തിരുവനന്തപുരം: മരം കോച്ചുന്ന മഞ്ഞില്‍ ശരണമന്ത്രങ്ങളുരുവിട്ട് പമ്പയാറ്റില്‍ മുങ്ങിക്കുളിച്ച് ഈറനുടുത്ത് പമ്പാഗണപതിയെ വണങ്ങി പതിനെട്ടാം തവണ പൊന്നുപടികള്‍ ചവിട്ടാന്‍ കുഞ്ഞു മാളികപ്പുറം നവനീതു ഇന്ന് കെട്ടുനിറയ്‌ക്കും. ”സ്വാമിയേ അയ്യപ്പോ, അയ്യപ്പോ സ്വാമിയേ…” ശരണം വിളികളുമായി കല്ലും മുള്ളും കുഞ്ഞുപാദങ്ങള്‍ക്ക് മെത്തയാക്കി കുത്തനെയുള്ള നീലിമല ക്ഷീണമേതുമില്ലാതെ കയറും. അപ്പാച്ചിമേട്ടിലെത്തി അരിയുണ്ട എറിഞ്ഞ് വെടിവഴിപാട് നടത്തി ശബരി പീഠത്തിലെത്തി ശബരിയെ തൊഴുത് മരക്കൂട്ടത്തിലെത്തും.
ശരംകുത്തിയില്‍ അമ്പ് കുത്തി വലിയ നടപ്പന്തലും താണ്ടി പതിനെട്ടാം പടിക്ക് താഴെയെത്തുമ്പോള്‍ കുഞ്ഞു മാളികപ്പുറത്തിന്റെ കണ്ഠത്തില്‍ നിന്നും ഉച്ചത്തില്‍ ശരണം വിളി മുഴങ്ങും. ഭക്തിയോടെ പടികള്‍ ഒന്നൊന്നായി ചവിട്ടിക്കയറി പൊന്നമ്പലത്തിലെത്തി അയ്യനെ കാണും. സ്വാമിയേ ശരണമയ്യപ്പാ എന്ന് ഉച്ചത്തില്‍ വിളിച്ച് പ്രാര്‍ത്ഥിക്കും. തന്റെ കുഞ്ഞു ഇരുമുടിക്കെട്ടിലെത്തിച്ച നെയ് തേങ്ങയ്‌ക്കുള്ളിലെ നെയ്യ് അയ്യപ്പന് അഭിഷേകത്തിനായി സമര്‍പ്പിക്കും. അയ്യപ്പനോട് യാത്ര പറഞ്ഞ് മലയിറങ്ങും. പിന്നെ അടുത്ത പ്രാവശ്യം മല ചവിട്ടാനുള്ള കാത്തിരിപ്പിലാണ്. നാലുവയസിലെ തന്റെ ആദ്യ ശബരിമല ദര്‍ശനം മുതല്‍ ഇങ്ങോട്ട് 17 തവണ മല ചവിട്ടുമ്പോഴും ഒമ്പതു വയസുകാരി നവനീതുവിന്റെ പതിവ് ഇതാണ്.
നേമം പാമാംകോട് സ്വദേശികളായ ജീവന്‍കുമാര്‍-രാജശ്രീ ദമ്പതികളുടെ രണ്ടാമത്തെ മകളായ നവനീതുവാണ് 18 തവണ മല ചവിട്ടുന്ന ഭക്തബാലിക. പൊന്നമ്പലമേട്ടില്‍ വാഴുന്ന കാനനവാസനെ നാലാം വയസില്‍ ആദ്യമായി കണ്ട കുഞ്ഞു മാളികപ്പുറം തുടര്‍ന്ന് വര്‍ഷത്തില്‍ രണ്ടും മൂന്നും തവണ ശബരിമലയില്‍ പോകുന്നത് പതിവാക്കി. ഇന്ന് പതിനെട്ടാമത്തെ ശബരിമല യാത്രയ്‌ക്കായി തയ്യാറെടുക്കുകയാണ് നവനീതു. വൈകിട്ടാണ് യാത്ര. വീട്ടില്‍ വച്ച് കെട്ട് നിറച്ച് അച്ഛനോടൊപ്പമാണ് നവനീതു ശബരിമലയ്‌ക്ക് പോകാന്‍ തയ്യാറെടുക്കുന്നത്.
അച്ഛന്‍ ജീവന്‍കൂമാറിന് ബിസിനസ്സാണ്. അമ്മ വീട്ടമ്മയും. തിരുവനന്തപുരം നേമം സ്റ്റുഡിയോ റോഡ് വിവേകാനന്ദ മിഷന്‍ സെന്‍ട്രല്‍ സ്‌കൂളിലെ നാലാം കഌസ് വിദ്യാര്‍ഥിനിയാണ്. സഹോദരി നവനീത നേമം വിക്ടറി സ്‌കൂളിലെ ഒന്‍പതാം കഌസ് വിദ്യാര്‍ഥിനിയും. ഒന്‍പത് വയസ്സിനിടയില്‍ തന്നെ പതിനെട്ട് മല ചവിട്ടുക എന്ന പുണ്യത്തിലേക്ക് മണിക്കൂറുകളെണ്ണി കാത്തിരിക്കുകയാണ് കുഞ്ഞു മാളികപ്പുറം.
പ്രതികരിക്കാൻ ഇവിടെ എഴുതുക