സിംഗപ്പൂര്‍ സിറ്റി: ലോക ചെസ് കിരീടത്തിനായുള്ള പോരില്‍ ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരം ഗുകേഷിന് തോല്‍വി. നിലവിലെ ലോകചാമ്പ്യനായ ചൈനീസ് താരം ഡിങ്ങ് ലിറന്‍ വിജയിച്ചു. ഇതോടെ കളി 1-0 എന്ന നിലയിലായി.
വെള്ളക്കരുക്കള്‍ കൊണ്ട് കളിക്കുന്നയാള്‍ക്കുള്ള മേല്‍ക്കൈ നേടാന്‍ ഗുകേഷിന് ആയില്ല. വെള്ളക്കരുക്കള്‍ കൊണ്ട് കളിച്ച ഗുകേഷ് രാജാവിന് മുന്‍പിലെ കാലാളിനെ ഇ4 എന്ന കളത്തിലേക്ക് നീക്കിയാണ് ആദ്യനീക്കം നടത്തിയത്. ഇതിന് ഫ്രഞ്ച് ഡിഫന്‍സിലായിരുന്നു ഡിങ്ങ് ലിറന്റെ മറുപടി. തുടക്കത്തില്‍ സമയത്തിന്റെ മുന്‍തൂക്കം നേടിയിട്ടും പിന്നീടുള്ള നീക്കങ്ങളില്‍ ഇത് ഗുകേഷ് തുലച്ചുകളയുകയായിരുന്നു.
കഴിഞ്ഞ 304 ദിവസങ്ങള്‍ക്ക് ശേഷമാണ് ഡിങ്ങ് ലിറന്‍ ഒരു കളി ജയിക്കുന്നത് എന്നതാണ് രസകരം. 2024ല്‍ ഇതുവരെ വലിയ പരാജയങ്ങള്‍ ഏറ്റുവാങ്ങാത്ത, ഏറെ വിജയങ്ങള്‍ നേടിയ കളിക്കാരനായിട്ടും ആദ്യമത്സരത്തിലെ പരാജയം ഞെട്ടലോടെയാണ് ഇന്ത്യന്‍ ചെസ് ആരാധകര്‍ സ്വീകരിച്ചത്.
സിംഗപ്പൂരിലെ ലോകപ്രശസ്തമായ റിസോര്‍ട്സ് വേള്‍ഡ് സെന്‍റോസയിലാണ് മത്സരം നടക്കുന്നത്.
പാഡി അപ്ടണ്‍ ഒരുക്കിയിട്ടും…
പൊതുവെ മനസ്സിന്റെ കളി കൂടിയാണ് ചെസ്. ലോക ചെസ് കിരീടത്തിലെ പോരില്‍ അപാര മനസ്ഥൈര്യമുള്ള താരത്തിനാണ് വിജയത്തിന്റെ പൂട്ട് തുറക്കാന്‍ കഴിയുക എന്ന് വിശ്വനാഥന്‍ ആനന്ദ് പ്രസ്താവിച്ചിരുന്നു. അതിനാല്‍ പാഡി അപ്ടണ്‍ എന്ന ലോകപ്രശസ്തനായ മെന്‍റല്‍ കോച്ച് ആണ് ഗുകേഷിനെ മാനസികമായി ഒരുക്കുന്നത്. വെല്ലുവിളികള്‍ക്ക് മുന്‍പില്‍ ശാന്തമായ മനസ്സോടെ തീരുമാനമെടുക്കലാണ് പ്രധാനം. പക്ഷെ ഗുകേഷ് സമപ്രായക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച മാനസിക നിയന്ത്രണം ഉള്ള യുവാവാണെന്ന് പാഡി അപ്ടണ്‍ പറയുന്നു. പക്ഷെ ആദ്യ പരാജയം എങ്ങിനെയാണ് ഗുകേഷിനെ ബാധിക്കുക എന്ന ആശങ്ക പൊതുവേയുണ്ട്.
ആദ്യം ഏഴരപോയിന്‍റ് നേടുന്നയാല്‍ ലോകചാമ്പ്യനാകും
14 ഗെയിമുകളില്‍ ആരാണോ 7.5 പോയിന്‍റ് നേടുന്നത് അയാള്‍ വിജയിയാകും. 14 ഗെയിം കഴിഞ്ഞും ഇരുകൂട്ടരും തുല്യപോയിന്‍റോടെ നിന്നാല്‍ അതിവേഗ സമയക്രമം ഏര്‍പ്പെടുത്തി നടത്തുന്ന പോരാട്ടത്തില്‍ ജയിക്കുന്ന ആള്‍ ജേതാവാകും.
വിശ്വനാഥന്‍ ആനന്ദ് 2012ല്‍ ലോകചാമ്പ്യനായശേഷം ഇന്ത്യയ്‌ക്ക് കഴിഞ്ഞ 12 വര്‍ഷമായി എത്തിപ്പിടിക്കാന്‍ കഴിയാത്ത ചെസ്സിലെ ലോകകിരീടം നേടാനാണ് ഗുകേഷിന്റെ ശ്രമം. മാഗ്നസ് കാള്‍സനും ഗാരി കാസ്പറോവും ഇയാന്‍ നെപോമ്നിഷിയും ഉള്‍പ്പെടെ ലോക ചെസ് താരങ്ങളെല്ലാം ഗുകേഷിന്റെ വിജയമാണ് പ്രവചിച്ചിരുന്നത്.കാരണം 2024ല്‍ പൊതുവേ ഗുകേഷ് മികച്ച ഫോമിലായിരുന്നു. അതേ സമയം ചൈനീസ് താരം ചില രഹസ്യ ഒരുക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഫോം നഷ്ടപ്പെട്ടവനെപ്പോലെ നിന്നത് ഡിങ്ങ് ലിറന്റെ അഭിനയമോ?
പരാജിതനെപ്പോലെയും കളിയാത്തവനെപ്പോലെയുമാണ് കഴിഞ്ഞ കുറെ മാസങ്ങളായി ഡിങ്ങ് ലിറന്‍ നിന്നിരുന്നത്. ഇത് അഭിനയമാണെന്ന് പലരും താക്കീത് നല്‍കിയിരുന്നു. രഹസ്യമായി അദ്ദേഹം ഗുകേഷിനെതിരെ ഒരുങ്ങുകയായിരുന്നുവെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇതിനായി ചൈന വന്‍ ടീമിനെ ഒരുക്കിയിരുന്നതായും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക