Varadyam

കുംഭമേളയുടെ പൈതൃകം വീണ്ടെടുത്ത് ജ്ഞാന മഹാകുംഭം

Published by

കുംഭമേളകള്‍ക്കായി യുപിയിലെ പ്രയാഗ്‌രാജ് ഒരുങ്ങുന്നു. ഭാരതത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ പ്രമുഖ സ്ഥാനമാണ് പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ നടക്കുന്ന കുംഭമേളയ്‌ക്കുള്ളത്. 12 വര്‍ഷത്തിലൊരിക്കല്‍ ഋഷി-മുനിമാരും സാധു സന്തുക്കളും പ്രയാഗില്‍ ഒരുമിച്ചുകൂടി രാഷ്‌ട്ര ജീവിതത്തിന്റെ വിവിധ രംഗങ്ങളിലെ വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യുന്നു. കാലാന്തരത്തില്‍ നഷ്ടപ്പെട്ട ഈ പാരമ്പര്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണിപ്പോള്‍.

അടുത്ത വര്‍ഷം ജനുവരി -ഫെബ്രുവരി മാസങ്ങളിലായാണ് പ്രയാഗിലെ കുംഭമേള. സ്വതന്ത്ര ഭാരതത്തിലെ അമൃതകാലത്തിന്റെ തുടക്കത്തില്‍ നടക്കുന്ന ഈ കുംഭമേളയ്‌ക്ക് അതുകൊണ്ടുതന്നെ മാനങ്ങളേറെയാണ്.

”ആത്മനോ മോക്ഷാര്‍ത്ഥം ജഗദ് ഹിതായ:ച” എന്നതാണ് ഭാരതത്തിന്റെ ജീവിതത്തോടുള്ള സമീപനം. ആ മാര്‍ഗത്തെ സഫലമാക്കാനുള്ള ക്ഷമതാര്‍ജ്ജനമാണ് വിദ്യാഭ്യാസം.

വികസിത ഭാരതം വിദ്യാഭ്യാസത്തിലൂടെ

”ലോകാ സമസ്താ സുഖിനോ ഭവന്തു” എന്നതാണ് ഭാരതത്തിന്റെ പ്രാര്‍ത്ഥന. ”ആനോ ഭദ്ര ക്രതവോ യന്തു വിശ്വത:” എന്നതാണ് സമീപനം. ”കൃണ്വന്തോ വിശ്വമാര്യം” എന്നതാണ് ലക്ഷ്യം. ഭാരതത്തിന്റെ ഈ ചിരന്തന സംസ്‌കാരത്തിന്റെ ദൗത്യപൂര്‍ത്തിയാണ് ലോകം ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരം. അതിന് നേതൃത്വം നല്‍കാന്‍ കഴിയുന്ന വ്യക്തികളേയും മാതൃകയാക്കാവുന്ന സമാജത്തേയും സൃഷ്ടിക്കുക എന്നതാണ് ഇന്നിന്റെ ആവശ്യം. വിദ്യാഭ്യാസ പരിവര്‍ത്തനത്തിലൂടെ മാത്രമേ അത് സാധ്യമാകൂ.

അറിവിനെ സര്‍വ്വതിലും ശ്രേഷ്ഠമായാണ് ഭാരതം കണ്ടത്. ”ന ജ്ഞാനേന സദൃശ്യം”- എന്ന് ഭഗവത്ഗീത പറയുന്നു. ”വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം” എന്ന് മലയാളത്തില്‍ പറഞ്ഞു വരുന്നു. നമ്മുടെ നാടിന് ഭൂമിശാസ്ത്രപരമായി പല പേരുകളും സിദ്ധിച്ചിട്ടുണ്ടെങ്കിലും അറിവ് സമ്പാദിക്കുന്നതിന് നല്‍കുന്ന പ്രാധാന്യത്തില്‍ നിന്നാണ് ഭാരതം എന്ന പേരു ലഭിച്ചത്.

ബ്രിട്ടീഷുകാര്‍ അവരുടെ അധിനിവേശ ഭരണം നിലനിര്‍ത്താനാവശ്യമായ വിദ്യാഭ്യാസമാണ് ഇവിടെ നടപ്പാക്കിയത്. സ്വാതന്ത്ര്യം ലഭിച്ചയുടന്‍ മഹാത്മജി നെഹ്‌റുവിനോട് ആവശ്യപ്പെട്ട പ്രധാന കാര്യം ബ്രിട്ടീഷ് മാതൃകയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു പൂട്ടാനാണ്. അത് നടന്നില്ല. മാത്രമല്ല, വിദ്യാഭ്യാസത്തെ പരിഷ്‌കരിക്കാന്‍ സ്വാതന്ത്ര്യാനന്തരം പല ശ്രമങ്ങളും നടന്നെങ്കിലും ഭാരതീയ വീക്ഷണത്തിലും വിജ്ഞാനത്തിലും അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായത്തെ രൂപപ്പെടുത്തിയെടുക്കാന്‍ നമുക്ക് കഴിഞ്ഞില്ല. വിദ്യാഭ്യാസത്തിലൂടെ സംസ്‌കാരത്തെ അറിയുന്നതിനും സംരക്ഷിക്കുന്നതിനും പകരം അതിനെ അപഹസിക്കുന്നതിനും അപമാനിക്കുന്നതിനുമാണ് പിന്നീട് പുസ്തകങ്ങളിലൂടെയും പദ്ധതികളിലൂടേയും ശ്രമിച്ചത്.

ആധുനിക മാതൃകകള്‍

ആധുനിക വിജ്ഞാനത്തോടൊപ്പം ഭാരതത്തിന്റെ പരമ്പരാഗത വിജ്ഞാന സമ്പത്തിനെ സന്നിവേശിപ്പിക്കേണ്ടതും, വ്യക്തിയുടെ ഭൗതിക വികാസത്തോടൊപ്പം ആത്മീയ ഉന്നതിയും, വിദ്യാഭ്യാസത്തില്‍ സൈദ്ധാന്തിക പക്ഷത്തോടൊപ്പം വ്യാവഹാരിക തലത്തിനു നല്‍കുന്ന ഊന്നലും ഭാരതത്തില്‍ ഏറേ ശ്രദ്ധേയമായിരിക്കുന്നു. മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിന്റെ ശാസ്ത്രീയത, പ്രാദേശിക ഭാഷകളില്‍ ഗവേഷണ ഫലങ്ങള്‍ വരേണ്ടതിന്റെ ആവശ്യകത എന്നിവയും ഇന്ന് ചര്‍ച്ച ചെയ്തു വരുന്നു. പാഠപുസ്തകങ്ങള്‍ക്കും പരീക്ഷകള്‍ക്കും അപ്പുറം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭവ്യമായ അന്തരീക്ഷം, അദ്ധ്യാപകരുടെ മാതൃകാപരമായ ജീവിതം, അദ്ധ്യാപനരീതി എന്നിവയെല്ലാം ഭാരതീയ രീതിയില്‍ മാറ്റിയെടുക്കണം. അദ്ധ്യാപനം സേവനവും പഠനം സാധനയുമാകണം എന്ന ചിന്തക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തങ്ങളുടേതായ നവീന പ്രയോഗങ്ങളിലൂടെ ഭാരതത്തിലങ്ങോളമിങ്ങോളം മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

ഇന്ന് തകര്‍ന്നടിഞ്ഞിരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നവോന്മേഷം ദൃശ്യമാണ്. കച്ചവട കണ്ണോടെ വിദ്യാഭ്യാസ രംഗത്തേക്ക് പ്രവേശിച്ച സ്വകാര്യ സംരംഭകരെ നിഷ്പ്രഭമാക്കി സേവന സന്നദ്ധതയോടെ വരുന്നവരുടെ സ്വാധീനം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു. ഇംഗ്ലീഷ് ഭാഷയുടെ അപ്രമാദിത്തം ഉന്നതവിദ്യാഭ്യാസരംഗത്തുനിന്ന് മാറുന്നതിന്റെ ദൃശ്യങ്ങളും ഭാരതീയ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാരുകള്‍ കൊണ്ടുവരുന്ന നടപടികളും ഏറേ പ്രതീക്ഷ നല്‍കുന്നു. ഈ ഭാവാത്മകമായ മാറ്റത്തെ ഒരേ വേദിയില്‍ കൊണ്ടുവരാനും, എല്ലാവരിലും ആത്മവിശ്വാസവും, ആവേശവും നല്‍കാനും നമുക്ക് സാധിക്കണം.

വികസിത ഭാരതത്തിനായി വിദ്യാഭ്യാസം

2047-ല്‍ ഭാരതം വികസിത രാഷ്‌ട്രമാവണമെന്ന സങ്കല്പത്തിന് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രഖ്യാപനത്തോടെ പുതുശക്തി വന്നു. ഭാരതീയ ഭാഷകള്‍ക്കെന്ന പോലെ ഭാരതീയ ജ്ഞാനപരമ്പരകള്‍ക്കും സ്വീകാര്യതയേറുന്നു. പുതുതലമുറയും അക്കാദമിക ലോകവും വിവിധ വിഷയങ്ങളിലെ പൗരാണികവും ആധുനികവുമായ ഭാരതീയ ചിന്തകളുടേയും അറിവുകളും പ്രയോഗങ്ങളും, മാതൃകകളും അന്വേഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടേയും സമര്‍പ്പിത ജീവിതവും വിദ്യാഭ്യാസ സംവിധാനം ഒരുക്കുന്ന അനുകൂല അന്തരീക്ഷവും അതിന് അനിവാര്യമാണ്. അതിനായി വിദ്യാഭ്യാസ പ്രവര്‍ത്തനത്തെ ഭാരതീയ സമൂഹ്യ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കണം.

ഭാരതീയര്‍ എല്ലാ വൈജാത്യങ്ങളും മറന്ന്, വൈവിധ്യങ്ങള്‍ നിലനിര്‍ത്തി മുഴുവന്‍ ഭാരതത്തേയും ഒരുമിച്ച് ഒരേ വേദിയില്‍ ത്യാഗത്തിന്റെയും സേവനത്തിന്റേയും സഹകരണത്തിന്റേയും സമര്‍പ്പണത്തിന്റേയും അടിസ്ഥാനത്തില്‍ അണിനിരത്തുന്ന കുംഭമേളകളുടെ പ്രസക്തി അവിടെയാണ്. വിദ്യാഭ്യാസ രംഗത്ത് ഭാരതീയതയെ പുനഃസ്ഥാപിക്കാനും അതിലൂടെ ആധുനിക ലോകത്തിന് സുസ്ഥിര നിലനില്‍പ്പിന്റെ സാമൂഹ്യക്രമം സ്ഥാപിക്കാനും കഴിയുന്ന വിദ്യാഭ്യാസ മാതൃകയ്‌ക്കു വേണ്ടി സമാജം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം എന്ന ചിന്ത എല്ലാവരിലുമെത്തിക്കാന്‍ കുംഭമേളക്ക് സാധിക്കും. അതിന്റെ തുടക്കം എന്ന രീതിയിലാണ് വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ധാര്‍മിക, ആദ്ധ്യാത്മിക പ്രസ്ഥാനങ്ങള്‍ എന്നിവരെയെല്ലാം ചേര്‍ത്ത്, വരുന്ന പ്രയാഗ്‌രാജ് കുംഭമേളയോടനുബന്ധിച്ച് ജ്ഞാനമഹാകുംഭം നടത്താന്‍ തീരുമാനിച്ചത്.

ജ്ഞാന തീര്‍ത്ഥ കേന്ദ്രങ്ങളുടെ പുണ്യോദയം

ഭാരതത്തെ ഏകീകരിക്കുന്നതിലും ഭാരതീയ ജ്ഞാനങ്ങളെ പുനഃസ്ഥാപിക്കുന്നതിലും ശ്രീമദ് ശങ്കരാചാര്യ സ്വാമികള്‍ നടത്തിയ ചതുര്‍ധാമങ്ങളുടെ സ്ഥാപനത്തെ അനുസ്മരിക്കും വിധം നാല് വിദ്യാകേന്ദ്രങ്ങളെ പുനഃസ്ഥാപിക്കാനും പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ്. ജ്ഞാന മഹാകുംഭത്തിന് മുന്നോടിയായി ഹരിദ്വാര്‍ (ഉത്തര ഭാരതം), നളന്ദ (പൂര്‍വ്വ ഭാരതം) പുതുശ്ശേരി (ദക്ഷിണ ഭാരതം), കര്‍ണാവതി (പശ്ചിമ ഭാരതം) എന്നിവിടങ്ങളില്‍ ക്ഷേത്രീയ ജ്ഞാനകുംഭകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഹരിദ്വാര്‍ ഭാരതീയ വൈദിക ജ്ഞാന പാരമ്പര്യങ്ങളെ അക്ഷീണം നിലനിര്‍ത്തിപ്പോന്ന വിദ്യാകേന്ദ്രമാണ്. ദേവഭൂമിയുടെ താഴ്വര. യോഗശാസ്ത്രവും തത്ത്വശാസ്ത്രവും ആരോഗ്യവും കൃഷിയും ആദ്ധ്യാമിക ജീവിതവുമായി മേളിക്കുന്നിടം.
നളന്ദ ഭാരതത്തിന്റെ വിദ്യ പാരമ്പര്യത്തെ വിശ്വചക്രവാളത്തിനുമപ്പുറം വളര്‍ത്തിയ കേന്ദ്രമാണ്. സര്‍വ്വകലാശാല വിദ്യാഭ്യാസം എന്ന സങ്കല്പം തന്നെ ലോകത്തിന് നല്‍കിയത് നളന്ദയാണ്. ഇത്രയും കാലം ഗതകാല പ്രൗഢിയുടെ ശവപ്പറമ്പായിരുന്ന നളന്ദ, ഇന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഭാരതത്തിന്റെ വിദ്യാഭ്യാസ രംഗത്തിന്റെ മുഖമുദ്ര കൂടിയാണ്.

ആധുനിക ഭാരതത്തിന്റെ ദൗത്യം സനാതന ധര്‍മത്തിന്റെ വഴിയിലൂടെ മനുഷ്യകുലത്തിന്റെ പുതിയ പരിണാമദശയിലേക്ക് മാനവരാശിയെ നയിക്കുകയാണെന്ന് ദീര്‍ഘദര്‍ശനം ചെയ്ത അരവിന്ദയോഗിയുടെ തപസിന്റേയും വിശ്വമാനവ സമൂഹത്തെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രയോഗശാലയുമാണ് ദക്ഷിണ ഭാരതത്തിലെ പുതുശ്ശേരി. ഇന്ന് ആധുനിക ഭാരതത്തിലെ നിരവധി ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആസ്ഥാനവുമാണ് അവിടം.

ആത്മനിര്‍ഭര ഭാരതത്തിന്റെ ആധാരമായ ഗ്രാമവികാസത്തെ മുന്നില്‍ക്കണ്ട്, വ്യക്തിയുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമയ സമഗ്ര വികാസവും പരമ്പരാഗത തൊഴിലും സമന്വയിപ്പിച്ച്, പ്രായോഗിക തലത്തില്‍ അവതരിപ്പിച്ച മഹാത്മജിയുടെ ഗുരുകുലമാണ് കര്‍ണ്ണാവതിയിലെ ഗുജറാത്ത് വിദ്യാപീഠം. വിദ്യാഭ്യാസത്തിലൂടെ വികസിത ഭാരതം സാധ്യമാകണമെങ്കില്‍ ഗാന്ധിജിയുടെ ഈ വിദ്യാഭ്യാസ പദ്ധതി പുസ്തകത്താളുകളില്‍ നിന്ന് പാഠശാലകളിലേക്കും അവിടെ നിന്ന് പ്രായോഗിക ജീവിതത്തിലേക്കും സംക്രമിപ്പിക്കണം.

ഭാരതീയ വിദ്യാഭ്യാസത്തിന്റെ പ്രധാന മാനങ്ങളെ പ്രതീകാത്മകമായി സ്വീകരിച്ചു കൊണ്ടാണ് ഈ കേന്ദ്രങ്ങളില്‍ ജ്ഞാനകുംഭങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്. ഇത് കേവലം പരിപാടിയുടെ പൊലിമ കൂട്ടാനല്ല. ആധുനിക ലോകം നേരിടുന്ന വെല്ലുവിളികള്‍ക്ക് സമാധാനം കണ്ടെത്താന്‍ കഴിയുന്ന ഭാരതീയ വിദ്യാഭ്യാസത്തിന്റെ വ്യത്യസ്തമാനങ്ങളുടെ കേന്ദ്രങ്ങളെ വീണ്ടും ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരാനും കൂടിയാണ്.

ആരോഗ്യം, കൃഷി, പ്രകൃതി സംരക്ഷണം, വൈവിധ്യമാര്‍ന്ന ഭാരതീയ ഭാഷകളുടെ ശക്തി, വ്യത്യസ്തമായ ഭാരതീയ ജ്ഞാന സമ്പ്രദായങ്ങളുടെ കാലിക പ്രസക്തി, വിശ്വമാനവന്റെ ജീവിത വീക്ഷണവും ഗ്രാമീണ ജനതയുടെ സ്വാവലംബനവും എല്ലാം ചേര്‍ന്ന് ഭാരതത്തിന്റെ ഭാവി വിദ്യാഭ്യാസത്തിന്റെ അംഗോപാംഗങ്ങളാവണം. ആ കേന്ദ്രങ്ങളിലൂടെയുള്ള തീര്‍ത്ഥയാത്രയുടെ പരിസമാപ്തിയായാണ് ത്രിവേണിയിലെ കുംഭസ്‌നാനം! അടിമത്തം അടിച്ചേല്‍പ്പിച്ച അപകര്‍ഷതയുടെ എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞ്, പുത്തനുണര്‍വ്വോടെ നവഭാരതത്തെ സൃഷ്ടിക്കാന്‍ ആയിരങ്ങളുടെ ജീവിതം സമര്‍പ്പിക്കേണ്ടി വരും. കൃത്യമായ കാഴ്ചപ്പാടും ആത്മത്യാഗത്തിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും അനുഭവ ശക്തിയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അത്തരം വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ മന്ത്രദീക്ഷയായി ഈ വര്‍ഷത്തെ കുംഭമേള മാറും.

അദ്ധ്യാപനത്തെ സേവനമായി കാണുന്ന അദ്ധ്യാപകനും, വിദ്യാഭ്യാസ പ്രവര്‍ത്തനത്തെ ധര്‍മമായി കാണുന്ന ഭരണകര്‍ത്താകളും വേണം. വിദ്യാ സമ്പാദനം സാധനയായി സ്വീകരിക്കുന്ന യുവതലമുറയും അതിനെ പിന്തുണക്കുന്ന വിശാല സമൂഹവും വേണം. അതിലൂടെ നമുക്ക് നമ്മുടെ വിദ്യാഭ്യാസ പാരമ്പര്യത്തിന്റെ ആത്മാവിനെ വീണ്ടെടുക്കാന്‍ സാധിക്കും. അതുമാത്രമാണ് ഭാരതത്തെ വിശ്വഗുരുവായി വാഴിക്കാനുള്ള ഒരേ ഒരു സാധനാപഥം. ജ്ഞാനകുംഭപരമ്പരയും ജ്ഞാന മഹാകുംഭവും ആ ദിശയിലുള്ള ഭാരതത്തിന്റെ പ്രയാണത്തിന്റെ പുതിയ തുടക്കമായിരിക്കും.

(ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകനാണ് ലേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by