ആനന്ദ് ശ്രീബാല’, പേരില്‍ തന്നെ സസ്‌പെന്‍സ് നിലനിര്‍ത്തുന്ന ചിത്രം. ഒരു ക്രൈം തില്ലര്‍ എന്ന വിശേഷണത്തില്‍ മാത്രം ഒതുക്കാവുന്ന ചിത്രമല്ല ആനന്ദ് ശ്രീബാല. ആത്മഹത്യയെന്ന് എഴുതിതള്ളുന്ന ഒരു കേസിനു പുറകെയുള്ള അന്വേഷണത്തിലുപരിയായി ഒരമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ കൂടി പറയുന്ന ചിത്രം. അര്‍ജുന്‍ അശോകന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി ആനന്ദ് ശ്രീബാല രേഖപ്പെടുത്തുമെങ്കില്‍ സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയ് തന്റെ ആദ്യചിത്രം സംവിധായകനെന്ന നിലയില്‍ മികച്ചതാക്കി. മാളികപ്പുറത്തിന്റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ളയ്‌ക്ക് മികച്ച ഒരു കുറ്റാന്വേഷണകഥ അതിശയോക്തിയില്ലാതെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാനുമായി.
2017 ല്‍ കൊച്ചി ഗോശ്രീ പാലത്തിനു കീഴില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജിയുടെ മരണവുമായി ഏറെ സാമ്യം തോന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കലൂര്‍ പള്ളിയിലേക്ക് പോയ മിഷേലിനെ കാണാതാവുകയായിരുന്നു. ആത്മഹത്യയെന്നു പോലീസ് പറഞ്ഞ മരണത്തില്‍ ബന്ധുക്കള്‍ ഒരുപാട് ദുരൂഹതകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജെസ്‌നയുടെ തിരോധാനവും മലയാളികള്‍ക്കു മുന്നിലുണ്ട്. അവര്‍ക്കു മുന്നിലേക്കാണ് മെറിന്‍ ജോയി എന്ന നിയമ വിദ്യാര്‍ഥിനിയുടെ തിരോധാനവുമായി സിനിമ തുടങ്ങുന്നത്. നിയമവിദ്യാര്‍ഥിനിയായ മെറിനെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനുകള്‍ കയറിയിറങ്ങേണ്ടിവരുന്ന രക്ഷിതാക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം തുടങ്ങുന്നത്. മെറിന്റെ മൃതദേഹം കണ്ടെത്തുന്നതോടെ ഇത് ആത്മഹത്യയാണെന്ന് പോലീസ് എഴുതിത്തള്ളുന്നു. ക്രൈം റിപ്പോര്‍ട്ടറായ ശ്രീബാല ഈ ദുരൂഹത തേടി പോകുന്നു. അവളുടെ കാമുകനായ, പോലീസ് ജോലി സ്വപ്‌നമായി കൊണ്ടുനടക്കുന്ന ആനന്ദ് ശ്രീബാലയും സഹായത്തിനെത്തുന്നു. ഏതൊരു സാധാരണക്കാരനും ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ശരിയുടെ വഴിയേ സഞ്ചരിക്കാനാവുമെന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്. പോലീസിനെ വെല്ലുവിളിച്ചു കേസിന്റെ പുറകെ പോവുന്ന ആനന്ദിനെ പിന്തുടര്‍ന്ന് പോലീസും പുറകെയെത്തുന്നു. ആനന്ദിനെ ഇതിനെ പ്രേരിപ്പിക്കുന്ന ഒരു ഘടകമുണ്ട്. ശ്രീബാലയെന്ന അമ്മ. ആ അമ്മയും മകനും തമ്മിലുള്ള വിചിത്രബന്ധവും അത് ചിത്രത്തില്‍ ചെലുത്തുന്ന സ്വാധീനവുമാണ് ചിത്രത്തിന്റെ ഹൈലെറ്റ്. മാസ് ഡയലുകളോ ശബ്ദകോലാഹലങ്ങളോ സൂപ്പര്‍നായക പരിവേഷമോ ഒന്നുമില്ലാതെ അര്‍ജുന്‍ അശോകന്‍ ആനന്ദ് ശ്രീബാലയെന്ന കുറ്റാന്വേഷകന്റെ റോള്‍ ഭംഗിയാക്കി. പ്രേക്ഷകരെ മുഷിപ്പിക്കാതെ, ഉചിതമായ കാസ്റ്റിംഗിലൂടെ പുതുമ നല്‍കാന്‍ കഴിഞ്ഞുവെന്നതാണ് ആനന്ദ് ശ്രീബാലയുടെ വിജയം. അര്‍ജുന്‍ അശോകിന്റെ അമ്മയുടെ വേഷത്തില്‍ സംഗീതയും ക്രൈം റിപ്പോര്‍ട്ടറുടെ വേഷത്തില്‍ അപര്‍ണാ ദാസും ഡിവൈഎസ്പി ശങ്കര്‍ദാസിന്റെ വേഷത്തില്‍ സൈജു കുറുപ്പും അയ്യപ്പന്റെ വേഷത്തില്‍ അജു വര്‍ഗീസും പ്രേക്ഷകരെ കയ്യിലെടുക്കുന്നു. സിദ്ദിഖ്, നന്ദു, ധ്യാന്‍ ശ്രീനിവാസന്‍, ശിവദ, അസീസ് നെടുമങ്ങാട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
2018, മാളികപ്പുറം എന്നീ ചിത്രങ്ങള്‍ക്കു ശേഷം കാവ്യാ ഫിലിംസിന്റെയും ആന്‍ മെഗാമീഡിയയുടെയും ബാനറില്‍ പ്രിയ വേണുവും നീതു പിന്റോയും ചേര്‍ന്ന് നിര്‍മിച്ച ചിത്രമാണ് ആനന്ദ് ശ്രീബാല. രഞ്ജിന്‍ രാജാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക