Kerala

ഭക്തിയോടെ എന്ത് ചോദിച്ചാലും ഭ​ഗവാൻ തരും; അയ്യപ്പനെ പൂജിക്കാനുള്ള മോഹം നിറവേറിയെന്ന് ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരി……

Published by

ശബരിമല: അയ്യനെ സേവിക്കാൻ കിട്ടിയ ഒരു വർഷം സൗഭാഗ്യമായി കരുതുന്നുവെന്ന് ശബരിമല മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി. “ഭ​ഗവാന്റെ കാരുണ്യവും കടാക്ഷവുമാണ് ഇവിടേക്ക് എത്തിച്ചത്. അയ്യപ്പക്ഷേത്രത്തിലാണ് പൂജ തുടങ്ങിയത്. അന്നു മുതൽ അയ്യപ്പനോട് സ്നേഹവും ഭക്തിയുമൊക്കെ ഉണ്ടായിരുന്നു. അന്ന് മുതൽ‌ അയ്യപ്പനെ പൂജിക്കണം, ശബരിമലയിൽ പൂജ ചെയ്യണമെന്നൊക്കെ അതിയായ മോഹമുണ്ടായിരുന്നു. അതൊക്കെ ഇന്ന് നിറവേറി.” – അദ്ദേഹം പറയുന്നു.

ഭക്തിയോടെ എന്ത് പറഞ്ഞാലും ഭ​ഗവാൻ നിറവേറ്റി തരുമെന്നതിന് ‌തെളിവാണ് തനിക്ക് കിട്ടിയ സൗഭാ​ഗ്യം. കുട്ടിക്കാലം മുതൽക്കേ അയ്യപ്പനെ പൂജിക്കണമെന്ന ആഗ്രഹം സഫലമായി. ​ഗുരുനാഥന്മാരുടെയും അച്ഛനമ്മമാരുടെയും പരമ്പര​കളുടെയും അനു​ഗ്രഹമാണ് ഇത്. എത്ര പ്രാർത്ഥിക്കുന്നുവോ അത്രയും ശക്തി വർദ്ധിക്കും. പ്രാർത്ഥനയും കടാക്ഷവും ഒന്നിച്ചെത്തിയെന്നും അദ്ദേഹം പറഞ്ഞു.

“ആദ്യത്തെ ​ഗുരുവും ദൈവവുമൊക്കെ അമ്മയാണ്. പ്രകൃതി തന്നെ ഭ​ഗവതിയാണ്. അമ്മയുടെ സവിധത്തിലാണ് നമ്മുടെ തുടക്കം. എന്റെ ​ഗുരുനാഥൻ ശബരിമല മേൽശാന്തിയാകാൻ അപേക്ഷ സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. പക്ഷേ അന്ന് ധൈര്യക്കുറവുണ്ടായിരുന്നു. എന്നാൽ ആറ്റുകാൽ ക്ഷേത്രത്തിൽ പോയി അവിടെ പൂജാദികർമങ്ങളൊക്കെ ചെയ്ത് തുടങ്ങിയതോടെ ധൈര്യം ലഭിച്ചു. ഭ​ഗവതി കൂടെയുണ്ടെന്ന ആത്മവിശ്വാസമുണ്ട്. മറ്റ് ഭ​ഗവാന്മാരൊക്കെ കൂടെയുണ്ടെങ്കിൽ അമ്മ കുഞ്ഞിന് നൽ‌കുന്ന കരുതലിന് സമാനമാണ് ഭ​ഗവതി എനിക്ക് നൽകുന്ന കരുതല്‍.” ശബരിമല മേല്‍ശാന്തി പറയുന്നു.

ഒരൊറ്റ ഉപദേശമാണ് ശബരിമല മേല്‍ശാന്തി ഭക്തര്‍ക്ക് നല്‍കുന്നത്. “41 ദിവസത്തെ വ്രതമെടുത്ത് ശബരിമലയിലെത്തുന്ന ഭക്തർ പ്ലാസ്റ്റിക്കിന്റെ ഉപയോ​ഗം കുറയ്‌ക്കണം, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കണം.”.

ഭക്തിക്ക് വളരെ പ്രാധാന്യമുണ്ട്.. കലികാലത്തെ നാമജപത്തിന്റെ ശക്തിയേറെയാണ്.. അത് അപാരമായ കരുത്ത് നല്‍കും.- ശബരിമല മേല്‍ശാന്തി വിശദീകരിക്കുന്നു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക