ഷൊര്‍ണൂര്‍: സിനിമയെക്കാള്‍ കൃഷിയെ ഏറെ സ്‌നേഹിച്ച നടനായിരുന്നു ഇന്നലെ അന്തരിച്ച നടന്‍ മേഘനാദന്‍. പ്രശസ്ത നടന്‍ ഭരത് ബാലന്‍ കെ. നായരുടെ മകനും, പ്രമുഖ ചലച്ചിത്ര-സീരിയല്‍ നടനുമായ വാടാനാംകുറുശ്ശി കോഴിപ്പാറ രാമങ്കണ്ടത്ത് വീട്ടില്‍ മേഘനാദന്‍ അഭിനയലോകത്ത് അച്ഛന്റെ കാല്‍പ്പാടുകളെ പിന്തുടര്‍ന്ന് സിനിമയില്‍ തന്റേതായ ഇടംപിടിച്ച വ്യക്തിയാണ്. സിനിമയെ പോലെ കൃഷിയെയും സ്നേഹിച്ച നല്ലൊരു കര്‍ഷകന്‍ കൂടിയാണ് ഇദ്ദേഹം.
കുറച്ച് കാശ് കൈയില്‍ വരുമ്പോള്‍ ഒരു ബൈക്കോ കാറോ എല്ലാവരും ആഗ്രഹിക്കും. ഞാന്‍ വാങ്ങിച്ചത് ദാ…ഇതാണ്.. എന്റെ പേരിലുള്ള ആദ്യത്തെ വാഹനം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ തന്റെ സ്വന്തം ട്രാക്ടറില്‍ ഇരുന്നുകൊണ്ട് മേഘനാദന്‍ പറഞ്ഞ വാക്കുകളാണിത്. സിനിമയില്‍ നിന്ന് ലഭിച്ച സമ്പാദ്യം കൊണ്ട് അച്ഛന്‍ ടൗണില്‍ വസ്തുക്കളല്ല വാങ്ങിയത്, പകരം കുറച്ചധികം പാടശേഖരമാണെന്നും താനാണത് നോക്കുന്നതും കൃഷിയിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൃഷി സമയത്ത് സിനിമ പോലും വേണ്ടെന്ന് വച്ച നല്ലൊരു കര്‍ഷകനാണ് അദ്ദേഹം. പണിക്കാരെ കിട്ടാത്ത സമയങ്ങളില്‍ ട്രാക്ടര്‍ ഓടിക്കുന്നതും, പാടം ഉഴുന്നതുമെല്ലാം അദ്ദേഹം തന്നെയായിരുന്നു. അവസാനം ബാലന്‍ കെ. നായരെന്ന മഹാനടന്റെ സ്മൃതികുടീരത്തിനരികില്‍ തന്നെ നിത്യനിദ്ര. തറവാട് വീട്ടില്‍ അച്ഛന്റെയും അകാലത്തില്‍ പൊലിഞ്ഞ സഹോദരന്‍ അജയകുമാറിനുമൊപ്പം മേഘനാദനും അന്ത്യകര്‍മങ്ങളൊരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക