ഗോവക്കാര്‍ മാത്രമല്ല, ഓരോ ഭാരതീയരും മനോഹര്‍ പരീക്കര്‍ എന്ന നേതാവിനെ തങ്ങളുടെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയവരാണ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ആഘാതത്തിനിടയിലും പരീക്കര്‍ ഗോവയില്‍ തുടങ്ങിവെച്ച വലിയ മാറ്റങ്ങള്‍ക്ക് തുടര്‍ച്ച സമ്മാനിക്കുകയാണ് ഡോ. പ്രമോദ് സാവന്ത് സര്‍ക്കാര്‍. ആയുര്‍വേദ ഡോക്ടര്‍ കൂടിയായ പ്രമോദ് സാവന്ത് നിയമസഭാ സ്പീക്കര്‍ പദവിയില്‍ നിന്നാണ് പരീക്കറിന്റെ പിന്‍ഗാമിയായി 2019 മാര്‍ച്ചില്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. 2022ല്‍ ബിജെപിക്ക് ഗോവയില്‍ ഭരണത്തുടര്‍ച്ച നേടാനും അദ്ദേഹത്തിന്റെ നേതൃത്വത്തിലൂടെ സാധിച്ചു. 1961ല്‍ ഗോവ പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് മോചിതമായതാണ്. അതിനുശേഷം ഇത്രയും വികസനം നടന്ന കാലം ഗോവയിലുണ്ടായിട്ടില്ലെന്ന് ഡോ. പ്രമോദ് സാവന്ത് പറയുന്നു. ഗോവ ചലച്ചിത്രോത്സവത്തിന്റെ തിരക്കുകള്‍ക്കിടയിലും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജന്മഭൂമി പ്രതിനിധി എസ്. സന്ദീപിന് അനുവദിച്ച അഭിമുഖം
ഗോവയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വന്ന പ്രധാന മാറ്റങ്ങളെന്തൊക്കെയാണ്?
കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ ഗോവയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വലിയ മാറ്റമാണ് നടപ്പാക്കുന്നത്. ടൂറിസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കാനായി. രണ്ടാമത്തെ വിമാനത്താവളവും പുതിയ ദേശീയ പാതകളും പാലങ്ങളും ഗോവയുടെ മുഖച്ഛായ മാറ്റുകയാണ്. ആന്‍ഡമാന്‍ ജയില്‍ മാതൃകയില്‍ ഗോവയിലെ അഗോഡ കോട്ടയിലെ ജയില്‍ മ്യൂസിയവും സഞ്ചാരികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. ഗോവന്‍ വിമോചനസമര പോരാളികളെ പാര്‍പ്പിച്ച ചരിത്രപ്രാധാന്യമുള്ള ജയിലാണത്. ജയിലിനെ മ്യൂസിയമാക്കി മാറ്റി ഗോവന്‍ സ്വാതന്ത്ര്യസമരത്തെപ്പറ്റിയുള്ള പരിപാടികളും സാംസ്‌കാരിക ചടങ്ങുകളുമെല്ലാം ഇവിടെ ജനശ്രദ്ധയാകര്‍ഷിക്കുന്നു. ഗോവയിലെ വിവിധ നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന വലിയ റോഡുകള്‍ ഗതാഗത പ്രതിസന്ധികള്‍ക്ക് പരിഹാരമായി മാറി. ആരോഗ്യ മേഖലയില്‍ നിരവധി പുതിയ ആശുപത്രികള്‍ ഗോവയില്‍ വന്നുകഴിഞ്ഞു. പുതിയ മെഡിക്കല്‍ കോളജുകളും ആയുഷ് മെഡിക്കല്‍ സ്ഥാപനങ്ങളും ആയുര്‍വ്വേദ ഗവേഷണ കേന്ദ്രങ്ങളും വന്നു. നിരവധി അന്താരാഷ്‌ട്ര വിദ്യാര്‍ത്ഥികള്‍ ഗോവയിലേക്കെത്തുന്നു. ആത്മീയ ടൂറിസം പോലെ തന്നെ വെല്‍നസ് ടൂറിസം മേഖലയേയും ഗോവയില്‍ വികസിപ്പിക്കുന്നു. പുതിയ ആറോളം സര്‍വ്വകലാശാലകളാണ് സംസ്ഥാനത്ത് വന്നിരിക്കുന്നത്. നാഷണല്‍ വാട്ടര്‍ സ്പോര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടും ദേശീയ ഫോറന്‍സിക് യൂണിവേഴ്സിറ്റിയും അടക്കം ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗോവയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ഗോവയില്‍ ക്ഷേത്രങ്ങളുണ്ട് എന്ന് പലര്‍ക്കുമറിയില്ല. എന്നാല്‍ നൂറുകണക്കിന് പുതിയ ക്ഷേത്രങ്ങള്‍ സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന വാര്‍ത്തകളാണ് ഇവിടെയെത്തുമ്പോള്‍ ലഭിക്കുന്നത്. എന്താണ് ഈ മാറ്റത്തിന്റെ കാരണം?
പലരും കരുതുന്നത് ഗോവ ക്രിസ്ത്യന്‍ പള്ളികളുടെ കേന്ദ്രമാണെന്നാണ്. എന്നാല്‍ ഗോവയിലെ 450 ലേറെ വരുന്ന റവന്യൂ വില്ലേജുകളില്‍ ഓരോയിടത്തും കുറഞ്ഞത് രണ്ട് വലിയ ക്ഷേത്രങ്ങളെങ്കിലുമുണ്ട്. ചെറിയ ക്ഷേത്രങ്ങള്‍ അതിലധികവും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗോവയില്‍ നിരവധി ക്ഷേത്രങ്ങളാണ് പുനര്‍നിര്‍മിക്കപ്പെട്ടത്. ഛത്രപതി ശിവജി മഹാരാജിന്റെ സപ്തകോടേശ്വര്‍ മന്ദിര്‍ അടക്കം പുതുക്കിപ്പണിത നിരവധി പ്രശസ്ത ക്ഷേത്രങ്ങള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പോര്‍ച്ചുഗീസ് കാലത്ത് ക്ഷേത്രങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെട്ട കാലത്ത് ശിവജി മഹാരാജ് ഇവിടേക്ക് എത്തുകയും ക്ഷേത്ര ധ്വംസനങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ക്ഷേത്രങ്ങള്‍ ഇനി തകര്‍ക്കില്ലെന്ന് ശിവജി മഹാരാജുമായി പോര്‍ച്ചൂഗീസുകാര്‍ ധാരണയിലെത്തുകയായിരുന്നു. മറാഠാ സ്വാധീനത്താല്‍ വടക്കന്‍ ഗോവയില്‍ ക്ഷേത്രങ്ങള്‍ അധികമായുണ്ട്. വെര്‍ണയിലെ മഹാലസ ക്ഷേത്രം പതിനാറാം നൂറ്റാണ്ടില്‍ തകര്‍ക്കപ്പെട്ടതാണ്. എന്നാല്‍ അവിടെ വലിയൊരു മഹാക്ഷേത്രം പുനര്‍നിര്‍മിക്കപ്പെട്ടു. പരശുരാമന്റെ വലിയ പ്രതിമയും ഗോവയില്‍ ഉയര്‍ന്നിട്ടുണ്ട്. ഈ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനായി ആളുകള്‍ ഗോവയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാരിന് യാതൊരു അവകാശവുമില്ലാത്ത ഏക സംസ്ഥാനവും ഗോവ ആയിരിക്കും. മറ്റെല്ലാ സംസ്ഥാനങ്ങളിലും ക്ഷേത്രങ്ങള്‍ ഭരിക്കുന്നത് സര്‍ക്കാരോ സര്‍ക്കാര്‍ നിയന്ത്രിത സമിതികളോ ആണ്. എന്നാല്‍ ഗോവയിലെ എല്ലാ ക്ഷേത്രങ്ങളും സ്വതന്ത്ര സമിതികളോ സര്‍ക്കാരിതര ട്രസ്റ്റുകളോ ആണ് നിയന്ത്രിക്കുന്നത്. ഹിന്ദു വിശ്വാസികള്‍ ഓരോ ദിവസവും പുതിയ ക്ഷേത്രങ്ങള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നു. പഞ്ചിമിലും മഡ്ഗാവിലുമൊക്കെ നിരവധി ക്രൈസ്തവ ദേവാലയങ്ങളുമുണ്ട്. സെന്റ് ഫ്രാന്‍സിസ് സേവ്യറുടെ ഭൗതിക ദേഹം വിശ്വാസികള്‍ക്കായി ദര്‍ശനത്തിന് തുറന്നുകൊടുത്തിരിക്കുന്ന സമയം കൂടിയാണിത്. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഈ ഒന്നര മാസം ഗോവയിലേക്കെത്തും.
കായികമേഖലയിലെ പുത്തനുണര്‍വ്വിന് കാരണം?
സാല്‍ഗോക്കറും ഡെപോയും ചര്‍ച്ചില്‍ ബ്രദേഴ്സുമടങ്ങുന്ന ക്ലബുകളുടെ വലിയ കായിക പാരമ്പര്യമാണ് ഗോവയ്‌ക്കുള്ളത്. സംസ്ഥാനത്തെ കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതില്‍ ഈ ക്ലബുകള്‍ വലിയ പങ്കുവഹിച്ചവയാണ്. ഗോവ ഫുട്ബോള്‍ വികസന കോര്‍പ്പറേഷന്‍ രൂപീകരിച്ച് സര്‍ക്കാരും കായികതാരങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു. എല്ലാ താലൂക്കുകളിലും കായികതാരങ്ങളെ കണ്ടെത്താന്‍ പരിശീലകരെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. വിദേശ ടീമുകള്‍ ഗോവയിലേക്ക് ഫുട്ബോള്‍ കളിക്കാനെത്തുന്നുണ്ട്. എഫ്സി ഗോവ വലിയ വേദിയാണ് താരങ്ങള്‍ക്ക് നല്‍കുന്നത്. ദേശീയ ഗെയിംസ് അടുത്തിടെ ഗോവയില്‍ വിജയകരമായി നടത്താന്‍ സാധിച്ചു. എല്ലാ കായിക ഇനങ്ങള്‍ക്കും വേണ്ട വേദികളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നുണ്ട്. ബീച്ചുകളില്‍ ബീച്ച് വോളിബോള്‍ മത്സരങ്ങള്‍ നടത്തുന്നു. ഇരുപതിലേറെ വിദേശ ടീമുകള്‍ മത്സരങ്ങള്‍ക്കായെത്തി.
ഗോവയെ ടൂറിസ്റ്റുകള്‍ കൈവിടുന്നുവെന്ന പ്രചാരണത്തെപ്പറ്റി?
ഗോവയില്‍ വിനോദ സഞ്ചാരികള്‍ കുറയുകയാണ് എന്ന റിപ്പോര്‍ട്ട് ആര് തയ്യാറാക്കി എന്നറിയില്ല. എല്ലാസമയവും ഗോവയിലെ എല്ലാ നഗരങ്ങളിലെയും ഹോട്ടലുകള്‍ മുഴുവനും
ബുക്കിങ്ങാണ്. ഗോവ പലപ്പോഴും സഞ്ചാരികളാല്‍ നിറഞ്ഞ അവസ്ഥയിലാണ്. ദേശീയ- അന്താരാഷ്‌ട്ര വിനോദ സഞ്ചാരികളുടെ എണ്ണം ഓരോ ദിവസവും ഉയരുന്നുണ്ട്. ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചില സ്ഥലങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞെങ്കിലും പൊതുവെ ഉയരുകയാണ്. ചാര്‍ട്ടേഡ് വിമാനങ്ങളിലും യാത്രാ വിമാനങ്ങളിലുമായി വിദേശ സഞ്ചാരികളെത്തുന്നു. ട്രെയിന്‍, റോഡ് മാര്‍ഗത്തിലൂടെ ആഭ്യന്തര സഞ്ചാരികളും വന്‍തോതിലാണ് ഗോവയിലേക്കെത്തുന്നത്. ഒക്ടോബര്‍-ഫെബ്രുവരി സീസണില്‍ ഗോവ നിറഞ്ഞു കവിയുകയാണ്. 25 ലക്ഷം വിദേശ സഞ്ചാരികളും ഒരു കോടിയിലേറെ ആഭ്യന്തര സഞ്ചാരികളും പ്രതിവര്‍ഷം ഗോവയിലേക്കെത്തുന്നു എന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവവും സെന്റ് ഫ്രാന്‍സിസ് പുണ്യാളന്റെ ഭൗതികദേഹ ദര്‍ശനവും ഗോവയിലെ തിരക്ക് എത്രത്തോളം ഉയര്‍ത്തിയിരിക്കുന്നു എന്ന് നിങ്ങള്‍ക്ക് കാണാനാവുന്നുണ്ടല്ലോ?
ഗോവയിലെ വൈല്‍ഡ് ലൈഫ് സാഞ്ച്വറിയും കര്‍ണ്ണാടക അതിര്‍ത്തിയിലെ വെള്ളച്ചാട്ടവുമെല്ലാം സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കാരവന്‍ ടൂറിസത്തിനും ഹോം സ്റ്റേ ടൂറിസത്തിനും വില്ലേജ് ടൂറിസത്തിനും പ്രാധാന്യം നല്‍കുന്ന നയം സര്‍ക്കാര്‍ നടപ്പാക്കുന്നു. 365 ദിവസവും ടൂറിസം സീസണായി മാറിക്കഴിഞ്ഞ ഗോവയില്‍ മഴക്കാല ടൂറിസമടക്കം വലിയ ആകര്‍ഷണമാണ്. അന്താരാഷ്‌ട്ര പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഗോവ വേദിയാക്കുന്നതും വിനോദ സഞ്ചാര മേഖലയെ സഹായിക്കുന്നു. അഡ്വഞ്ചര്‍ ടൂറിസം മേഖലയിലും ഗോവയില്‍ പുത്തനുണര്‍വ്വാണുള്ളത്. മിരാമീര്‍ ബീച്ചില്‍ മൂന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സുന്ദര തീരം സഞ്ചാരികള്‍ക്കായി തയ്യാറാക്കാനായിട്ടുണ്ട്. ബീച്ചുകളുടെ സൗന്ദര്യം നിലനിര്‍ത്തുകയെന്നതാണ് സര്‍ക്കാരിന്റെ മുന്‍ഗണന.
ആപ് അടിസ്ഥാനമാക്കിയുള്ള ടാക്സികള്‍ ഗോവയിലുമുണ്ട്. എന്നാല്‍ ഊബര്‍, ഓല തുടങ്ങിയവ ഇവിടെയില്ല. പഴയകാലം മുതല്‍ ടാക്സിക്കാര്‍ക്ക് വലിയ സ്വാധീനമുള്ള മേഖലയാണിത്. എങ്കിലും സര്‍ക്കാര്‍ നിരവധി നിയന്ത്രണങ്ങള്‍ ടാക്സിക്കാര്‍ക്കായി കൊണ്ടുവന്നിട്ടുണ്ട്. ഗോവ മൈല്‍സ്, യുവര്‍ ആപ് എന്നീ ആപ് ടാക്സി സേവനങ്ങള്‍ ഇവിടെയുണ്ട്. കൂടുതല്‍ ആപ് ടാക്സികള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നു. സഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ യാത്ര സാധ്യമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
സഞ്ചാരികള്‍ വര്‍ധിക്കുന്നതനുസരിച്ച് മാലിന്യ പ്രശ്നങ്ങളും കൂടുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഗോവയുടെ വൃത്തി ഏവരേയും ആകര്‍ഷിക്കുന്ന ഘടകമാണ്. എന്താണ് സര്‍ക്കാര്‍ ഈ മേഖലയില്‍ ശ്രദ്ധിക്കുന്ന കാര്യങ്ങള്‍?
കോടിക്കണക്കിന് രൂപയാണ് ഫലപ്രദമായ മാലിന്യ സംസ്‌കരണത്തിനായി ഗോവന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഏറ്റവും മികച്ച രീതിയില്‍ തന്നെ മാലിന്യ സംസ്‌കരണം നടപ്പാക്കാന്‍ സര്‍ക്കാരിനാവുന്നുണ്ടെന്ന് നഗരങ്ങള്‍ കണ്ടാല്‍ തന്നെ മനസ്സിലാകും. സാലേഗാവിലെ മാലിന്യ സംസ്‌കരണ കേന്ദ്രം ഇതിനായി പ്രവര്‍ത്തിക്കുന്നു. മാലിന്യത്തില്‍ നിന്ന് ധനസമ്പാദനം എന്ന കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കിയ സര്‍ക്കാരാണ് ഗോവയിലേത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ബീച്ചുകള്‍, നഗര-പഞ്ചായത്ത് പ്രദേശങ്ങള്‍ വൃത്തിയാക്കാനും പ്രത്യേക സംവിധാനങ്ങളുണ്ട്. മാലിന്യം ശേഖരിക്കുകയും വേര്‍തിരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്ന ജോലികള്‍ തടസമില്ലാതെ എല്ലായിടത്തും നടക്കുന്നു. ദേശീയ, സംസ്ഥാന പാതകളിലെ മാലിന്യം ശേഖരിക്കാന്‍ പ്രത്യേക കരാര്‍ കൊടുത്തിട്ടുണ്ട്. ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍, ഇ മാലിന്യങ്ങള്‍, വ്യാവസായിക മാലിന്യങ്ങള്‍ എന്നിവയുടെ സംസ്‌കരണത്തിന് പ്രത്യേകം പ്രത്യേകം സംവിധാനങ്ങളാണുള്ളത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സജീവമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് ഗോവ. ജലാശയങ്ങളിലേക്ക് മാലിന്യമെത്താതിരിക്കാനുള്ള ശ്രദ്ധ എല്ലായിടത്തും നല്‍കുന്നു.
ഗോവയിലെ ചില പ്രദേശങ്ങളില്‍ കുടിയേറ്റ പ്രശ്നങ്ങളുണ്ട്. ഗോവയില്‍ നല്ല കൂലി കിട്ടുന്നു, ഇഷ്ടം പോലെ ജോലിയുമുണ്ട്. അതിനാല്‍ കുടിയേറ്റ തൊഴിലാളികളുടെ ഒഴുക്കുണ്ട്. പലപ്പോഴും അനധികൃത കുടിയേറ്റവും പ്രതിസന്ധിയുണ്ടാക്കുന്നു. ഗോവയിലെ ആളുകള്‍ വൈറ്റ് കോളര്‍ ജോലികളില്‍ താല്‍പര്യപ്പെടുന്നതിനാലാണ് കുടിയേറ്റ തൊഴിലാളികള്‍ കൂടാന്‍ കാരണം. ഇത്തരത്തിലെത്തുന്നവര്‍ കുടിലുകളും വീടുകളും നിയമവിരുദ്ധമായി നിര്‍മിച്ചു താമസിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നു. കോടതി ഉത്തരവുകളുടെ സഹായത്തോടെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുന്നുണ്ട്. വലിയ കെട്ടിടങ്ങളുടെ നിര്‍മാണത്തിനും കൃഷിഭൂമി തരംമാറ്റുന്നതിനും നിയന്ത്രണങ്ങളുണ്ട്. തീരദേശ താലൂക്കുകളിലെ നിര്‍മാണ നികുതി നൂറിരട്ടിയാക്കി വര്‍ദ്ധിപ്പിച്ചത് കെട്ടിടനിര്‍മാണങ്ങള്‍ കുറയ്‌ക്കാന്‍ ലക്ഷ്യമിട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക