Editorial

മാവോയിസ്റ്റ് മുക്തഭാരതം

Published by

ത്തീസ്ഗഢിലെ ബസ്തര്‍ വനമേഖലയില്‍ മാവോയിസ്റ്റ് ഭീകരവാദികള്‍ക്ക് എതിരായ വിജയകരമായ സൈനിക പ്രവര്‍ത്തനങ്ങള്‍ ചരിത്രപരമായി മാറിയിരിക്കുന്നു. നക്സല്‍ പ്രഭാവ കാലത്ത് കലാപങ്ങളും അക്രമവും നിറഞ്ഞ ‘റെഡ് കോറിഡോര്‍’ എന്നറിയപ്പെടുന്ന മേഖലയുടെ ആസ്ഥാനമായിരുന്നു ബസ്തര്‍. ബസ്തര്‍ മാവോയിസ്റ്റ് പ്രഭാവത്തില്‍ നിന്ന് മുക്തമാകുന്നത് രാജ്യത്തെ അഭിമാനത്തിനും സുരക്ഷാ വിജയത്തിനും അടിത്തറയായിരിക്കുകയാണ്. സൈനിക നടപടികളുടെ ദ്രുതഗതിയിലുള്ള തുടര്‍ച്ചയും, ഭിന്നതകളും, കൂട്ടക്കീഴടങ്ങലുകളും നക്സലിസ്റ്റ് ഗ്രൂപ്പുകളില്‍ ഉണ്ടായ മാറ്റങ്ങളാണ്, ഇവിടെ സമാധാനാന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നത്. സൈന്യത്തിന്റെ അടുത്തകാലത്തെ പ്രധാന മുന്നേറ്റത്തില്‍, 38 ഭീകരരെ ഇല്ലാതാക്കി. വനപ്രദേശങ്ങളിലെ മാവോയിസ്റ്റുകളുടെ ആശയവിനിമയ സംവിധാനം തകര്‍ത്തു.

പശ്ചിമ ബംഗാളിലെ നാക്സല്‍ബാരി ഗ്രാമത്തില്‍ നിന്നാണ് 1960കളില്‍ നക്സലിസം ആരംഭിച്ചത്. ‘റെഡ് കോറിഡോര്‍’ എന്നറിയപ്പെടുന്ന ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ഒഡീഷ, മഹാരാഷ്‌ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ വന പ്രദേശങ്ങള്‍ നക്സലിസത്തിന്റെ പ്രധാന കേന്ദ്രങ്ങളായിരുന്നു. ദാരിദ്രം, ആദിവാസി സമൂഹം എന്നിവ നക്‌സലിസത്തിനുള്ള അനുയോജ്യ സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരുന്നു. മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ്-മാവോയിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന വിപ്ലവ പ്രസ്ഥാനമെന്ന് മാവോയിസ്റ്റുകള്‍ അറിയപ്പെട്ടു. ഗറില്ലാ യുദ്ധം എന്ന രീതിയില്‍ നിക്ഷിപ്തമായി ആക്രമണങ്ങള്‍ നടത്തുകയും വനപ്രദേശങ്ങളില്‍ ഒളിച്ചു പലയിടങ്ങളിലും ബോംബുകള്‍ ഉപയോഗിക്കുകയും ചെയ്തു.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം, മാവോയിസ്റ്റ് ആശയത്തിന്റെ ഉന്മൂലനത്തിന് മുന്‍ഗണന നല്‍കി. സൈനിക ശക്തി വര്‍ദ്ധിപ്പിച്ചു. നക്സല്‍ ഭീഷണിയുമായി പൊരുതാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ്, സുരക്ഷാ തന്ത്രങ്ങള്‍ നടപ്പിലാക്കിയത്. ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. ഡ്രോണുകള്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് മാവോയിസ്റ്റ് നീക്കങ്ങള്‍ തിരിച്ചറിഞ്ഞു. സൈനിക നടപടികള്‍ക്ക് പുറമെ സുതാര്യമായ നയവും വികസനത്തിനായി വലിയ ജനകീയ ശ്രമങ്ങളും വലിയ വികസന പദ്ധതികളും ആവശ്യമാണെന്ന തിരിച്ചറിവും ബിജെപി സര്‍ക്കാരിനുണ്ടായി. മാവോയിസ്റ്റ് ഭീകരര്‍ ഭീഷണിപ്പെടുത്തിയും അല്ലാതെയും സുരക്ഷിത കവചമായി ഉപയോഗിച്ചിരുന്ന വനവാസി സമൂഹത്തെ മുഖ്യധാരയിലേക്കെത്തിക്കുന്ന വികസന സംരംഭങ്ങള്‍ മാറ്റത്തിന്റെ കാറ്റ് വീശാന്‍ കാരണമായി. അസംതൃപ്തികള്‍ പരിഹരിക്കാനും സാമൂഹിക-സാമ്പത്തിക പരാതികള്‍ ഇല്ലാതാക്കി അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയില്‍ കൂടുതല്‍ സൗകര്യമൊരുക്കിയ നടപടികള്‍ ഫലം കണ്ടു. സാമൂഹിക സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ പ്രയോജനപ്പെടുത്തപ്പെട്ടു. രാജ്യത്തിന്റെ ഭാവിയെ സംരക്ഷിക്കുന്നതിന് അനിവാര്യമായ ഒന്നാണ് നക്സലേറ്റുകളെ തുടച്ചു നീക്കുക എന്നത്. അതില്‍ കേന്ദ്ര സര്‍ക്കാര്‍ വിജയം കാണുന്നു എന്നത് അഭിമാനകരമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by