Main Article

വഖഫ് നിയമവും നിയമസഭാ പ്രമേയവും

Published by

ഖഫ് നിയമങ്ങളെ സമഗ്രമായി ഉടച്ചുവാര്‍ക്കുന്ന പുതിയ കേന്ദ്ര വഖഫ് ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ ഭരണഘടനാപരമായ ഔചിത്യം മതിയായ രീതിയില്‍ പൊതുസമൂഹത്തിലും പ്രത്യേകിച്ച് നിയമലോകത്തും അവലോകനം ചെയ്യപ്പെട്ടിട്ടില്ല. ഫെഡറല്‍ അവകാശത്തെക്കുറിച്ച് അളവിലധികം ഉദ്ഘോഷിക്കുമ്പോഴും സംസ്ഥാനങ്ങള്‍ പുലര്‍ത്തേണ്ടണ്ട ഫെഡറല്‍ അച്ചടക്കം മറന്നുകൊണ്ടുള്ള രാഷ്‌ട്രീയ പ്രമേയമാണ് നിയമസഭ ഏകസ്വരത്തില്‍ പാസാക്കിയിട്ടുള്ളതെന്ന് ഭരണഘടനയുടെ വിവിധ വകുപ്പുകളുടെ അവലോകനം വ്യക്തമാക്കുന്നു. പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയപ്പോള്‍ കേരളം, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ തുടങ്ങിയ നിയമ സഭകള്‍ ഇതേ മാതൃകയില്‍ പ്രമേയം പാസാക്കിയിരുന്നു. പാര്‍ലമെന്റ് ഒരു നിയമം നിര്‍മിക്കുമ്പോള്‍ ആ നിയമം പിന്‍വലിക്കണമെന്നാവശ്യപെട്ട് നിയമ സഭകള്‍ പ്രമേയങ്ങള്‍ പാസാക്കുന്ന പ്രവണത എത്രമാത്രം ഭരണഘടനാ അനൗചിത്യമാണെന്ന വസ്തുത മതിയായ ഗൗരവത്തില്‍ ഇതുവരെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.

ഭരണഘടനാ വകുപ്പുകള്‍

ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പാര്‍ലമെന്റിന്റെയും നിയമ സഭകളുടെയും നിയമനിര്‍മാണ അധികാരത്തിന്റെ അതിര്‍വരമ്പുകള്‍ നിര്‍ണയിച്ചിരിക്കുന്നു. കേന്ദ്ര ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, സംയുക്ത ലിസ്റ്റ് (concurrent ltsi) എന്നീ മൂന്നു വിഭാഗങ്ങളായി നിയമ നിര്‍മാണ അധികാരത്തെ ഭരണഘടന വീതം വച്ചു നല്‍കിയിരിക്കുകയാണ്. ഭരണഘടനയുടെ സംയുക്ത ലിസ്റ്റിലുള്ള വിഷയങ്ങളില്‍ കേന്ദ്ര നിയമം പ്രാബല്യത്തില്‍ ഉണ്ടെങ്കില്‍ സംസ്ഥാനങ്ങളുടെ ആ വിഷയങ്ങളിലുള്ള നിയമങ്ങള്‍ക്ക് നിലനില്‍പ്പ് ഉണ്ടായിരിക്കുകയില്ല. എന്നാല്‍ പ്രസിഡന്റിന്റെ അനുമതിയോടെയുള്ള സംയുക്ത പട്ടികയിലെ സംസ്ഥാന നിയമ നിര്‍മാണം കേന്ദ്ര നിയമ നിര്‍മാണവുമായി പൊരുത്തക്കേട് വന്നാലും അവ പരിരക്ഷിക്കപ്പെടാം. ഈ ഭരണഘടനാ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് പാര്‍ലമെന്റും നിയമ സഭകളും കാലാകാലങ്ങളില്‍ നിയമങ്ങള്‍ നിര്‍മിക്കുന്നത്. ഭരണഘടനയിലെ സംയുക്ത ലിസ്റ്റിലെ 28-ാം എന്‍ട്രിയാണ് ധര്‍മ്മസ്ഥാപനങ്ങളെ സംബന്ധിച്ചുള്ള നിയമ നിര്‍മാണ വിഷയങ്ങള്‍. ഈ ഭരണഘടനാ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വഖഫ് നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയിട്ടുള്ളത്. ഈ വിഷയങ്ങളില്‍ സംസ്ഥാനങ്ങള്‍ നിയമങ്ങള്‍ ഉണ്ടാക്കിയാലും അത് കേന്ദ്ര നിയമവുമായി പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ കേന്ദ്ര നിയമം മാത്രമേ നിലനില്‍ക്കുകയുള്ളൂ. കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ്ണ നിയമനിര്‍മ്മാണ അധികാരമുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റ് നിയമ നിര്‍മാണം നടത്തുമ്പോള്‍ അത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമ സഭകള്‍ പ്രമേയം പാ
സാക്കുന്നത് ഭരണഘടനയുടെ അന്തസ്സത്തക്കും ഭരണഘടനാ ധാര്‍മികതയ്‌ക്കും ഔചിത്യത്തിനും ഒട്ടും നിരക്കാത്തതും അതിനാല്‍ തന്നെ ഭരണഘടനാ വിരുദ്ധവും ആണ്. കേരള നിയമസഭ ഭരണഘടന നല്‍കുന്ന അധികാരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വിഷയങ്ങളിലേതെങ്കിലും ഒന്നില്‍ ഒരു നിയമ നിര്‍മാണം നടത്തുമ്പോള്‍ അത് പാടില്ല എന്ന് പാര്‍ലമെന്റ് പ്രമേയം പാസാക്കുന്ന ഒരവസ്ഥ സങ്കല്‍പിച്ചാല്‍ തന്നെ ഈ പ്രമേയ പ്രതിഷേധങ്ങളുടെ അനൗചിത്യം മനസിലാക്കാം.

കേന്ദ്ര നിയമ നിര്‍മാണങ്ങളിലെ സംസ്ഥാന പങ്കാളിത്തം

ഭാരത പാര്‍ലമെന്റ് അടിസ്ഥാനപരമായി ദ്വന്ദ സഭയാണ്. ജനപ്രതിനിധി സഭയും രാജ്യസഭയും ചേര്‍ന്നതാണ് ഭാരത പാര്‍ലമെന്റ്. സംസ്ഥാന നിയമസഭകള്‍ അയക്കുന്ന പ്രതിനിധികളുടെ സഭയാണ് രാജ്യസഭ. രാജ്യസഭയിലേക്കുള്ള പ്രതിനിധികളെ സംസ്ഥാന നിയമസഭകള്‍ തെരഞ്ഞെടുക്കുന്ന സംവിധാനം തന്നെ കേന്ദ്ര നിയമ നിര്‍മാണങ്ങളില്‍ സംസ്ഥാനങ്ങളുടെ സക്രിയമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുവേണ്ടി ഭരണഘടനാ നിര്‍മ്മാതാക്കള്‍ കണ്ടെത്തിയ ഉത്തമ മാര്‍ഗമാണ്. ചുരുക്കത്തില്‍ ഒരു കേന്ദ്ര നിയമം പാര്‍ലമെന്റ് പാസാക്കുമ്പോള്‍ ഈ പ്രക്രിയയില്‍ ജനങ്ങള്‍ നേരിട്ടു തെരഞ്ഞെടുത്ത പ്രതിനിധികളുടെയും (ലോക്സഭ) സംസ്ഥാന നിയമസഭ തെരഞ്ഞെടുത്ത പ്രതിനിധികളുടെയും (രാജ്യസഭാ അംഗങ്ങള്‍) സംയുക്ത ചര്‍ച്ചയുടെയും കൂട്ടായ്മയുടെയും ഉല്പന്നമായി മാറുന്നു ഓരോ കേന്ദ്ര നിയമ നിര്‍മ്മാണങ്ങളും. കേന്ദ്ര നിയമ നിര്‍മ്മാണ പ്രക്രിയ തന്നെ ഒരു സമ്പൂര്‍ണ്ണ ഫെഡറല്‍ നിയമ നിര്‍മ്മാണം തന്നെ ആവണം എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര നിയമ നിര്‍മ്മാണ സഭയെ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്. അടിസ്ഥാനപരമായി സംസ്ഥാന നിയമസഭകളുടെ പ്രതിനിധികളുടെ പങ്കാളിത്തത്തോടെ നിര്‍മ്മിക്കപ്പെടുന്ന പാര്‍ലമെന്ററി നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് നിയമസഭകള്‍ തന്നെ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത് ഭരണഘടനാ അച്ചടക്കത്തിന്റെയും ഫെഡറല്‍ ധാര്‍മികതയുടെയും അവഹേളനമാണ്.

കേന്ദ്ര നിയമങ്ങളുടെ നടപ്പാക്കലും സംസ്ഥാന സര്‍ക്കാരുകളും

സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങളുടെ എക്സിക്യൂട്ടീവ് അധികാരം കേന്ദ്ര നിയമങ്ങള്‍ നടപ്പാക്കുന്നതിനായി പ്രയോഗിക്കണമെന്ന് ഭരണഘടനയുടെ 256-ാം അനുച്ഛേദം നിഷ്‌കര്‍ഷിക്കുന്നു. അത് മാത്രമല്ല, ഈ നിയമങ്ങള്‍ നടപ്പാക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് വേണ്ട ഉത്തരവുകളും നിര്‍ദേശങ്ങളും നല്‍കുവാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്നും ഈ ഭരണഘടനാ വകുപ്പ് ഊന്നി പറയുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നിര്‍വ്വഹണ അധികാരത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ സംസ്ഥാനങ്ങള്‍ അവരുടെ അധികാരം ഉപയോഗിക്കരുതെന്നും, വേണ്ടിവന്നാല്‍ അത് ഉറപ്പുവരുത്തുന്നതിനാ
യി സംസ്ഥാനങ്ങള്‍ക്ക് ഭരണപരമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഭരണഘടനയുടെ 257-ാം അനുച്ഛേദം കൂടുതല്‍ വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാരിനുള്ള വിപുലമായ ഈ അധികാരത്തെ മറന്നുകൊണ്ടുള്ള വെല്ലുവിളികളാണ് ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റാന്‍ ബാധ്യതപ്പെട്ടവര്‍ പ്രമേയങ്ങളിലൂടെയും നിയമനിരാകണത്തിനുള്ള ആഹ്വാനത്തിലൂടെയും നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണഘടനയെ ഉയര്‍ത്തിപിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന മന്ത്രിസഭാ അംഗങ്ങളും നിയമസഭാ സാമാജികരും കേന്ദ്ര നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം പാസ്സാക്കുന്നത് ഭരണഘടനാ ലംഘനവും തന്മൂലം സത്യപ്രതിജ്ഞാ ലംഘനവും ആയി മാറുന്നുണ്ടോ എന്ന് പൊതുസമൂഹവും നിയമലോകവും ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.

കേരളാ നിയമസഭാ ചട്ടങ്ങളും പ്രമേയങ്ങളും

കേരള നിയമസഭ (നടപടിക്രമങ്ങളും കാര്യനിര്‍വ്വഹണവും) ചട്ടങ്ങളിലെ പതിനാറാം അദ്ധ്യായമാണ് പ്രമേയങ്ങളെ സംബന്ധിച്ച് പ്രതിപാദിച്ചിട്ടുള്ളത്. ചട്ടം 119(c) പ്രകാരം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളെ സംബന്ധിച്ച് നിയമസഭ പ്രമേയങ്ങള്‍ പാസ്സാക്കരുതെന്ന് നിഷ്‌കര്‍ഷിക്കുന്നു. പൗരത്വ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഏകദേശം അറുപതോളം ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കവേ ആയിരുന്നു ആ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു കേരള നിയമ സഭ പ്രമേയം പാസ്സാക്കിയത്. സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച വിഷയങ്ങളിലല്ലാതെ മറ്റൊന്നിലും പ്രമേയ അവതരണം അനുവദിച്ചുകൂടെന്ന ചട്ടം 119(റ) യുടെ അന്തസ്സത്തക്കെതിരായിട്ടുള്ളതാണ് വഖഫ് നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപെട്ടുകൊണ്ടുള്ള ഇപ്പോഴത്തെ പ്രമേയം. നിയമസഭയുടെ കാര്യ നിര്‍വ്വഹണ ചട്ടങ്ങള്‍ പരിപൂര്‍ണ്ണമായി കാറ്റില്‍ പറത്തിക്കൊണ്ടുള്ള പ്രമേയങ്ങള്‍ ഭരണഘടനാ ജനാധിപത്യത്തിനും ഫെഡറല്‍ മര്യാദക്കും എതിരായി വ്യാഖ്യാനിക്കപ്പെട്ടാല്‍ അതില്‍ കുറ്റം കണ്ടെത്താന്‍ എളുപ്പമാകില്ല.

കേന്ദ്ര നിയമങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് ചോദ്യം ചെയ്യാമോ ?

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയാണെങ്കില്‍ അനുച്ഛേദം 131 പ്രകാരം സുപ്രീം കോടതിയില്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ക്ക് അന്യായം ഫയല്‍ ചെയ്യാവുന്നതാണ്. ഒരു കേന്ദ്ര നിയമം ഫെഡറല്‍ തത്വങ്ങള്‍ക്കും ഭരണഘടന അനുശാസിക്കുന്ന നിയമനിര്‍മ്മാണ അധികാരങ്ങള്‍ക്കും വിരുദ്ധമാണെങ്കില്‍ അത് ഭരണഘടനാ അനുസൃതമായി രാജ്യത്തെ പരമോന്നത നീതിപീഠത്തിനെ ബോദ്ധ്യപ്പെടുത്തി ഉചിതമായ നിവൃത്തി നേടിയെടുക്കേണ്ടതാണ്. പകരം പ്രകടമായി ഭരണഘടനാ വിരുദ്ധ പ്രമേയങ്ങള്‍ പാസ്സാക്കി ഭരണഘടനയെ വെല്ലുവിളിക്കുന്നത് ഭരണഘടനാ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ഉചിതമല്ല.

ഇന്ത്യാ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയന്‍ ആണെന്നാണ് ഭരണഘടനയുടെ അനുച്ഛേദം ഒന്ന് പ്രഖ്യാപിക്കുന്നത്. കേന്ദ്ര നിയമങ്ങള്‍ നടപ്പാക്കുകയെന്നത് സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ഭരണഘടനാ ബാദ്ധ്യതയാണ്. സഹകരണ ഫെഡറലിസത്തിലധിഷ്ഠിതമായ ഈ ഭരണഘടനാ അച്ചടക്കത്തിലാണ് ഭാരതമെന്ന റിപ്പബ്ലിക്കിന്റെ ഐക്യവും അഖണ്ഡതയും നിലകൊള്ളുന്നത്. ചുരുക്കി പറഞ്ഞാല്‍ പ്രമേയ വിപ്ലവങ്ങള്‍ ഭരണഘടനാ വിരുദ്ധം തന്നെയാണ്. ഭരണഘടനാ അച്ചടക്കത്തെ തന്നെ ഇല്ലാതാക്കി റിപ്പബ്ലിക്കിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന അവസ്ഥ സംജാതമാകാതിരിക്കുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രമിക്കുമെന്ന് പ്രത്യാശിക്കാം.

(ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനാണ് ലേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by