Kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: പോളിങ് ശതമാനം കുറഞ്ഞു; വോട്ട് രേഖപ്പെടുത്തിയത് 70.51 ശതമാനം പേര്‍

Published by

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടന്ന പാലക്കാട് നിയമസഭാമണ്ഡലത്തില്‍ 70.51 ശതമാനം പോളിങ്. ആകെയുള്ള 1,94,706 വോട്ടര്‍മാരില്‍ 1,37,302 പേര്‍ വോട്ട് ചെയ്തു. 66,596 പു
രുഷന്മാരും 70,702 സ്ത്രീകളുമാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടര്‍പട്ടികയിലുള്ള നാല് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും വോട്ട് ചെയ്തു.

2021ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 75.83 ശതമാനം പോളിങ് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇത്തവണ 70.51 ശതമാനമായി കുറഞ്ഞത്.

തിരക്ക് ഒഴിവാക്കുന്നതിനായി രാവിലെ ആറുമണിയോടെ തന്നെ വോട്ടര്‍മാര്‍ ബൂത്തുകളില്‍ എത്തി. കൃത്യം ഏഴുമണിക്ക് വോട്ടിങ് ആരംഭിച്ചു. ആദ്യ മണിക്കൂറില്‍ മിക്ക ബൂത്തുകളിലും വന്‍തിരക്ക് അനുഭവപ്പെട്ടെങ്കിലും പിന്നീട് പോളിങ് മന്ദഗതിയിലായി. അവസാന നിമിഷങ്ങളിലായിരുന്നു ബൂത്തുകളില്‍ വീണ്ടും വന്‍തിരക്ക് അനുഭവപ്പെട്ടത്.

മണ്ഡലത്തില്‍ വോട്ടിങ് പൊതുവെ സമാധാനപരമായിരുന്നു. ഇരട്ടവോട്ട് വിവാദം ഉണ്ടായിരുന്നെങ്കിലും എവിടെയും ബൂത്തുകളില്‍ തര്‍ക്കങ്ങള്‍ ഉണ്ടായില്ല. രാവിലെ ചിന്മയഗുരുവായൂരപ്പന്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം എന്‍ഡിഎ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍ അയ്യപുരം കല്പാത്തി എഎല്‍പി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. കൂടെ ഭാര്യയും നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷയുമായ മിനികൃഷ്ണകുമാറും ഉണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് മണ്ഡലത്തില്‍ വോട്ടില്ല. അതേസമയം ഇടത് സ്ഥാനാര്‍ഥി ഡോ.പി. സരിന്‍ മണപ്പുള്ളിക്കാവ് ട്രൂലൈന്‍ പബ്ലിക് സ്‌കൂളിലാണ് വോട്ട് ചെയ്തത്.

നാല് ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 184 പോളിങ് സ്റ്റേഷനുകളാണ് ഉണ്ടായിരുന്നത്. ഏഴ് പ്രശ്‌നബാധിത ബൂത്തുകളിലും കേന്ദ്രസുരക്ഷാസേനയും പോലീസും അധിക സുരക്ഷയൊരുക്കി. ബൂത്തുകളില്‍ കുടിവെള്ളം, വീല്‍ച്ചെയര്‍, ബെഞ്ച് ഉള്‍പ്പെടെയുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്നു.

എഎല്‍പി സ്‌കൂള്‍ മാത്തൂരിലാണ് ഏറ്റവും കൂടുതല്‍ ഭിന്നശേഷി വോട്ടര്‍മാരുള്ളത്. ഇവിടെ ചലന വൈകല്യമുള്ള 77 പേരും കാഴ്ച പരിമിതിയുള്ള 5 പേരുമാണ് ഉള്ളത്. മണപ്പുള്ളിക്കാവ് ട്രൂ ലൈന്‍ പബ്ലിക് സ്‌കൂളിലാണ് കാഴ്ചപരിമിതിയുള്ള വോട്ടര്‍മാര്‍ കൂടുതലുള്ളത്.

രാവിലെ 11 വരെ 23.79 ശതമാനമായിരുന്നു പോളിങ്. നഗരസഭയെ അപേക്ഷിച്ച് പഞ്ചായത്തുകളിലാണ് വോട്ടുചെയ്യാനെത്തിയവരുടെ നീണ്ടനിര അനുഭവപ്പെട്ടത്. നഗരസഭാ പരിധിയിലെ ബൂത്ത് നമ്പര്‍ 22ല്‍ വിവിപാറ്റ് തകരാര്‍ കാരണം പോളിങ് മുടങ്ങി. അരമണിക്കൂറിന് ശേഷമാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിനോടെകം തന്നെ ആളുകളുടെ നീണ്ട നിര അനുഭവപ്പെട്ടു. പിരായിരിയിലെ 122-ാം ബൂത്തില്‍ വോട്ടിങ് മെഷീന്‍ കേടായതിനെ തുടര്‍ന്ന് മെഷീന്‍ മാറ്റുകയുണ്ടായി. മറ്റുചിലസ്ഥലങ്ങളില്‍ അല്പനേരത്തേക്ക് വൈദ്യുതി മുടങ്ങി. ചില ബൂത്തുകളില്‍ ബീപ്പ് ശബ്ദം കേട്ടില്ലെന്ന ആരോപണവും ഉയര്‍ന്നു. വോട്ടിങ് മെഷീനിലെ തകരാര്‍ മൂലം മൂത്താന്തറായ കര്‍ണ്ണകിയമ്മന്‍ സ്‌കൂളിലെ പോളിങ് ഒരുമണിക്കൂര്‍ മുടങ്ങി. തകരാര്‍ പരിഹരിച്ച ശേഷം പോളിങ് പുനരാരംഭിച്ചു. വൈകിട്ട് ഏഴരയോടെയാണ് അവസാനവോട്ടറും വോട്ട് രേഖപ്പെടുത്തി മടങ്ങിയത്.

കുമരപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 12-ാം ബൂത്തില്‍ ഉച്ചഭക്ഷണത്തിനായി 10 മിനിറ്റ്് വോട്ടിങ് നിര്‍ത്തിവച്ചു. വോട്ടര്‍മാര്‍ ഇത് ചോദ്യം ചെയ്തതോടെ 10ന് മിനുറ്റിന് ശേഷം വോട്ടിങ് പുനരാരംഭിച്ചു.

ഉച്ചയ്‌ക്ക് ശേഷം മൂന്നുമണിയോടെയാണ് മണ്ഡലത്തിലെ പോളിങ് 50 ശതമാനം തികച്ചത്. തുടര്‍ന്ന് ബൂത്തുകളില്‍ ആളുകളെത്തിതുടങ്ങിയതോടെ പോളിങ് ശതമാനം ഉയര്‍ന്നു. വൈകിട്ട് ആറുമണിക്കുള്ളില്‍ പോളിങ് സ്റ്റേഷനിലെത്തിയവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നല്‍കി. പല ബൂത്തുകളിലും രാത്രി ഏഴുമണിവരെ വോട്ട് രേഖപ്പെടുത്താന്‍ ആളുകളുണ്ടായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by