ആലുവ : മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം ഊർജ്ജിതമാക്കി എറണാകുളം റൂറൽ ജില്ലാ പോലീസ്. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഓപ്പറേഷൻ ക്ലീൻ എറണാകുളം റൂറൽ പദ്ധതിയിൽ ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ 1582 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് 1739 പേരെ അറസ്റ്റ് ചെയ്തു. ഈ കാലയളവിൽ റൂറൽ ജില്ലയിൽ നിന്ന് 202 കിലോഗ്രാം കഞ്ചാവ് ആണ് പിടികൂടിയത്. ഇതിൽ 100 കിലോഗ്രാം തടിയിട്ട പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്.
രണ്ടര കിലോഗ്രാമോളം എം.ഡി.എം.എയാണ് വിവിധ സ്ഥലങ്ങളിൽ നിന്നാണ് പിടികൂടിയത്. ഒരു കിലോ എം.ഡി.എം.എയുമായി സർമീൻ അക്തർ എന്ന യുവതിയെ പിടികൂടിയത് 2024 ജൂണിലാണ്. 50 ലക്ഷത്തിലേറെ വില വരുന്ന രാസലഹരി ഡൽഹിയിൽ നിന്ന് വാട്ടർ ഹീറ്ററിൽ ഒളിപ്പിച്ച് തീവണ്ടി മാർഗം കടത്തുകയായിരുനു. ആലുവ റയിൽവേ സ്റ്റേഷനിൽ വച്ചാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
കാലടി ചന്ദ്രപ്പുര ഭാഗത്ത് നിന്നാണ് മൂന്നുറു ഗ്രാം എം.ഡി.എ പി ടി കൂടിയത്. ഇതുമായി ബന്ധപ്പെട്ട് അഭിരാജ്, അഭിൻ ജോൺ ബേബി, വസിം നിസാർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ബാംഗ്ലൂരിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന രാസ ലഹരി പോലീസ് സാഹസികമായാണ് പിടികൂടിയത്. 20 ലക്ഷത്തിലേറെ വില വരും പിടിച്ചെടുത്ത രാസലഹരിക്ക്.
അങ്കമാലിയിൽ ഇരുന്നുറ് ഗ്രാം എം.ഡി.എം.എയുമായി യുവതി ഉൾപ്പടെ മൂന്നു പേർ പിടിയിലായിരുന്നു. ശ്രീക്കുട്ടി, സുധീഷ്, ബിനു എന്നിവരാണ് പിടിയിലായത്. ബംഗലൂരുവിൽ നിന്നും ബൊലേറെ വാഹനത്തിൽ കടത്തിയ ടീമിനെ അങ്കമാലി ടി.ബി ജംഗ്ഷനിൽ വച്ച് പിന്തുടർന്നാണ് പിടികൂടിയത്.
ലഹരി വിരുദ്ധ ദിനത്തിൽ അങ്കമാലിയിലും നെടുമ്പാശേരിയിലും നടന്ന മയക്കുമരുന്ന് വേട്ടയിൽ ലക്ഷങ്ങൾ വിലവരുന്ന 375 ഗ്രാമോളം രാസലഹരിയുമായി ആസാദ്, അജു ജോസഫ് എന്നിവരെ പിടികൂടിയിരുന്നു. 13 കഞ്ചാവ് ചെടികൾ കണ്ടെടുത്തു. 200 ഗ്രാമോളം ഹെറോയിൻ പിടികൂടി. സോപ്പുപെട്ടികളിലായി 20 ലക്ഷത്തോളം രുപയുടെ ഹെറോയിൻ കടത്തിയ കേസിൽ മൂന്നംഗ സംഘത്തെയാണ് കാലടിയിൽ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ആസാം സ്വദേശികളെ യാണ് അറസ്റ്റ് ചെയ്തത്. തൃശൂരിൽ തീവണ്ടിയിറങ്ങി അവിടെ നിന്ന് ബസിൽ കാലടിയിലെത്തുകയായിരുന്നു. പോലീസ് പിടിക്കാതിരിക്കാനാണ് ഈ തന്ത്രം ഉപയോഗിച്ചത്.
ജില്ലയിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ഹെറോയിൻ വേട്ടയായിരുന്നു ഇത്. 77 ഗ്രാം ഹാഷിഷ് ഓയിലാണ് ഇക്കാലയളവിൽ കണ്ടെടുത്തത്. 170 ഗ്രാമേളം ബ്രൗൺഷുഗറും 8 എൽ എസ് ഡി സ്റ്റാമ്പും, 7 ഗ്രാം മെറ്റാഫിറ്റാമിനും, 1275 കഞ്ചാവ് ബീഡികളും പിടികൂടി. മയക്കുമരുന്നിന്റെ കടത്ത് തടയുന്നതിന്റെ ഭാഗമായുള്ള മുൻകരുതൽ തടങ്കലായ പിറ്റ് എൻ ഡി പിഎസിൽ ഉൾപ്പെടുത്തി ഒമ്പതു പേരെ ജയിലിലടച്ചു.
സോഷ്യൽ മീഡിയ കാമ്പയിൻ ഉൾപ്പടെ നിരവധിയായ ബോധവൽക്കരണ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടത്തുമെന്ന് മയക്കുമരുന്ന് വേട്ടയ്‌ക്ക് ചുക്കാൻ പിടിക്കുന്ന ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക