World

തഹാവൂര്‍ റാണ യുഎസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

Published by

വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയും കനേഡിയന്‍ വ്യവസായിയുമായ തഹാവൂര്‍ റാണയെ ഭാരതത്തിന് കൈമാറാമെന്ന യുഎസ് കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍. റാണയെ വിട്ടു നല്കണമെന്ന് ഭാരതം നിരവധി തവണ യുഎസിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കീഴ്‌ക്കോടതിയും ഫെഡറല്‍ കോടതിയും പ്രതിയെ വിട്ടു നല്കാമെന്ന് അറിയിച്ചതോടെയാണ് റാണ ഇതിനെതിരെ യുഎസ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

പാക് വംശജനാണ് തഹാവൂര്‍ റാണ. മുംബൈ ഭീകരാക്രമണക്കേസില്‍ ഇയാള്‍ക്ക് പങ്കുള്ളതായി വ്യക്തമായ തെളിവുകള്‍ ഭാരതത്തിന് ലഭിച്ചിരുന്നു. തഹാവൂര്‍ റാണയ്‌ക്ക് മേല്‍ ചുമത്തപ്പെട്ട കുറ്റം അമേരിക്കയും ഭാരതവും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടിയുടെ പരിധിക്കുള്ളില്‍ വരുന്നതാണ്. റാണയെ ഭാരതത്തിന് കൈമാറാമെന്ന കേസ് മുമ്പ് പരിഗണിച്ച കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് കോടതി ഉത്തരവ് ശരിവച്ച് കൊണ്ടാണ് റാണയെ വിട്ടു നല്കാമെന്ന് യുഎസ് അപ്പീല്‍ കോടതി അടുത്തിടെ വ്യക്തമാക്കിയത്.

പാക് ഭീകരസംഘടനയ്‌ക്ക് റാണ സഹായം നല്‍കിയതിന് തെളിവുകളുണ്ട്. ഭീകര സംഘടനയുമായി റാണയ്‌ക്ക് പങ്കാളിത്തമുള്ളതിന്റെ തെളിവുകളും ഭാരതം കൈമാറിയിട്ടുണ്ടെന്നും കോടതിയിലെ പ്രത്യേക പാനല്‍ അറിയിച്ചു. വിധി എതിരായതോടെ ഈ മാസം 13ന് റാണ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കുകയായിരുന്നു. ഭാരതത്തിന് കൈമാറാതിരിക്കാനുള്ള റാണയുടെ അവസാന പോരാട്ടമായിരിക്കുമിത്.

2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണത്തില്‍ ആറ് യുഎസ് പൗരന്മാര്‍ ഉള്‍പ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. ഈ കേസിലെ ഗൂഢാലോചനക്കുറ്റത്തിന് 2009ലാണ് ഇയാള്‍ യുഎസില്‍ അറസ്റ്റിലാകുന്നത്. സുഹൃത്തായ യുഎസ് പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയോടൊപ്പം ലഷ്‌കര്‍ ഇ തൊയ്ബ, ഹര്‍ക്കത്തുല്‍ മുജാഹിദ്ദീന്‍ എന്നിവയ്‌ക്കായി മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയതിയെന്നതാണ് റാണയ്‌ക്കെതിരായ കുറ്റം. ഇയാളെ ഭാരതത്തിന് വിട്ടുകിട്ടിയാല്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയ്‌ക്ക് ഭീകര പ്രവര്‍ത്തനങ്ങളുമായുള്ള പങ്ക് കണ്ടെത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by