Categories: News

വിശേഷ കാര്യകര്‍ത്താ വികാസ് വര്‍ഗിന് തുടക്കം; ആര്‍എസ്എസ് പ്രവര്‍ത്തനം സര്‍വസ്വീകാര്യം: രാജ്കുമാര്‍ മടാലെ

Published by

നാഗ്പൂര്‍: അവഗണനയുടെയും പരിഹാസത്തിന്റെയും എതിര്‍പ്പിന്റെയും കാലത്തെ മറികടന്ന് ആര്‍എസ്എസ് പ്രവര്‍ത്തനം ഇന്ന് സര്‍വസ്വീകാര്യമായിരിക്കുന്നുവെന്ന് അഖിലഭാരതീയ സഹസേവാ പ്രമുഖ് രാജ്കുമാര്‍ മടാലെ. നാഗ്പൂരില്‍ 40ന് മുകളില്‍ പ്രായമുള്ള സ്വയംസേവകര്‍ക്കായി നടത്തുന്ന ആര്‍എസ്എസ് വിശേഷ കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയുടെ ഉദ്ഘാടന സഭയില്‍ സംസാരിക്കുകയായിരുന്നു വര്‍ഗ് പാലക് അധികാരി കൂടിയായ അദ്ദേഹം.

1925ല്‍ ഡോക്ടര്‍ജി മൊഹിതെ ശാഖയില്‍ നിന്ന് ആരംഭിച്ച സംഘ പ്രവര്‍ത്തനം ഇന്ന് രാജ്യവ്യാപകമായിരിക്കുന്നു. ഏത് വിശുദ്ധ ഗ്രന്ഥവും അവഗണനയും പരിഹാസവും എതിര്‍പ്പും നേരിട്ടതിന് ശേഷമാണ് അംഗീകാരം നേടുന്നതെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്. സമാനമാണ് സംഘത്തിന്റെ പ്രവര്‍ത്തനവും. ആദ്യകാലത്ത് അവഗണിച്ച സംഘത്തെ ഇന്ന് എല്ലാവരും സ്വീകരിക്കുന്നു. പരസ്യമായി എതിര്‍ക്കുന്നവര്‍ പോലും സ്വകാര്യമായി പ്രശംസിക്കുന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി.

ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്ഗേവാറിന്റെയും ദ്വിതീയ സര്‍സംഘചാലക് ശ്രീഗുരുജിയുടെയും തപോഭൂമിയില്‍ ആരംഭിച്ച വിശേഷ വര്‍ഗ് ഐതിഹാസികമാണെന്ന് രാജ്കുമാര്‍ മടാലെ പറഞ്ഞു. സംഘശിക്ഷാ വര്‍ഗിന്റെ പുതിയ ഘടനയനുസരിച്ച് ആദ്യമായി നടക്കുന്ന വിശേഷ വര്‍ഗാണിത്. ദേശീയ ഐക്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഭാവമാണ് വര്‍ഗിന്റെ സവിശേഷത. 1925ല്‍ സ്ഥാപിച്ചെങ്കിലും 1927ലാണ് സംഘം പ്രശിക്ഷണ വര്‍ഗുകള്‍ ആരംഭിച്ചത്. അന്ന് 17 ശിക്ഷാര്‍ത്ഥികളാണ് പങ്കെടുത്തത്. അടിയന്തരാവസ്ഥക്കാലത്തും കൊവിഡ് കാലത്തും ഒഴികെ ഒരിക്കലും സംഘത്തിന്റെ പ്രശിക്ഷണ വര്‍ഗുകള്‍ മുടങ്ങിയിട്ടില്ല.

പഞ്ചപരിവര്‍ത്തനത്തിലൂടെ സമാജത്തെ ഉണര്‍ത്തുകയും ഉയര്‍ത്തുകയുമാണ് ഇപ്പോഴത്തെ ഊന്നല്‍. അതിന് പ്രവര്‍ത്തകരില്‍ ശേഷിയും വൈദഗ്ധ്യവും വര്‍ധിപ്പിക്കുന്നതുവഴി രാഷ്‌ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ് വര്‍ഗ് ചെയ്യുന്നത്, രാജ്കുമാര്‍ ജി മടാലെ പറഞ്ഞു.

രേശിംഭാഗില്‍ ഡോ. ഹെഡ്ഗേവാര്‍ സ്മൃതി മന്ദിരത്തിലെ വ്യാസ സഭാഗൃഹത്തില്‍ ചേര്‍ന്ന ഉദ്ഘാടന സഭയില്‍ സഹസര്‍കാര്യവാഹ് ഡോ. കൃഷണഗോപാല്‍, ജോധ്പൂര്‍ പ്രാന്ത സംഘചാലകും വര്‍ഗ് സര്‍വാധികാരിയുമായ ഹര്‍ദയാല്‍ വര്‍മ എന്നിവരും പങ്കെടുത്തു. സഹസര്‍കാര്യവാഹുമാരായ സി.ആര്‍. മുകുന്ദ, രാംദത്ത് ചക്രധര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള 868 ശിക്ഷാര്‍ത്ഥികളാണ് 25 ദിവസത്തെ വര്‍ഗില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ 12ന് വര്‍ഗ് സമാപിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക