India

വഖഫ് ഭീകരതയ്‌ക്കെതിരേ മുസ്ലിങ്ങളും; കുന്ദര്‍ക്കിയിലെ ബിജെപി വിജയത്തില്‍ നടുങ്ങി പ്രതിപക്ഷം

Published by

ന്യൂദല്‍ഹി: ശീതകാല സമ്മേളനത്തില്‍ വഖഫ് ബില്‍ പാസാക്കാനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും വലിയ ആത്മവിശ്വാസം നല്കി യുപിയിലെ കുന്ദര്‍ക്കി നിയമസഭാ ഉപതെരഞ്ഞെടുപ്പു വിജയം. മൂന്നു പതിറ്റാണ്ടായി സമാജ് വാദി പാര്‍ട്ടിയുടെ മുസ്ലിം സ്ഥാനാര്‍ത്ഥികളെ മാത്രം വിജയിപ്പിച്ച, 82 ശതമാനത്തിലേറെ മുസ്ലിങ്ങളുള്ള മണ്ഡലത്തിലെ ബിജെപി വിജയം 1.45 ലക്ഷം വോട്ട് ഭൂരിപക്ഷത്തിലാണ്. എസ്പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് വെറും 25,000 വോട്ട്. പാവപ്പെട്ട മുസ്ലിങ്ങളുടെ ഭൂമി പിടിച്ചെടുത്ത വഖഫ് ബോര്‍ഡിനെതിരായ മുസ്ലിം സമൂഹത്തിന്റെ രോഷമാണ് തെരഞ്ഞെടുപ്പു ഫലത്തിനു വഴി തുറന്നത്. രാജ്യമെങ്ങുമുള്ള വഖഫ് ഭൂമി പ്രശ്നത്തില്‍ പാവപ്പെട്ട മുസ്ലിങ്ങളുടെ പിന്തുണ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമാണെന്ന് വ്യക്തമാക്കുന്ന ജനവിധിയാണ് മൊറാദാബാദിലെ കുന്ദര്‍ക്കി സീറ്റിലെ ബിജെപി നേതാവ് രാംവീര്‍ സിങ്ങിന്റെ ജയം.

യുപിയില്‍ ഉടനീളമുള്ള തെരുവുകച്ചവടക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന മണ്ഡലമാണ് കുന്ദര്‍ക്കി. ആകെ പോള്‍ ചെയ്ത രണ്ടു ലക്ഷത്തോളം വോട്ടില്‍ 1,70,371 വോട്ടാണ് രാംവീര്‍ സിങ്ങിനു ലഭിച്ചത്. ഭൂരിപക്ഷം 1,44,791 വോട്ട്. രണ്ടാം സ്ഥാനത്തെത്തിയ എസ്പിയിലെ മുഹമ്മദ് റിസ്‌വാന് കിട്ടിയത് 25,580 വോട്ട്. പതിനൊന്ന് മുസ്ലിം സ്ഥാനാര്‍ത്ഥികളാണ് മണ്ഡലത്തില്‍ മത്സരിച്ചത്. ഇത്രയും പേരെ പരാജയപ്പെടുത്തി ബിജെപി മണ്ഡലത്തില്‍ വിജയിക്കുമ്പോള്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെ ഭരിക്കുന്ന യുപി, കേന്ദ്ര സര്‍ക്കാരുകള്‍ക്കുള്ള അംഗീകാരം കൂടിയാണിത്. മുസ്ലിങ്ങളുടെ വോട്ട് ആരുടെയും കുത്തകയല്ലെന്നും സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഇത് ഓര്‍ക്കണമെന്നും പറയുന്ന മുസ്ലിം കച്ചവടക്കാരുടെ വീഡിയോയ്‌ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രചാരമാണ് ലഭിച്ചത്. കേന്ദ്ര, യുപി സര്‍ക്കാരുകളുടെ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മുസ്ലിം ഗ്രാമങ്ങള്‍ക്കടക്കം വേര്‍തിരിവുണ്ടായിട്ടില്ലെന്നും ജനങ്ങള്‍ ജാതി- മത ഭിന്നതകള്‍ക്കപ്പുറം ജനക്ഷേമ നടപടികള്‍ നടപ്പാക്കുന്ന പാര്‍ട്ടിയെയാണ് സ്വീകരിച്ചതെന്നും മണ്ഡലത്തിന്റെ ചുമതലയുള്ള സംസ്ഥാന സഹകരണ മന്ത്രി ജെപിഎസ് റാത്തോഡ് പ്രതികരിച്ചു. യുപിയില്‍ ഉപതെരഞ്ഞെടുപ്പു നടന്ന ഒന്‍പതു മണ്ഡലങ്ങളില്‍ ഏഴിടത്തും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക