Kerala

വോട്ടെണ്ണല്‍ നാളെ; കൂട്ടിയും കിഴിച്ചും മുന്നണികള്‍

Published by

പാലക്കാട്: വോട്ടെണ്ണാന്‍ ഒരുദിവസം മാത്രം ബാക്കിനില്‍ക്കെ കൂട്ടിയും കിഴിച്ചും മുന്നണികള്‍. പാലക്കാട് നിയമസഭാമണ്ഡലത്തില്‍ പോളിങ് ശതമാനം കുറഞ്ഞു. 70.51 ശതമാനം പോളിങാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. 2021ല്‍ ഇത് 75.3 ശതമാനമായിരുന്നു. വിജയപ്രതീക്ഷയിലാണ് എന്‍ഡിഎ. എല്‍ഡിഎഫും-യുഡിഎഫും വിവാദങ്ങളുടെ പിറകെ പോയപ്പോള്‍ വികസനത്തിനൊരു വോട്ട് എന്ന മുദ്രാവാക്യവുമായി താഴെത്തട്ടില്‍ ഉള്‍പ്പെടെ നടത്തിയ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ബിജെപിക്ക് അനുകൂലമായി.

2021ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മെട്രോമാന്‍ ഇ. ശ്രീധരന്‍ 3859 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. നഗരസഭയിലടക്കം നടപ്പിലാക്കിയ കോടികളുടെ പദ്ധതികള്‍ പറഞ്ഞായിരുന്നു എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയും പിരായിരി, കണ്ണാടി, മാത്തൂര്‍ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മണ്ഡലം.

ഇത്തവണ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് നഗരസഭാ പരിധിയിലാണ്. 2021ല്‍ 65ശതമാനമായിരുന്നത് 67.64 ശതമാനമായി വര്‍ധിച്ചുവെന്നത് ശ്രദ്ധേയമാണ്. 2021ല്‍ നഗരസഭയില്‍ ബിജെപിയായിരുന്നു ഒന്നാംസ്ഥാനത്ത്. എന്നാലിത്തവണ നഗരസഭയിലേയും, മൂന്നുപഞ്ചായത്തുകളിലേയും ശക്തികേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ പോളിങ് ഇരട്ടിയായതിലാണ് ബിജെപിക്ക് പ്രതീക്ഷ.

അതേസമയം പഞ്ചായത്തുകളിലെ പോളിങ് 2021നെ അപേക്ഷിച്ച് കുറയുകയാണുണ്ടായത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണാടി പഞ്ചായത്തിലും, കോണ്‍ഗ്രസ് ഭരിക്കുന്ന മാത്തൂര്‍ പഞ്ചായത്തിലും പോളിങ് കുറഞ്ഞതില്‍ ആശങ്കയിലാണ് ഇരുമുന്നണികളും. നാളെ ഗവ.വിക്ടോറിയ കോളജിലാണ് വോട്ടെണ്ണല്‍.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by