ചാലക്കുടി: മുരിങ്ങൂര്‍ സിഗ്‌നല്‍ ജംഗ്ഷനില്‍ ബദല്‍ റോഡ് ഒരുക്കാതെ അടിപ്പാതയുടെ നിര്‍മ്മാണം ആരംഭിക്കാനുള്ള ശ്രമം മര്‍ച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തില്‍ തടഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരു വശത്ത് ദേശീയ പാതയിലേക്കുള്ള പ്രവേശനം അടക്കുകയും സര്‍വ്വീസ് റോഡ് വഴി ഗതാഗതം തിരിച്ച് വിട്ട ശേഷം ചൊവ്വാഴ്ച രാവിലെ നിര്‍മ്മാണം ആരംഭിക്കാനുമുള്ള ശ്രമമാണ് തടഞ്ഞത്.
പൂര്‍ണ്ണമായി സര്‍വ്വീസ് റോഡ് നിര്‍മ്മിച്ച് വാഹന ഗതാഗതത്തിന് ബദല്‍ സംവിധാനം ഒരുക്കിയ ശേഷം മാത്രമെ അടിപ്പാതയുടെ നിര്‍മ്മാണം ആരംഭിക്കുകയൂള്ളൂ എന്നാണ് ജില്ല കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിത പറഞ്ഞു. റോഡിന്റെ രണ്ട് വശത്തേയും സര്‍വ്വീസ് റോഡുകള്‍ പൊളിച്ചിട്ട് മൂന്ന് മാസത്തോളമായിട്ടും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ല.
ഇതിനിടെ അടിപ്പാത നിര്‍മ്മാണം ആരംഭിച്ചാല്‍ നടക്കാന്‍ പോലും സാധിക്കാതെ ജനങ്ങള്‍ ബുദ്ധിമുട്ടിലാകുന്ന അവസ്ഥയാണ്. നിര്‍മ്മാണ കമ്പനിക്ക് തോന്നിയ പോലെയാണ് നിര്‍മ്മാണ ജോലികള്‍ നടത്തുന്നത്.പലയിടത്തും അശാസ്ത്രീയമായ നിര്‍മ്മാണ ജോലികളാണ് നടക്കുന്നത്.മര്‍്ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റ് സി.വിനോദ്, സെക്രട്ടറി തോമാസ് പൈനാടത്ത് എന്നിവരുടെ നേതൃത്വത്തില്‍ നിര്‍മ്മാണ ജോലികള്‍ തടയുകയും പഞ്ചായത്ത് പ്രസിഡന്റിനെ വിളിച്ചു വരുത്തുകയുമായിരുന്നു.പ്രസിഡന്റ് എം.എസ്.സുനിത, വൈസ് പ്രസിഡന്റ് പോളി പുളിക്കന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.പരമേശ്വരന്‍, എന്നിവര്‍ സ്ഥലത്തെത്തി നിര്‍മ്മാണ കമ്പനി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം ദേശീയ പാതയിലേക്കുള്ള പ്രവേശനം അടച്ചു കെട്ടിയത് മാറ്റുകയും,ബദല്‍ റോഡ് രണ്ട് വശത്ത് പൂര്‍ണ്ണമായി നിര്‍മ്മിച്ച ശേഷം മാത്രം അടിപ്പാത നിര്‍മ്മാണം ആരംഭിക്കുകയുള്ളൂ എന്ന് ഉറപ്പ് നല്‍കുകയും ചെയ്തതായി മര്‍ച്ചന്റസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക