ല.
എള്ളെണ്ണ, നെയ്യ്,പനിനീര്, ഇളനീര്, പാല്‍,എന്നിവ കൊണ്ടെല്ലാം ധാര നടത്താറുണ്ട് എന്നാല്‍ ഏത് ദ്രവ്യം കൊണ്ടാണ് ധാര നടത്താന്‍ ഉദ്ദേശിക്കുന്നത് ആ ദ്രവ്യം ഇടമുറിയാതെ ധാരയായി ശിവലിംഗത്തിന്റെ ശിരസ്സിലേക്ക് മന്ത്രജപം കഴിയുന്നതു വരെയും വീഴുകയാണ് വേണ്ടത്. അതിനനുസരിച്ച് ദ്രവ്യങ്ങള്‍ അത്രയധികം കരുതേണ്ടിവരും എന്ന് സാരം.. ഈ പറഞ്ഞ വിശിഷ്ട വസ്തുക്കള്‍ ഒന്നുമില്ലാതെ ജലം കൊണ്ട് മാത്രമായും ധാര നടത്താറുണ്ട്. ഇതിനെയാണ് ജലധാര എന്ന് പറയുന്നത്. വെളുപ്പിന് അഭിഷേകം കഴിഞ്ഞാല്‍ അന്നേരം തന്നെയാണ് ധാര നടത്തുക പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: