ന്യൂദല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഭാരത നായകന്‍ രോഹിത് ശര്‍മ്മ കളിക്കില്ല. പകരം ഉപനായകന്‍ ജസ്പ്രീത് ബുംറ ആയിരിക്കും ഭാരതത്തെ നയിക്കുക. പെര്‍ത്തില്‍ വെള്ളിയാഴ്‌ച്ച മുതലാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരം തുടങ്ങുക. രോഹിത്തിനെ കൂടാതെ ശുഭ്മാന്‍ ഗില്ലും പരിക്ക് കാരണം ആദ്യ മത്സരത്തിനുണ്ടാകില്ല.
രോഹിത് ശര്‍മ്മയ്‌ക്കും ഭാര്യ ഋതികയ്‌ക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ച് ദിവസങ്ങളേ ആയിട്ടുള്ളൂ. ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ ദിവസങ്ങള്‍ കുടുംബത്തോടൊപ്പം കഴിയണമെന്ന നായകന്റെ ആവശ്യം പരിഗണിച്ചാണ് ബിസിസിഐ തീരുമാനം. ഡിസംബര്‍ ആറിനാണ് അഞ്ച് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ്. അഡ്‌ലെയ്ഡില്‍ രാത്രിയും പകലുമായി നടക്കുന്ന പിങ്ക് ടെസ്റ്റോഡെ രോഹിത് ടീമിനൊപ്പം ഇറങ്ങുമെന്ന് ബിസിസിഐ ഇന്നലെ വൈകീട്ട് പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
രോഹിത്തിന്റെ അസാന്നിധ്യത്തില്‍ ദേവദത്ത് പടിക്കലിനെ ടീമിലുള്‍പ്പെടുത്തി. ഭാരതത്തിന്റെ എ ടീമിന് വേണ്ടി കളിക്കാന്‍ ഓസ്‌ട്രേലിയക്ക് പുറപ്പെട്ടിട്ടുള്ള ദേവദത്തിനോട് അവിടെ തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടു.
ശനിയാഴ്‌ച്ച തള്ളവിലരിന് പരിക്കേറ്റത് കാരണമാണ് ശുഭ്മാന്‍ ഗില്ലിനെ ആദ്യ മത്സരത്തില്‍ നിന്നും ഒഴിവാക്കിയത്. ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കെ.എല്‍. രാഹുലിനെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിച്ചേക്കാന്‍ സാധ്യതയുണ്ട്. ഗില്ല് കൂടി ഇല്ലാതാകുന്ന സാഹചര്യത്തില്‍ ഭാരതത്തിന്റെ എ ടീമില്‍ നിന്ന് മറ്റൊരു ബാറ്റര്‍ ധ്രുവ് ജുറെലിനെയും 18 അം ടീമിലെടുത്തിട്ടുണ്ട്. ഓസ്‌ട്രേലിയ എയ്‌ക്കെതിരായ പരമ്പരയില്‍ ഭാരതം തിരിച്ചടി നേരിട്ടപ്പോള്‍ ജുറലിന്റെ ചെറുത്തുനില്‍പ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടെസ്റ്റ് ബാറ്റിങ് ലൈനപ്പില്‍ വിശ്വസ്തനെന്ന് ഇതോടെ വിലയിരുത്തലുകളും ഉണ്ടായി.
ബ്രിസ്‌ബേന്‍(ഡിസം 14 മുതല്‍), മെല്‍ബണ്‍(26-ബോക്‌സിങ് ഡേ ടെസ്റ്റ്), സിഡ്‌നി(ജനുവരി മൂന്ന്) എന്നിവിടങ്ങളിലാണ് പരമ്പരയിലെ ബാക്കിയുള്ള ടെസ്റ്റുകള്‍. നാട്ടില്‍ ന്യൂസിലന്‍ഡിനോട് 0-3ന്റെ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങിയ സാഹചര്യത്തിലാണ് ഭാരതടീം ഓസ്‌ട്രേലിയയ്‌ക്ക് പുറപ്പെടുന്നത്. രോഹിത് അടക്കമുള്ള പരിചയ സമ്പന്നരുടെ ബാറ്റിങ്ങ് തകര്‍ച്ചയാണ് ന്യൂസിലന്‍ഡിനോട് തുടരെ മൂന്ന് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് കാതലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: