Varadyam

ഭാരത പുനര്‍വായനയുടെ ദാര്‍ശനിക സൗന്ദര്യം

Published by

ഹാഭാരതം ഒരു ഋഷിയുടെ സങ്കല്‍പ കഥ മാത്രമല്ലെന്നത് പുരാവസ്തു ഗവേഷകര്‍ തുടര്‍ച്ചയായി തെളിയിച്ചു കൊണ്ടിരിക്കുന്നു. ഇതൊരു ചരിത്ര കഥയാണെന്നത് ഇപ്പോള്‍ പരക്കെ അംഗീകരിച്ചിട്ടുള്ള വസ്തുതയാണ്. എന്നാല്‍ ഋഷിയുടെ ദാര്‍ശനിക ദൃഷ്ടിയിലൂടെ അവതരിപ്പിക്കപ്പെട്ട ഈ മഹാകാവ്യത്തില്‍ വര്‍ത്തമാനകാലത്തെ മനുഷ്യരില്‍ അത്ഭുതവും അവിശ്വസനീയതയും ഉളവാക്കുന്ന അനേകം കാര്യങ്ങളുണ്ട്. അതിനാല്‍ ഇന്നത്തെ പല വിമര്‍ശകരും മഹത്തായ ഇതിഹാസങ്ങളെ കെട്ടുകഥകളായിക്കണ്ട് അവയെ അപനിര്‍മാണത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നു.

ഭാരതത്തില്‍ 1970-കളില്‍ ഇരാവതി കാര്‍വെ തുടക്കമിട്ട് പില്‍ക്കാലത്ത് എം.ടി.വാസുദേവന്‍ നായര്‍ മുതലായ പ്രമുഖ എഴുത്തുകാരും തുടര്‍ന്ന് നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് അടിമകളായിട്ടുള്ള മറ്റു ചില വ്യാഖ്യാതാക്കളും ചേര്‍ന്ന് ഭാരതത്തിലെ വിശിഷ്ട കൃതികളുടെ അന്തഃസത്തയാകുന്ന ആത്മീയതയെയും ധാര്‍മികതയെയും ചോര്‍ത്തിക്കളഞ്ഞ് വികൃതമാക്കാനുള്ള വിഫല ശ്രമം നടത്തുകയുണ്ടായി. ഇവരുടെ കണ്ണില്‍ ധര്‍മപുത്രരും അനുജന്മാരും ജാരസന്തതികളായി മാറുന്നു. എന്നാല്‍ അതിപുരാതന കാലം തുടങ്ങി ധാര്‍മികതയുടെ വളക്കൂറുള്ള ഭാരതത്തിന്റെ പുണ്യഭൂമി വിളയിച്ചെടുത്ത സംസ്‌കാരം ആത്മീയതയുടെ അത്ഭുത ലോകത്തെ സാക്ഷാത്കരിക്കുകയും, അത് ലോകമംഗളത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ആ സംസ്‌കാരം പിന്തുടര്‍ന്ന ചില ശ്രേഷ്ഠ ജന്മങ്ങളുടെ ജീവിത കഥയാണ് വ്യാസന്‍ മഹാഭാരതത്തിലൂടെ അവതരിപ്പിച്ചത്. ഭൗതിക ശാസ്ത്രത്തിനു മുന്നില്‍ ശാസ്ത്രജ്ഞരുടെ കൈപ്പിടിയില്‍ ഒതുങ്ങാന്‍ തയ്യാറാവാത്ത സൂക്ഷ്മലോകം തുറക്കപ്പെട്ടപ്പോള്‍ അവര്‍ അന്ധാളിച്ചുപോയി. പക്ഷേ അതൊന്നും കെട്ടുകഥയായി ഇതിഹാസങ്ങളുടെ അപനിര്‍മാതാക്കള്‍ ആരും തന്നെ കരുതുന്നില്ല. ശാസ്ത്രജ്ഞര്‍ കാട്ടിത്തരുന്ന ലോകമാണോ നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ലോകമാണോ, ഏതാണ് യാഥാര്‍ത്ഥ്യം എന്നതും ഇക്കൂട്ടര്‍ക്ക് വിഷയമാകുന്നില്ല. എന്നാല്‍ യോഗബലത്താല്‍ അന്തഃകരണത്തിന്റെ അസാധാരണ തലങ്ങളെ ഉപകരണമാക്കി ദൃശ്യപ്രപഞ്ചത്തിന്റെ അതിരുകള്‍ താണ്ടിയ സത്യദര്‍ശികളുടെ ജ്ഞാനവും സംസ്‌കാരവും ഉള്‍ക്കൊണ്ട് ജീവിച്ചതിനാല്‍, ലോക നന്മയ്‌ക്കായി സൂക്ഷ്മ തലത്തിലെ അത്ഭുതശക്തികളെ ഉണര്‍ത്താനും വിനിയോഗിക്കാനും സാധിച്ച ദേവാംശജരുടെ ജീവിതമാണ് ഇതിഹാസത്തിലെ പ്രമേയം. വര്‍ത്തമാന കാലത്തും ഭാരതത്തില്‍ അത്ഭുതങ്ങള്‍ കാഴ്ചവയ്‌ക്കുന്ന യോഗികളുണ്ടല്ലോ. ഈ യാഥാര്‍ത്ഥ്യത്തെ അവഗണിച്ചുകൊണ്ട് മഹാഭാരതത്തിന്റെ പുനര്‍വായന നടത്തുകയെന്നത് അജ്ഞാനത്തിന്റെ വേലിക്കെട്ടു ചമയ്‌ക്കുന്ന ദുഷ്‌കൃതം മാത്രമാണ്.

മഹാഭാരതത്തിന്റെ അര്‍ത്ഥതലങ്ങള്‍

മഹാഭാരതത്തിന് അനേകം അര്‍ത്ഥതലങ്ങളുണ്ട്. വ്യത്യസ്ത വാഖ്യാനങ്ങളും സ്വാഭാവികമാണ്. എന്നാല്‍ ഇതിഹാസത്തിലെ ഉല്‍കൃഷ്ട മൂല്യങ്ങളെ തരംതാഴ്‌ത്തിക്കൊണ്ടുള്ള വായന ദുര്‍വ്യാഖ്യാനമായി പരിണമിക്കുന്നു. ഇതിഹാസത്തിലെ ദാര്‍ശനിക തലങ്ങള്‍ അപഗ്രഥിക്കാന്‍ വ്യാഖ്യാതക്കള്‍ സ്വയം ഉയരേണ്ടതുണ്ട്. ഒരു പരമ്പരയിലെ പ്രധാന ആചാര്യന്മാരുടെ മുഴുവന്‍ ദര്‍ശനങ്ങള്‍ ഗ്രഹിക്കുകയും വ്യസിക്കുകയും ചെയ്ത് തത്ത്വചിന്തകരുടെ ഇടയില്‍ എക്കാലത്തും ഉന്നതശീര്‍ഷനായി നിലകൊള്ളുന്ന വ്യാസന്റെ കാവ്യ ശില്പം ഉള്‍ക്കൊള്ളണമെങ്കില്‍ വൈദിക ദര്‍ശനത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ അറിഞ്ഞിരിക്കണം. വൈദിക ജ്ഞാനം സ്വായത്തമാക്കാത്തവര്‍ എഴുത്തില്‍ എത്രതന്നെ നിപുണരായാലും ഇതിഹാസങ്ങളെ വ്യാഖ്യാനിക്കാന്‍ പോന്നവരല്ല. വൈദിക സംസ്‌കാരം വേണ്ടത്ര വിലമതിക്കാന്‍ സാധിക്കാതെ മഹാഭാരത പുനര്‍വായന നടത്തിയ കുട്ടിക്കൃഷ്ണമാരാര്‍ പില്‍ക്കാലത്ത് അതിന്റെ മഹത്വം തിരിച്ചറിയാനിടയായപ്പോള്‍ പശ്ചാത്താപം പ്രകടിപ്പിച്ചത് അതിലൂടെ നേടിയ മഹാമനസ്‌കതയും ആര്‍ജവവും വെളിവാക്കുന്നതാണ്.

ഇപ്രകാരം ഇരുളടഞ്ഞ വ്യാഖ്യാന രീതിയുളവാക്കുന്ന അജ്ഞാന തിമിരമകറ്റാന്‍ പോന്ന ഉത്കൃഷ്ട കൃതിയാണ് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ മഹാഭാരത പുനര്‍വായന.
‘മഹാഭാരത പര്യടനം’ എന്ന പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ച ഈ കൃതി ഉത്തമ നിലവാരം പുലര്‍ത്തുന്ന ദാര്‍ശനിക വായനയാണ്. ഇതിഹാസങ്ങള്‍ക്ക് ദുര്‍വ്യാഖ്യാനം ചമച്ചുകൊണ്ടിരിക്കുന്ന പുത്തന്‍ പുനര്‍വായനക്കാര്‍ക്ക് വെല്ലുവിളിയായി കുരുക്ഷേത്ര രണഭൂമിയില്‍ അര്‍ജ്ജുനന്‍ പാറിച്ച വിജയക്കൊടിപോലെ പുനര്‍വായനയ്‌ക്ക് മാതൃകയായി ഈ ഗ്രന്ഥം എക്കാലത്തും വിരാജിക്കും.

അര്‍ജ്ജുനന് തന്റെ തേരാളി ഓതിക്കൊടുത്ത അതേ ദര്‍ശനം തന്നെയാണ് ഈ പുനര്‍വായനക്കാരനെയും നയിക്കുന്നത്.

മഹാഭാരതത്തിന്റെ മര്‍മം ഭഗവദ്ഗീത

ചില അപനിര്‍മാതാക്കള്‍ ഗീതയെ മനഃപൂര്‍വ്വം മഹാഭാരതത്തില്‍ നിന്ന് അടര്‍ത്തിമാറ്റുന്നു. ഗീത പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ത്തതാണത്രേ! ഭാരതകഥയെ കരുതിക്കൂട്ടി അപഹസിക്കുന്നതിനുവേണ്ടി കുരുക്ഷേത്രയുദ്ധത്തെ ബന്ധുക്കളുടെ സ്വത്തുതര്‍ക്കത്തിന്റെ ഫലമായി പരിഗണിക്കുമ്പോള്‍ ഗീത ഒരു പ്രതിബന്ധമായി ഇക്കൂട്ടര്‍ കാണുന്നു. കാരണം ഗീതോപദേശത്തിലാണ് കൃഷ്ണന്റെ യഥാര്‍ത്ഥ സ്വരൂപവും, കൃഷ്ണന്‍ നയിച്ച കുരുക്ഷേത്രയുദ്ധത്തിനു പിന്നിലെ ധര്‍മരഹസ്യവും വെളിപ്പെടുന്നത്.

മഹാഭാരതത്തിന്റെ കാതല്‍ ഗീതയാണെന്ന കാര്യം അസന്ദിഗ്ധമായി സമര്‍ത്ഥിക്കുന്നതാണ് പ്രൊഫ. വിശ്വംഭരന്റെ പുനര്‍വായന. എപ്രകാരമാണോ വ്യക്തിഗത ബന്ധങ്ങളുടെ ബന്ധനത്തില്‍പ്പെട്ട് ദുര്‍ബ്ബലനായ അവസരത്തില്‍ കൃഷ്ണന്റെ ഉപദേശം അര്‍ജുനനെ നേര്‍വഴിക്ക് നയിച്ച് കാമ്യകര്‍മമായേക്കാവുന്ന യുദ്ധത്തിന്റെ ദിശമാറ്റി നിഷ്‌കാമ കര്‍മ യോഗമാക്കിയത്, യുദ്ധത്തിന് ധര്‍മത്തിന്റെ വെളിച്ചം പകര്‍ന്നത്, അപ്രകാരം തന്നെ ഭാരത കഥയുടെ ദിശയും നിസ്സംഗ സേവനത്തിന്റേതാണെന്നറിയണം. പഞ്ചപാണ്ഡവര്‍ ഉത്തമപുരുഷാര്‍ത്ഥങ്ങളാകുന്ന ധര്‍മത്തിന്റെയും മോക്ഷത്തിന്റെയും പാത സ്വീകരിച്ചവരായിരുന്നു. എന്നാല്‍ കൗരവരാവട്ടെ ധര്‍മച്യുതിയാല്‍ മലിനീകൃതമായ മനസ്സോടെ അര്‍ത്ഥകാമങ്ങളെ പുല്‍കുന്നവരും ഘോരാപരാധികളുമായിരുന്നു. അതിനാല്‍ത്തന്നെ കുരുക്ഷേത്രയുദ്ധം ധര്‍മാധര്‍മങ്ങളുടെ ഏറ്റുമുട്ടലായി മാറി. ഇതില്‍ പാണ്ഡവര്‍ ധര്‍മയുദ്ധമാണ് ചെയ്യുന്നതെങ്കിലും ഗീതോപദേശത്താല്‍ അവരുടെ വ്യക്തിഗത ധര്‍മബോധത്തെ സൃഷ്ടിയുടെ സംശുദ്ധിക്കായി വിപുലപ്പെടുത്തേണ്ടി വരുന്നു. ഈ സന്ദര്‍ഭത്തില്‍ ധര്‍മത്തെക്കുറിച്ചുള്ള അവരുടെ ഇടുങ്ങിയ കാഴ്ചപ്പാട് തിരുത്തേണ്ടിവരുന്നു. ധര്‍മപുത്രര്‍ക്ക് തന്റെ അഹിംസാവ്രതവും ഒരവസരത്തില്‍ സത്യവ്രതം പോലും കുരുക്ഷേത്ര മഹായജ്ഞത്തില്‍ അര്‍പ്പിക്കേണ്ടിവരുന്നു. അര്‍ജ്ജുനന് സ്വജനത്തോടുള്ള കരുതലും സ്നേഹാദരങ്ങളും ഹോമിക്കേണ്ടിയും വരുന്നു. ഇത് ഒഴിവാക്കാന്‍ അകര്‍മ്മത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കാന്‍ ഒരുങ്ങവെയാണ് ക്ഷത്രിയന്റെ മോക്ഷമാര്‍ഗ്ഗം എന്താണെന്ന് കൃഷ്ണന്‍ വിശദമാക്കുന്നത്. അവരവരുടെ ഗുണത്തിനും സാമൂഹിക പദവിക്കുമനുസരിച്ച് സ്വധര്‍മമനുഷ്ഠിക്കുക വഴി കര്‍മ്മത്തെ കര്‍മ്മയജ്ഞമാക്കി മാറ്റാന്‍ ഭഗവാന്‍ ഉപദേശിക്കുന്നു.

ഈ പ്രതിസന്ധിക്ക് മുന്‍പ് പാണ്ഡവര്‍ നയിച്ചിരുന്ന ജീവിതത്തിലും ഗീതയിലെ സ്വകീയ രാഗത്യാഗം പ്രതിബിംബിച്ചിരുന്നതായി കാണാം. ചെറുപ്രായത്തില്‍ പിതാവ് നഷ്ടപ്പെട്ട അവര്‍, ദുര്‍ബുദ്ധിക്ക് അടിമകളായിരുന്ന കൗരവരുടെ ഈര്‍ഷ്യയും ദ്രോഹവും സഹിച്ചു വളര്‍ന്നവരായിരുന്നു. തങ്ങള്‍ക്ക് അവകാശപ്പെട്ട ഹസ്തിനപുരം കൊട്ടാരം അവര്‍ക്ക് ത്യജിക്കേണ്ടി വന്നു. പിന്നീട് വരപ്രസാദമായി ലഭിച്ച ഇന്ദ്രപ്രസ്ഥം പോലും അവര്‍ക്ക് അന്യമായിത്തീര്‍ന്നു. എല്ലാം കൈവിട്ടുപോകുമ്പോഴും ധര്‍മത്തിന്റെ പാതവിടാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു. ഗൃഹസ്ഥരായിരിക്കവെ തന്നെ വാനപ്രസ്ഥം സ്വീകരിക്കാന്‍ സന്നദ്ധത കാട്ടിയ അവരുടെ മനസ്സ് ത്യാഗഭാവത്തിന്റെ വിളനിലമായിരുന്നുവെന്നു കാണാം.

ധര്‍മപുത്രര്‍ എന്ന നായകന്‍

മഹാഭാരതത്തില്‍ നായകസ്ഥാനത്തിന് തികച്ചും അര്‍ഹനായിട്ടുള്ളത് സാത്വികനും അഹിംസാവാദിയും സത്യോപാസകനുമായിട്ടുള്ള ധര്‍മപുത്രര്‍ ആണെന്നാണ് പ്രൊഫ.വിശ്വംഭരന്‍ ചൂണ്ടിക്കാട്ടുന്നത്. ഗീതയിലെ നിഷ്‌കാമ കര്‍മയോഗി ധര്‍മ പുത്രരാണെന്നാണ് രചയിതാവിന്റ യുക്ത്യധിഷ്ഠിത ദര്‍ശനം. അഹിംസ ജീവിതവ്രതമാക്കിയ ധര്‍മപുത്രര്‍ക്ക് ലോകമംഗളത്തിനായി യുദ്ധം ചെയ്യേണ്ടിവന്നതു തന്നെ സ്വന്തം ധാര്‍മിക ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷയായിരുന്നു. സത്യവ്രതനായിരുന്ന ധര്‍മപുത്രര്‍ക്ക് സാമൂഹികക്ഷേമത്തിനായി ശ്രീകൃഷ്ണന്റെ ഉപദേശപ്രകാരം യുദ്ധരംഗത്ത് കളവു പറയേണ്ടി വന്നതും മറ്റൊരു നിര്‍ണായക സന്ദര്‍ഭമായിരുന്നു. അഹിംസയും സത്യവും ശീലമാക്കി ജീവിച്ച ധര്‍മപുത്രര്‍ക്ക് ഒടുവില്‍ അവയെപ്പോലും ത്യജിക്കേണ്ടി വന്നതിന്റെ രഹസ്യമെന്താണ്? സ്വജീവിതം മോക്ഷമാര്‍ഗ്ഗത്തിലേക്കുള്ള പാതയായതു കൊണ്ടുതന്നെ. മോക്ഷം പരമ ലക്ഷ്യമായി സ്വീകരിക്കുന്ന മനുഷ്യന് അനുഷ്ഠിക്കേണ്ടി വരുന്ന സാധനയില്‍ ആത്മസംയമനമാണ് പ്രധാനമെങ്കിലും മോക്ഷപ്രാപ്തിക്കായുള്ള തീവ്ര ഇച്ഛ അഥവാ മുമുക്ഷുത്വം ഉണ്ടായിരിക്കണമല്ലോ. ഈ ഇച്ഛയാണ് സുഖഭോഗങ്ങളെ ത്യജിക്കാന്‍ അയാള്‍ക്ക് പ്രേരക ശക്തി. രാഗത്തില്‍ നിന്ന് ത്യാഗത്തിലേക്കും ദ്വേഷത്തില്‍ നിന്ന് യോഗത്തിലേക്കും സഞ്ചരിക്കുന്ന സാധകന് മോക്ഷേച്ഛയാണ് ഊന്നുവടി. എന്നാല്‍ ഒരുമുള്ളുകൊണ്ട് മറ്റൊരു മുള്ളിനെ എടുത്തു മാറ്റിയ ശേഷം ആ മുള്ളും ഉപേക്ഷിക്കുന്നതു പോലെ ഒടുവില്‍ മോക്ഷേച്ഛയും ഉപേക്ഷിക്കേണ്ടതുണ്ട്. കാരണം അതും മനോവൃത്തിയാണ്. മനസ്സിന്റെ സകലമാന വൃത്തികളും അടങ്ങുമ്പോള്‍ മാത്രമാണ് ആത്മസാക്ഷാത്കാരം സ്വാഭാവികമായി സംഭവിക്കുന്നത്. ഇപ്രകാരം അഹിംസ, സത്യം എന്നീ മൂല്യങ്ങളെ മുറുകെപ്പിടിച്ച് ജീവിതയജ്ഞം നയിച്ച ധര്‍മപുത്രര്‍ക്ക് ഒടുവില്‍ അനുഷ്ഠിക്കേണ്ടിയിരുന്ന പൂര്‍ണ്ണാഹൂതിയാവട്ടെ ആ മൂല്യങ്ങളെത്തന്നെയും ലോകോദ്ധാരണത്തിനായി അര്‍പ്പിക്കുന്നതായിരുന്നു.

ലവലേശം ചിന്താധീനനാകാതെയാണ് അദ്ദേഹം തന്റേതായിട്ടുള്ളതെല്ലാം ശകുനിയുടെ കള്ളച്ചൂതുകളിയില്‍ പണയംവച്ചു ത്യജിക്കുന്നത്. അത് ഒരു വിഡ്ഢിത്തമായിരുന്നുവെന്ന പല പുനര്‍വായനക്കാരുടെയും അഭിപ്രായം അപ്പാടെ തള്ളിക്കളയാനാവില്ല. എന്നാല്‍ പ്രൊഫ. വിശ്വംഭരന്‍ ഇവിടെ മറ്റ് വ്യാഖ്യാതാക്കള്‍ കാണാന്‍ വിട്ടുപോയ യുധിഷ്ഠിരന്റെ മഹാത്യാഗത്തിന്റെ വശം കൂടി ദര്‍ശിക്കുന്നു.

ഭീഷ്മത്യാഗത്തിന്റെ പരിമിതികള്‍

ത്യാഗത്തില്‍ പ്രഥമ സ്ഥാനം ഭീഷ്മര്‍ക്കല്ലേ എന്ന സംശയമുദിക്കുക സ്വാഭാവികം. എന്നാല്‍ ഭീഷ്മ ശപഥം മഹത്തായ ത്യാഗത്തിന്റെ ഉദ്ഘോഷമായിരുന്നെങ്കിലും അതിന്റെ ദിശാബോധത്തില്‍ പിഴവു സംഭവിച്ചത് പ്രൊഫ.വിശ്വംഭരന്‍ എടുത്തുകാട്ടുന്നത് ശ്രദ്ധേയമാണ്. ഭീഷ്മശപഥത്തിനു പിന്നിലെ ത്യാഗമനസ്‌കതയെ എല്ലാവരും വാഴ്‌ത്താറുണ്ട്. അതിന്റെ തീക്ഷ്ണവെളിച്ചം കാരണം യുധിഷ്ഠിരന്റെ നിസ്സംഗത്വം മങ്ങിപ്പോകുന്ന കാര്യം ഈ പുനര്‍വായന ശ്രദ്ധയില്‍ കൊണ്ടുവരുന്നു. ഇതിലുപരി ഗീതോപദേശത്തിന്റെ പശ്ചാത്തലത്തില്‍ വീക്ഷിക്കുമ്പോള്‍ ഭീഷ്മരുടെ പ്രവൃത്തിയില്‍ ധര്‍മത്തെ സംബന്ധിച്ചുള്ള സങ്കുചിത കാഴ്ചപ്പാടിന്റെ നിഴല്‍ പതിഞ്ഞിരുന്നതായികാണാം. യുവരാജാവായിരുന്ന ദേവവ്രതന്‍ രാജ്യവും സ്വകാര്യജീവിതവും ത്യജിച്ചത് പിതാവിന്റെ സന്തോഷത്തിനു വേണ്ടിയായിരുന്നു, രാജ്യത്തിന്റെ ക്ഷേമത്തിനു വേണ്ടിയായിരുന്നില്ല. ഇവിടെ ത്യജിക്കപ്പെട്ടത് ക്ഷത്രിയന്റെ സ്വധര്‍മമായിരുന്നു. എന്നാല്‍ യുധിഷ്ഠിരന്‍ രാജ്യത്തെയും ബന്ധുജനത്തെയും ത്യജിച്ചത് വിഡ്ഢിത്തമായാണ് ഇതിഹാസത്തിന്റെ അപനിര്‍മാതാക്കള്‍ ചിത്രീകരിക്കുന്നത്! വാസ്തവത്തില്‍ രണ്ടുപേരുടെയും പ്രവൃത്തിയില്‍ ധര്‍മബോധത്തിന്റെ അപക്വത പ്രകടമാകുന്നുണ്ട്. ശകുനിയുടെ കാപട്യം നന്നായറിയാമായിരുന്ന ബുദ്ധിമാനായ ധര്‍മപുത്രര്‍ക്ക് അയാളുമായുള്ള ചൂതുകളി ഒഴിവാക്കാമായിരുന്നു. അതല്ല, ക്ഷത്രിയനെ സംബന്ധിച്ച് അത് താന്‍ ഏറ്റെടുക്കേണ്ടതായിട്ടുള്ള ഒരു വെല്ലുവിളിയായി തോന്നിയെങ്കില്‍തന്നെ രാജ്യത്തെയും ബന്ധുജനത്തെയും പണയം വയ്‌ക്കുന്ന അവസരത്തില്‍ പ്രജാക്ഷേമം മറന്നു. തന്റെ സോദരന്മാരും പത്നിയും പണയവസ്തുക്കളല്ലെന്നും വ്യക്തികളാണെന്നും മറന്നു. എങ്കില്‍പ്പോലും ഭീഷ്മരുടെ മഹാത്യാഗത്തിനു സമമായിരുന്ന ധര്‍മപുത്രരുടെ ഉജ്ജ്വല ത്യാഗത്തെ നാം വിസ്മരിക്കരുതെന്നാണ് പ്രൊഫ.വിശ്വംഭരന്റെ അഭിപ്രായം. മാത്രമല്ല, തന്റെ ത്യാഗത്തിന്റെ മഹത്വം കെടുത്തുന്ന പ്രവൃത്തികളാണ് ഭീഷ്മര്‍ക്ക് പില്‍ക്കാലത്ത് ചെയ്യേണ്ടിവന്നത്, കൗരവരുടെ ദുഷ്‌കൃത്യങ്ങള്‍ക്ക് കാവലാളായി നിലകൊള്ളേണ്ടിവന്നതിനു പുറമെ, കുരുക്ഷേത്രയുദ്ധത്തില്‍ ഭീഷ്മര്‍ക്ക് അധര്‍മ്മപക്ഷം പിടിക്കേണ്ടതായും പരാജയമേറ്റുവാങ്ങേണ്ടതായും വന്നു. മറിച്ച്, യുധിഷ്ഠിരനാവട്ടെ ചൂതുകളിയില്‍ തനിക്ക് അമളി പറ്റിയതോര്‍ത്ത് പശ്ചാത്താപവിവശനായി വനവാസക്കാലം മുഴുവന്‍ വ്രതാനുഷ്ഠാനനിരതനായി നിലകൊണ്ടു. മാത്രമല്ല, അഹിംസാവ്രതനായിരുന്നെങ്കിലും ശ്രീകൃഷ്ണനെ ആശ്രയിച്ച് ധര്‍മയുദ്ധത്തിലേര്‍പ്പെടുകയും വിജയം വരിക്കുകയും ചെയ്തു.

സത്യത്തിലും ധര്‍മ്മത്തിലുമുള്ള യുധിഷ്ഠിരന്റെ നിഷ്ഠ എത്രത്തോളം മഹത്തരമായിരുന്നുവെന്നത് അനേകം സന്ദര്‍ഭങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വനവാസത്തിലേര്‍പ്പെട്ടിരുന്ന പാണ്ഡവര്‍ ദൈ്വത വനത്തില്‍ വസിക്കവെ ഒരിക്കല്‍ അധര്‍മികളായ കൗരവര്‍ക്കു നേരെ ക്രോധവും ശൗര്യവും തോന്നാതെ ശാന്തനായി നിലകൊണ്ട യുധിഷ്ഠിരന്റെ മനമിളക്കാന്‍ ദ്രൗപതി പറയുന്നത്, യുധിഷ്ഠിരന്‍ ക്ഷത്രിയന്മാര്‍ക്ക് അപവാദമായിത്തീരുമെന്നാണ്. ഈ സമയത്ത് ഭീമനും പാഞ്ചാലിയോടൊപ്പം ചേര്‍ന്ന് പറയുന്നത്, ക്രൂരനും നെറികെട്ടവനുമായ ദുര്‍വിധിയെ പൗരുഷം കൊണ്ടു വെല്ലണമെന്നാണ്. പക്ഷേ യുധിഷ്ഠിരന്‍ ഇവരോട് പ്രതികരിച്ചത് ഇപ്രകാരമാണ്:

”എന്റെ പ്രതിജ്ഞ സത്യമാണെന്നു ബോധ്യപ്പെട്ടാലും. സത്യവും ധര്‍മവും എനിക്ക് സ്വര്‍ഗത്തെക്കാളും ജീവിതത്തെക്കാളും ശ്രേഷ്ഠമാണ്. രാജ്യം, പുത്രന്മാര്‍, കീര്‍ത്തി, ധനം മുതലായവയൊന്നും സത്യത്തിന്റെ ഒരംശത്തോളം പോലും വിലപ്പെട്ടതല്ല”.

(തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഫിലോസഫി വിഭാഗം മുന്‍ അധ്യക്ഷയും ഗ്രന്ഥകാരിയും തപസ്യ കലാസാഹിത്യവേദി സംസ്ഥാന ഉപാധ്യക്ഷയുമാണ് ലേഖിക)

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക