ചേര്‍ത്തല: വയനാട് പുനരധിവാസത്തിനായി പിരിച്ച തുക മേല്‍ കമ്മിറ്റിക്ക് കൈമാറിയപ്പോള്‍ നാല് ലക്ഷം രൂപയുടെ കുറവ്. സിപിഎമ്മില്‍ പൊട്ടിത്തെറി.
ഡിവൈഎഫ്ഐ വയനാട് പുനരധിവാസത്തിനായി സമാഹരിച്ച തുക മേല്‍ കമ്മിറ്റിക്കു നല്‍കിയതില്‍ കുറവ് വരുത്തിയെന്ന പരാതിയില്‍ പാര്‍ട്ടിതല അന്വേഷണം. നാലു ലക്ഷത്തോളം രൂപ കുറഞ്ഞതിനെ ചൊല്ലിയാണ് കഞ്ഞിക്കുഴിയില്‍ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം ഏരിയാ കമ്മിറ്റിയംഗങ്ങളുടെയും ലോക്കല്‍ സെക്രട്ടറിമാരുടെയും യോഗത്തില്‍ ജില്ലാ നേതൃത്വം വിശദീകരണം തേടിയതാണ് വിവരം. ഇതിനിടെ യുവജന നേതാവിനെ ലോക്കല്‍ കമ്മിറ്റിയുടെ ചുമതലക്കാരനാക്കിയ നടപടിയും വിവാദത്തിലായി.
യുവജന സംഘടന കീഴ്ഘടകങ്ങളിലൂടെ വിവിധ ചലഞ്ചുകളിലായി സമാഹരിച്ച തുക അടയ്‌ക്കുന്നതിലാണ് വീഴ്ചയുണ്ടായത്. 25, 26 തിയതികളില്‍ ഏരിയ സമ്മേളനം നടക്കാനിരിക്കെ അടിയന്തരമായി വിഷയത്തില്‍ പരിഹാരമുണ്ടാക്കണമെന്ന് ജില്ലാ നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയതായണ് വിവരം. വിഷയം ഏരിയ സമ്മേളനത്തില്‍ കത്തിക്കയറാനാണ് സാധ്യത. വിഭാഗീയത നിലനില്‍ക്കുന്ന കമ്മിറ്റിയില്‍ അപ്രതീക്ഷിതമായി കിട്ടിയ വിഷയം ആയുധമാക്കാന്‍ ഒരു വിഭാഗം നീക്കം തുടങ്ങി. ഫണ്ട് തിരിച്ചടവ് വൈകിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെയും സംരക്ഷണം ഒരുക്കിയവര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് മേല്‍ കമ്മിറ്റിക്ക് പരാതി നല്‍കാന്‍ നീക്കം തുടങ്ങി. നേരത്തെ കായംകുളത്ത് ഡിവൈഎഫ്ഐക്കാര്‍ സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ വയനാട് പുനരധിവാസത്തിന് തുക കണ്ടെത്താനായി നടത്തിയ ബിരിയാണി ചലഞ്ചിലും തട്ടിപ്പ് നടത്തിയതായി ആക്ഷേപമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക