Kerala

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നാളെ…. 1,94,706 വോട്ടര്‍മാര്‍

Published by

പാലക്കാട്: അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടര്‍മാരാണ് ഇത്തവണ മണ്ഡലത്തിലുള്ളത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 2306 പേര്‍ 85 വയസിനു മുകളില്‍ പ്രായമുള്ളവരും 780 പേര്‍ ഭിന്നശേഷിക്കാരും നാലുപേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്. 2445 കന്നിവോട്ടര്‍മാരും 229പേര്‍ പ്രവാസി വോട്ടര്‍മാരുമാണ്.

നാളെ രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. പുലര്‍ച്ചെ 5.30ന് മോക്‌പോള്‍ ആരംഭിക്കും. വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെ പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് പൂര്‍ത്തിയാകും. ഗവ. വിക്ടോറിയ കോളേജാണ് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രം. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രത്തിലേക്ക് വോട്ടിങ് യന്ത്രങ്ങള്‍ മാറ്റും. തുടര്‍ന്ന് രാത്രിയോടെ തന്നെ ന്യൂ തമിഴ് ബ്ലോക്കില്‍ സജ്ജീകരിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റും.

184 പോളിങ് ബൂത്തുകള്‍

ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങള്‍:
നാല് ഓക്‌സിലറി ബൂത്തുകള്‍ (അധിക ബൂത്തുകള്‍) അടക്കം ആകെ 184 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 1500-ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ളവിടമാണ് ഓക്‌സിലറി ബൂത്തുകളായി തയ്യാറാക്കിയിട്ടുള്ളത്. ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍ കുന്നത്തൂര്‍മേട് – വടക്കുവശത്തെ മുറി (83എ), നെയ്‌ത്തുകാര തെരുവ് അങ്കണവാടിയിലുള്ള 102-ാം നമ്പര്‍ പ്രധാന പോളിങ് സ്റ്റേഷനോടനുബന്ധിച്ച് അതേ വളപ്പില്‍ സജ്ജീകരിച്ച പോളിങ് സ്റ്റേഷന്‍ (102എ), ബിഇഎസ് ഭാരതിതീര്‍ഥ വിദ്യാലയം കല്ലേക്കാട് – കിഴക്കുവശം (117എ), സെന്‍ട്രല്‍ ജൂനിയര്‍ ബേസിക് സ്‌കൂള്‍ കിണാശ്ശേരി – കിഴക്കുവശത്തെ മുറി (176എ).

വനിതാ ഉദ്യോഗസ്ഥര്‍ മാത്രം നിയന്ത്രിക്കുന്ന ഒരു പോളിങ് ബൂത്തും അംഗപരിമിതര്‍ നിയന്ത്രിക്കുന്ന ഒരു പോളിങ് ബൂത്തും ഒമ്പത് മാതൃകാ പോളിങ് സ്റ്റേഷനുകളും മണ്ഡലത്തില്‍ ഉണ്ടാവും. എല്ലാ ബൂത്തുകളിലും റാംപ്, ശുചിമുറി, കുടിവെള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രകൃതിസൗഹൃദമാക്കുന്നതിന്റെ ഭാഗമായി സമ്പൂര്‍ണ ഹരിതചട്ടം പാലിച്ചാണ് പോളിങ് ബൂത്തുക്കള്‍ സജ്ജീകരിച്ചിരിക്കുന്നത്.
പോളിങ് സ്റ്റേഷനുകളിലേക്കായി റിസര്‍വ് അടക്കം 220 വീതം ബാലറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകളും 239 വിവി പാറ്റ് യൂണിറ്റുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്. ബാലറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകള്‍ 20 ശതമാനവും വിവിപാറ്റ് യൂണിറ്റുകള്‍ 30 ശതമാനവുമാണ് അധികമായി തയ്യാറാക്കി വെച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് വേളയില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാറുണ്ടായാല്‍ പരിഹരിക്കുന്നതിനായി ഭാരത് ഇലക്ടോണിക്സ് ലിമിറ്റഡില്‍ (ബെല്‍) നിന്നുള്ള രണ്ട് എന്‍ജിനീയര്‍മാരുടെ സേവനവും ഉണ്ടായിരിക്കും.

പോളിങ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം:
സുരക്ഷയുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാ പോളിങ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നുമുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൂര്‍ണനിരീക്ഷണത്തിലായിരിക്കും വെബ്കാസ്റ്റിങ്. സിവില്‍ സ്റ്റേഷനില്‍ കോണ്‍ഫറന്‍സ് ഹാളില്‍ സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമില്‍ ബൂത്തുകളില്‍ നിന്നുള്ള വെബ്കാസ്റ്റിങ് സൂക്ഷ്മമായി നിരീക്ഷിക്കും. ജില്ലാ കളക്ടറുടെയും എഡിഎമ്മിന്റേയും നേതൃത്വത്തില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സംവിധാനങ്ങളോടെയാണ് നിരീക്ഷണം. പോളിങ് ദിനത്തില്‍ രാവിലെ അഞ്ച് മുതല്‍ പോളിങ് അവസാനിച്ച് ബൂത്തിലെ പ്രവര്‍ത്തം അവസാനിക്കുന്നത് വരെ 184 ബൂത്തുകളിലും ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കും.

പ്രശ്നബാധിത ബൂത്തുകള്‍ ഏഴ്: മണ്ഡലത്തില്‍ മൂന്നിടങ്ങളിലായി ആകെ ഏഴ് വോട്ടെടുപ്പ് കേന്ദ്രങ്ങളെയാണ് പ്രശ്‌നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുള്ളത്. 58 എണ്ണം സാധ്യതാ പട്ടികയിലുണ്ട്. ഇത്തരം ബൂത്തുകളില്‍ കേന്ദ്ര സുരക്ഷാസേന (സിഎപിഎഫ്) യുടെ സുരക്ഷ ഒരുക്കിയിട്ടുണ്ട്. പള്ളിപ്പുറം യൂണിയന്‍ ബേസിക് യുപി സ്‌കൂള്‍ (ബൂത്ത് നം. 49, 50), കര്‍ണകയമ്മന്‍ എച്ച്എസ് മൂത്താന്തറ (ബൂത്ത് നം: 56,57,58), തണ്ണീര്‍പന്തല്‍ എഎംഎസ്ബി സ്‌കൂള്‍ (ബൂത്ത് നം. 177, 179) എന്നിവയാണ് പ്രശ്‌ന ബാധിത ബൂത്തുകള്‍. ഇവിടങ്ങളില്‍ പോലീസിന്റെ നേതൃത്വത്തില്‍ അധികസുരക്ഷയൊരുക്കും.

വോട്ട് രേഖപ്പെടുത്താം ഇങ്ങനെ…: വോട്ടര്‍ പോളിങ് ബൂത്തിലെത്തിയാല്‍ പോളിങ് ബൂത്തിലെ ആദ്യ പോളിങ് ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ വോട്ടര്‍ പട്ടികയിലെ സമ്മതിദായകന്റെ പേരും തിരിച്ചറിയല്‍ കാര്‍ഡും പരിശോധിക്കും. ശേഷം രണ്ടാമത്തെ പോളിങ് ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ വോട്ടറുടെ കൈവിരലില്‍ മഷി പുരട്ടുകയും സ്ലിപ് നല്‍കുകയും രജിസ്റ്ററില്‍ (ഫോം 17-എ) ഒപ്പ് രേഖപ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. തുടര്‍ന്ന് മൂന്നാമത്തെ പോളിങ് ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ വോട്ടറുടെ സ്ലിപ് വാങ്ങുകയും വിരലിലെ മഷിയടയാളം പരിശോധിക്കുകയും ചെയ്യും. ശേഷം വോട്ടര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിന് അടുത്തേക്ക് (ഇവിഎം) പോകാം.

ഇവിഎമ്മില്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന സ്ഥാനാര്‍ഥിയുടെയോ/നോട്ടയുടെയോ നേരെയുള്ള ബട്ടണ്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താം. തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയുടെ പേരിനോ ചിഹ്നത്തിനോ നേരെയുള്ള ചുവന്ന ലൈറ്റ് തെളിയും. സമ്മതിദായകന്‍ തെരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥിയുടെ/നോട്ടയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ്പ് വിവിപാറ്റ് പ്രിന്റ് ചെയ്യുകയും വിവിപാറ്റ് മെഷീനിന്റെ സുതാര്യമായ വിന്‍ഡോയില്‍ ഏഴ് സെക്കന്റ് ദൃശ്യമാവുകയും ചെയ്യും. തുടര്‍ന്ന് കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നുള്ള ബീപ് ശബ്ദം കേള്‍ക്കാം.

ഇത് സമ്മതിദായകന്‍ വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്തുന്നു. പ്രിന്റ് ചെയ്ത സ്ലിപ് വിവിപാറ്റ് മെഷീനില്‍ സുരക്ഷിതമായിരിക്കും. വിവിപാറ്റില്‍ ബാലറ്റ് സ്ലിപ്പ് കാണിക്കാതെ ഇരിക്കുകയോ ഉയര്‍ന്ന ശബ്ദത്തിലുള്ള ബീപ്പ് ശബ്ദം കേള്‍ക്കാതിരിക്കുകയോ ചെയ്താല്‍ പ്രിസൈഡിങ് ഓഫീസറെ ബന്ധപ്പെടാവുന്നതാണ്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ പോളിങ് ബൂത്തിനുള്ളില്‍ അനുവദനീയമല്ല.

വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകള്‍:
ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്കുന്ന ഇലക്ടറല്‍ ഫോട്ടോ ഐഡി കാര്‍ഡാണ് (ഇപിഐസി) തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത്. ഇതിന് പുറമേ ഫോട്ടോ പതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ കൂടി വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം. ആധാര്‍ കാര്‍ഡ്്, പാന്‍ കാര്‍ഡ്, ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യുഡിഐഡി), സര്‍വീസ് ഐഡി കാര്‍ഡ്്, ഫോട്ടോ പതിച്ച ബാങ്ക്/ പോസ്റ്റ് ഓഫീസ് പാസ് ബുക്ക്, തൊഴില്‍ മന്ത്രാലയം നല്‍കുന്ന ഹെല്‍ത്ത്് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, എന്‍പിആര്‍ – ആര്‍ജിഐ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്, പെന്‍ഷന്‍ രേഖ, എംപി/എംഎല്‍എ/ എംഎല്‍സിമാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍ കാര്‍ഡ് എന്നിവയാണ് തിരിച്ചറിയല്‍ രേഖകളായി ഉപയോഗിക്കാവുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by